Connect with us

Covid19

സമരങ്ങള്‍ നടക്കുന്നത് കൊവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ച്; കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം | കൊവിഡ് മാര്‍ഗനിര്‍ദേശ പ്രകാരം പരമാവധി 50 പേര്‍ക്കാണ് ഒത്തുചേരാന്‍ അനുവാദമുള്ളത് എന്നിരിക്കെ, സംസ്ഥാനത്ത് ഇപ്പോള്‍ നടക്കുന്ന സമരങ്ങളുടെ ഭാഗമായി ഇതിനേക്കാള്‍ കൂടുതല്‍ പേര്‍ കൂട്ടംകൂടുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സമരത്തില്‍ പങ്കെടുക്കുന്നവര്‍ കൊവിഡ് പ്രോട്ടോക്കോള്‍ പ്രകാരമുള്ള സാമൂഹിക അകലം പാലിക്കുകയോ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിക്കുകയോ ചെയ്യുന്നില്ല. ഇത്തരം ലംഘനങ്ങള്‍ തുടരുകയും ക്രമസമാധാന പ്രശ്‌നമുണ്ടാക്കുകയും ചെയ്യുന്നവര്‍ക്കെതിരെ കലാപം ഉണ്ടാക്കുന്നതും നിയമവിരുദ്ധമായി കൂട്ടംകൂടുന്നതും പൊതു-സ്വകാര്യ മുതലുകള്‍ നശിപ്പിക്കുന്നതും ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തി പ്രോസിക്യൂഷന്‍ നടപടി സ്വീകരിക്കും. ഇവര്‍ക്കെതിരെ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ആക്ട്, കേരള എപ്പിഡെമിക് ഡിസീസ് ഓര്‍ഡിനന്‍സ് എന്നിവ പ്രകാരവും നിയമനടപടി കൈക്കൊള്ളും.

അനാവശ്യമായി ജനങ്ങള്‍ കൂട്ടംകൂടുന്ന സംഭവങ്ങള്‍ ഹൈക്കോടതി വളരെ ഗൗരവമായാണ് കാണുന്നതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. മന്ത്രി കെ ടി ജലീലിനെ ചോദ്യം ചെയ്തതുമായി ബന്ധപ്പെട്ട് സെപ്തംബര്‍ 11 മുതല്‍ നടന്ന വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ സമരങ്ങളിലുണ്ടായ സംഘര്‍ഷത്തോടനുബന്ധിച്ച് 385 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 1,131 പേര്‍ അറസ്റ്റിലായി. സമരവുമായി ബന്ധപ്പെട്ട് മാസ്‌ക്ക് ഉപയോഗിക്കാതിരിക്കല്‍, സാമൂഹിക അകലം പാലിക്കാതിരിക്കല്‍ മുതലായ കുറ്റങ്ങള്‍ക്ക് 1,629 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. സംഘര്‍ഷവുമായി ബന്ധപ്പെട്ട് എം എല്‍ എമാരായ ഷാഫി പറമ്പില്‍, കെ എസ് ശബരീനാഥ് എന്നിവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ്, ബി ജെ പി, മഹിളാമോര്‍ച്ച, എ ബി വി പി, കെ എസ്യു, എം എസ് എഫ്, യുവമോര്‍ച്ച, മുസ്‌ലിം ലീഗ് ഇത്തരം പാര്‍ട്ടികളുടെയും സംഘടനകളുടെയും പ്രവര്‍ത്തകരും വിവിധ ജില്ലകളില്‍ അറസ്റ്റിലായിട്ടുണ്ട്.

സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണം വര്‍ധിക്കാന്‍ ഇത്തരം ജാഗ്രതയില്ലാത്ത സമരങ്ങള്‍ കാരണമായിട്ടുണ്ട്. മാസ്‌കില്ലാതെയും അകലം പാലിക്കാതെയും അക്രമസമരം നടത്തുന്നത് പ്രോത്സാഹിപ്പിക്കപ്പെടാന്‍ പാടില്ല. അത് നാടിനെതിരെയുള്ള വെല്ലുവിളിയായി കാണണം. നിയമലംഘനങ്ങളും രോഗവ്യാപന ശ്രമങ്ങളും പ്രോത്സാഹിപ്പിക്കാതിരിക്കാന്‍ മാധ്യമങ്ങളും തയ്യാറാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Latest