Connect with us

National

അഞ്ചാം ഘട്ട ഇളവ്; ഒക്ടോബര്‍ 15 മുതല്‍ സ്‌കൂളുകള്‍ക്കും തിയേറ്ററുകള്‍ക്കും തുറക്കാം

Published

|

Last Updated

ന്യൂഡല്‍ഹി | കൊവിഡ് ലോക്ക് ഡൗണ്‍ അഞ്ചാം ഘട്ട ഇളവിന്റെ ഭാഗമായി ഒക്ടോബര്‍ 15 മുതല്‍ സ്‌കൂളുകള്‍ തുറന്നു പ്രവര്‍ത്തിപ്പിക്കാവുന്നതാണെന്ന് കേന്ദ്ര സര്‍ക്കാര്‍. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാറുകള്‍ക്ക് തീരുമാനമെടുക്കാം. വിദ്യാര്‍ഥികളെ പ്രവേശിപ്പിക്കാന്‍ രക്ഷിതാക്കളുടെ സമ്മതപത്രം വാങ്ങിയിരിക്കണം. സ്‌കൂളുകളില്‍ ഹാജരാകാന്‍ വിദ്യാര്‍ഥികളെ നിര്‍ബന്ധിക്കരുത്. ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിന് അനുമതി നല്‍കണം. വിദ്യാഭ്യാസ വകുപ്പ് നിര്‍ദ്ദേശിക്കുന്ന നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിച്ചായിരിക്കണം ക്ലാസുകള്‍ പ്രവര്‍ത്തിക്കാനെന്നും കേന്ദ്ര സര്‍ക്കാറിന്റെ ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.

സയന്‍സ് വിഷയങ്ങളില്‍ പി ജി, പി എച്ച് ഡി ചെയ്യുന്ന വിദ്യാര്‍ഥികള്‍ക്ക് ലാബ് സൗകര്യം ഉപയോഗപ്പെടുത്തുന്നതിന് ഒക്ടോബര്‍ 15 മുതല്‍ അവസരം നല്‍കണം. കേന്ദ്ര സര്‍വകലാശാലകളില്‍ വകുപ്പ് മേധാവികള്‍ക്ക് ഇക്കാര്യത്തില്‍ തീരുമാനമെടുക്കാം. സംസ്ഥാന യൂനിവേഴ്‌സിറ്റികള്‍, സ്വകാര്യ സര്‍വകലാശാലകള്‍, കോളജുകള്‍ എന്നിവയുടെ കാര്യത്തില്‍ ലാബ് സൗകര്യം ഒഴികെയുള്ള എന്ത് തീരുമാനവും സംസ്ഥാന സര്‍ക്കാറിന്റെ തീരുമാനത്തെ അടിസ്ഥാനമാക്കിയാവണമെന്നും കേന്ദ്ര നിര്‍ദേശത്തിലുണ്ട്.

ഒക്ടോബര്‍ 15 മുതല്‍ 50 ശതമാനം സീറ്റ് കപ്പാസിറ്റിയോടെ സിനിമാ തിയേറ്ററുകള്‍ തുറക്കാം. മള്‍ട്ടി പ്ലസുകളും പാര്‍ക്കുകളും ഉപാധികളോടെ തുറക്കാം. കായിക താരങ്ങള്‍ക്ക് നീന്തല്‍ കുളങ്ങള്‍ ഉപയോഗിക്കാം. കണ്ടെയിന്‍മെന്റ് സോണുകള്‍ക്ക് പുറത്തുള്ള സംവിധാനങ്ങള്‍ക്കാണ് തുറക്കാന്‍ അനുമതി. ഇതിനായി പാലിക്കേണ്ട നടപടി ക്രമങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ പിന്നീട് വ്യക്തമാക്കും. ബിസിനസ് ടു ബിസിനസ് എക്‌സിബിഷന്‍ കണ്ടെയിന്‍മെന്റ് സോണിന് പുറത്ത് നടത്താം. അടച്ചിട്ട ഹാളിനകത്ത് 200 പേരെ പരമാവധി പ്രവേശിപ്പിക്കാം. അടച്ചിട്ട മുറിയില്‍ 50 ശതമാനത്തില്‍ കൂടുതല്‍ പേരെ അനുവദിക്കരുത്. തുറസ്സായ സ്ഥലത്ത് മൈതാനത്തിന്റെ വലിപ്പം അനുസരിച്ച് ആളുകളെ അനുവദിക്കാം.

---- facebook comment plugin here -----

Latest