Connect with us

Malabar Movement 1921

ആ ചരിത്ര സത്യം

Published

|

Last Updated

1921 ആഗസ്റ്റ് 22ന് രാത്രി നെല്ലിക്കുത്ത് വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദാജിയുടെ വീട്ടിൽ വെച്ച് ഒരു രഹസ്യ യോഗം ചേർന്നു. സായുധ സമരത്തെക്കുറിച്ചുള്ള തന്ത്രങ്ങൾ മെനയുകയും ഒപ്പം എല്ലാവരും സ്വീകരിക്കേണ്ട നയങ്ങളെ കുറിച്ച് ചർച്ച ചെയ്യുകയുമായിരുന്നു ലക്ഷ്യം. ഇതിൽ കുഞ്ഞഹമ്മദാജിക്ക് പുറമേ കാപ്പാട് കൃഷ്ണൻ നായർ, നാരായണൻ നമ്പീശൻ, തടിയൻ മൊയ്തീൻ കുട്ടി മുസ്‌ലിയാർ, നായർ വീട്ടിൽ അത്തുട്ടി, പയ്യനാടൻ മൊയ്തീൻ, കൊയ്ത്ത അബ്ദുല്ല, ചെമ്പ്രശേരി കുഞ്ഞിക്കോയ തങ്ങൾ, വടക്കൻ മൂസ, പന്തല്ലൂർ താമി, ചിറ്റമ്പലം കുഞ്ഞലവി, പൂകുന്നുമ്മൽ ആലി ഹാജി, കുമരംപുത്തൂർ സീതി ക്കോയ തങ്ങൾ, മലപ്പുറം കുഞ്ഞി തങ്ങൾ, താളിയാൽ ഉണ്ണീൻ കുട്ടി അധികാരി, കുളപ്പറമ്പൻ പോക്കർ, ചെറുവലത്ത് ഉസ്മാൻ, കൊന്നാര മുഹമ്മദ് കോയ തങ്ങൾ തുടങ്ങി പത്തിരുപത്തെട്ട് പേരുണ്ടായിരുന്നു. ഈ യോഗത്തിൽ പ്രധാനപ്പെട്ട ചില തീരുമാനങ്ങളെടുത്തു: ഹിന്ദുക്കളിൽ അഭിപ്രായ വ്യത്യാസങ്ങളുണ്ടാക്കുന്ന യാതൊരു പ്രവർത്തനങ്ങളിലും ഖിലാഫത് പ്രവർത്തകർ ഏർപ്പെടരുത്. നാട്ടിൽ ഭയവും അസ്വസ്ഥതയും നിലനിൽക്കുന്ന കാലമായതിനാൽ ആരെയും ദീനിൽ ചേർക്കാൻ ഖിലാഫത്തുകാർ മുതിരരുത്. കളവ് നടത്തുന്നവരുടെ കൈവിരലും കൊള്ള നടത്തുന്നവരുടെ വലം കൈയും മുറിക്കും. ഇതായിരുന്നു ഖിലാഫത് ഭരണത്തിന്റെ നയവും വ്യവസ്ഥയും. തന്റെ നിലപാടുകളിൽ ഉറച്ചു നിന്ന് കൊണ്ട് ബ്രിട്ടീഷുകാർക്കും അവരുടെ സഹായികൾക്കുമെതിരെ സായുധ സമരം നടത്തിയതിന്റെ പേരിൽ വീരമൃത്യു വരിച്ച ഒരു രക്തസാക്ഷിയെ അപമാനിക്കാൻ രാജ്യത്തെ സ്‌നേഹിക്കുന്നവർക്ക് കഴിയില്ല.

സ്വാതന്ത്ര്യ സമരത്തിൽ വീരമൃത്യു വരിച്ചവരിൽ മുഖ്യ വിഭാഗം മുസ്‌ലിംകൾ തന്നെയാണെന്ന് മോഡിജി പുറത്തിറക്കിയ വാള്യങ്ങൾ തന്നെ തെളിവാണ്. ഇവരിൽ നിന്ന് കുഞ്ഞഹമ്മദാജിയെ മാത്രം വെട്ടിമാറ്റിയാലും സംഘ് പരിവാറിന് സന്തോഷമാകില്ല. അവർക്കാവശ്യം ആ വാള്യങ്ങൾ തന്നെ വേണ്ടെന്ന് വെക്കുകയാണ്. അതിൽ നിന്ന് മുസ്‌ലിം രക്തസാക്ഷികളെ ഒഴിവാക്കിയാൽ പുസ്തകം രണ്ട് വാള്യത്തിനപ്പുറം പോകില്ല. മുസ്‌ലിം രക്തസാക്ഷികളെ ഒഴിവാക്കി സ്വാതന്ത്ര്യ സമരത്തിന്റെ ചരിത്രം രചിക്കാനുമാകില്ല. ഇക്കാര്യം നെഹ്‌റുജിയും ശാന്തിമണി റായിയും സുബാഷ് ചന്ദ്രബോസുമൊക്കെ നേരത്തേ പറഞ്ഞതാണ്. വസ്തുതകൾ മുന്നിലുണ്ടായിരിക്കേ ഇത് പറയാൻ ഒരു ന്യൂനപക്ഷ പ്രീണനത്തിന്റെയും ആവശ്യവുമില്ല. മുസ്‌ലിംകളടക്കമുള്ള ഇന്ത്യയിലെ നാനാവിധ ജനങ്ങൾ വാങ്ങിത്തന്നതാണ് സ്വാതന്ത്ര്യം.

മാധവൻ നായർ

കുഞ്ഞഹമ്മദാജിയെ ബ്രിട്ടീഷുകാരും അവരുടെ കൂട്ടാളികളും മാത്രമാണ് കൊള്ളക്കാരനും മത ഭ്രാന്തനുമാക്കി ചിത്രീകരിച്ചു വെച്ചത്. ഇവർക്ക് ടിപ്പുവും മമ്പുറം തങ്ങളും ഫസ്ൽ തങ്ങളുമൊക്കെ മതഭ്രാന്തന്മാരായിരുന്നു. മലബാർ കലാപ കാലത്ത് കോൺഗ്രസിന്റെ വക്താവായിരുന്ന മാധവൻ നായർ പലപ്പോഴും ബ്രിട്ടീഷ് പക്ഷത്ത് നിന്നാണ് മലബാർ സമരത്തെ വിലയിരുത്തിയത്. ഇദ്ദേഹം തന്നെയാണ് കലാപ വിവരങ്ങൾ ഇംഗ്ലീഷിലെഴുതി ബ്രിട്ടീഷ് മാധ്യമങ്ങൾക്ക് നൽകിയിരുന്നതും. ജന്മി കുടിയാൻ സംഘർഷങ്ങളെ പറ്റി പറയുമ്പോൾ മാധവൻ നായർ അവിടെ മതത്തെ പ്രതിഷ്ഠിക്കുന്നില്ല. ജന്മിയും കുടിയാനും എന്നേ പറയുന്നുള്ളു. എന്നാൽ, ഖിലാഫത് സമരത്തെ കുറിച്ച് പറയുമ്പോൾ പ്രശ്‌നം ഹിന്ദുക്കളും മുസ്‌ലിംകളുമാണെന്ന് വരുത്തുന്നു. എന്നിട്ടും കുഞ്ഞഹമ്മദാജിയെ കുറിച്ച് നല്ലതേ അദ്ദേഹത്തിന് പറയാനുള്ളൂ. കോൺഗ്രസ് നേതാക്കളായ കെ പി കേശവ മേനോനോ, എം പി നാരായണ മേനോനോ, ബ്രഹ്മദത്തൻ നമ്പൂതിരിപ്പാടിനോ കുഞ്ഞഹമ്മദാജിയെ പറ്റി നല്ലതല്ലാതെ പറയാനില്ല.

മാധവൻ നായർ പറയുന്നതിങ്ങനെ: സമരക്കാലത്ത് വാരിയൻ കുന്നൻ മാധവൻ നായരെ സന്ദർശിക്കാൻ വരുന്നു. നാട്ടിൽ നടക്കുന്ന കൊള്ളയും കൊലയും അമർച്ച ചെയ്യണമെന്ന് രണ്ട് പേരും അഭിപ്രായപ്പെടുന്നു. അതിന് താൻ പ്രതിജ്ഞാബദ്ധനാണെന്ന് കുഞ്ഞഹമ്മദാജി. “കൊള്ള ചെയ്യുന്ന ഏത് മാപ്പിളയേയും എന്റെ കൈയിൽ കിട്ടിയാൽ അവന്റെ വലത് കൈ ഞാൻ വെട്ടി മുറിക്കും. അതിന് സംശയമില്ല” എന്നും ഹാജി ദൃഢ സ്വരത്തിൽ പറഞ്ഞു (മാധവൻ നായർ, മലബാർ കലാപം, 171) നായർ തന്നെ പറയട്ടെ : “നിർബന്ധിച്ചു മതം മാറ്റുന്നതിൽ കുഞ്ഞഹമ്മദാജിക്ക് പങ്കുണ്ടായിരുന്നതായി അറിയില്ല.

സമ്മതമില്ലാത്തവരെ മതത്തിൽ ചേർക്കരുതെന്ന് അദ്ദേഹം നിഷ്‌കർഷിക്കുക കൂടി ചെയ്തിരുന്നു. (അതേ പേജ്). ” അയാൾ സാധാരണക്കാരിൽ എത്രയോ ഉപരിയായിട്ടുള്ള ദേശാഭിമാനിയും മതാഭിമാനിയായിരുന്നുവെന്നും പറയുന്നത് തത്കാലം പലർക്കും നിന്ദ്യമായി തോന്നിയാലും പരമാർഥമാണെന്ന് കാലാന്തരേണ ജനങ്ങൾക്ക് ബോധ്യപ്പെടും” (അതേ പുസ്തകം, 258-259). 1921 ഒക്‌ടോബർ 20ന് പ്രസിദ്ധീകരിച്ച കേരളപത്രികയിലെ വരികൾ ഇങ്ങനെ: “എളങ്കൂർ ചാത്തങ്ങോട്ട് പുരം അംശങ്ങളിൽ കുഞ്ഞഹമ്മദാജിയും കൂട്ടരും രാജ്യഭരണം പൊടിപൊടിക്കുന്നു. കൊള്ളയും സ്ത്രീകളുടെ ചാരിത്ര്യഭംഗവും ചെയ്യുന്നവരെ കഠിനമായി ശിക്ഷിക്കുന്നു. അപ്പു നായർ എന്നയാളെ കൊള്ളക്കാർ ദേഹോപദ്രവമേൽപ്പിച്ച സംഗതിയിൽ ഹാജിയാരുടെ മുമ്പാകെ സംഗതി ബോധിപ്പിച്ചതായും വിചാരണ ചെയ്ത് കുറ്റക്കാർക്ക് അടി ശിക്ഷ നൽകിയതായും അറിയപ്പെടുന്നു.

സ്ത്രീകളെ പിടിക്കുന്നവർക്ക് കൈവിരൽ വെട്ടിക്കളയുകയാണത്രേ ശിക്ഷ കൊടുത്തത്.” അക്കാലത്ത് തന്നെ കോൺഗ്രസിന്റെ നേതൃതലത്തിൽ പ്രവർത്തിച്ചിരുന്ന കെ പി കേശവ മേനോൻ തന്റെ “കഴിഞ്ഞകാലം” എന്ന കൃതിയിൽ കുഞ്ഞഹമ്മദാജി മഞ്ചേരിയിലെ പൊതുയോഗത്തിൽ പ്രസംഗിച്ച കാര്യം രേഖപ്പെടുത്തിയിട്ടുണ്ട്: “ഹിന്ദുക്കൾക്ക് യാതൊരു ഉപദ്രവവും നേരിടുന്നതല്ലെന്നും കൊള്ള ചെയ്യുന്നവരെ കഠിനമായി ശിക്ഷിക്കുമെന്നും കുഞ്ഞഹമ്മദാജി പറഞ്ഞു.” (112). ഖിലാഫത് സ്മരണകളെഴുതിയ ബ്രഹ്മദത്തൻ നമ്പൂതിരിപ്പാടിനും ഹാജിയെ കുറിച്ച് നല്ലതേ പറയാനുള്ളൂ. മലബാർ സമരത്തെ കുറിച്ച് ഗവേഷണം നടത്തിയ ഡോ. എം ഗംഗാധരൻ കുഞ്ഞഹമ്മദാജിയെ ദേശാഭിമാനിയായി വാഴ്ത്തുന്നു. ഹാജി ഹിന്ദു വിരോധിയാണെന്ന് പറയുന്ന സംഘ് പരിവാരങ്ങൾ മേൽ പറഞ്ഞ ഹൈന്ദവരായ ഗ്രന്ഥകർത്താക്കൾ ഹിന്ദുക്കളല്ലെന്ന് പറയുമോ? കുഞ്ഞഹമ്മദാജിയുടെ നേതൃത്വത്തിൽ തുവ്വൂരിൽ കൂട്ടക്കൊല നടത്തിയതായി ബ്രിട്ടീഷുകാരും ആറെസ്സെസ്സും ഘോഷിക്കുന്നുണ്ട്. ഹിന്ദുക്കൾക്കെതിരെയുള്ള ആക്രമങ്ങളെ മാത്രം എടുത്തു പറയുന്ന മാധവൻ നായർ പോലും പറയുന്നത് ആ കൂട്ടക്കൊലയിൽ കുഞ്ഞഹമ്മദാജിക്ക് ഒരു പങ്കുമില്ലെന്നാണ്. ഏതോ ഒരു തങ്ങളാണത് ചെയ്തതെന്ന് പറയുന്നു. അതിനും തെളിവില്ല. ഒറ്റുകാരാണ് തുവ്വൂരിൽ കൊല്ലപ്പെട്ടത്. പത്തിരുപത് പേരെയാണ് കൊന്ന് കിണറ്റിലിട്ടതെന്നും അവരിൽ മാപ്പിളമാരും ഉണ്ടായിരുന്നുവെന്നും മാധവൻ നായർ തന്നെ പറയുന്നു. (208)

ഹാജിയുടെ കത്ത്

ബ്രിട്ടീഷ് മാധ്യമങ്ങൾ തുടർച്ചയായി മലബാറിൽ നടക്കുന്നത് ഹിന്ദു ധ്വംസനമാണെന്ന് പ്രചരിപ്പിച്ചപ്പോൾ അതിന് മറുപടിയായി ഹിന്ദു പത്രത്തിലേക്ക് ഹാജി ഒരു പ്രസ്താവന നൽകി: തന്റെ ആളുകൾ നിർബന്ധമായി മതപരിവർത്തനം നടത്തുന്നുവെന്ന പ്രചാരണം അസത്യമാണെന്നും അങ്ങനെ ചെയ്യുന്നത് മഫ്ടി വേഷക്കാരായ പോലീസും പട്ടാളവും തെമ്മാടികളായ കുറേ ആളുകളും ചേർന്നാണെന്നും അദ്ദേഹം അറിയിച്ചു. പിന്നെ നിരപരാധികളായ മാപ്പിളമാരെ പട്ടാളത്തിന് ഒറ്റുകൊടുക്കുന്ന ചില ഹിന്ദുക്കൾക്ക് ഉപദ്രവങ്ങളൊക്കെ ഉണ്ടായിട്ടുണ്ട്. അതുപോലെ ഈ സമരത്തിന് കാരണക്കാരായ നമ്പൂതിരിമാർക്കും ഉപദ്രവമുണ്ടായിട്ടുണ്ട്. ഹിന്ദുക്കളെ സൈനിക സേവനത്തിനായി ബ്രിട്ടീഷുകാർ നിർബന്ധിക്കുന്നു.

അതിനാൽ പലരും എന്റെ പക്കൽ അഭയം തേടിയെത്തിയിട്ടുമുണ്ട്. ലോകത്തെ എല്ലാവരും ഇക്കാര്യം അറിയട്ടെ; മഹാത്മാഗാന്ധിയും മൗലാനയും ഇതറിയട്ടെ (കത്ത് 7-10-21). ഇതാണ് പ്രസ്താവനയിലെ ഉള്ളടക്കം.
കുഞ്ഞഹമ്മദാജി ഒറ്റുകാരെ മുഖം നോക്കാതെ വധിച്ചിട്ടുണ്ട്. കൊള്ള ചെയ്തവരെക്കൊണ്ട് തന്നെ കൊള്ള മുതൽ ഉടമസ്ഥരുടെ വീട്ടിലെത്തിച്ചു. പലരുടെയും വിരലുകൾ ഛേദിച്ചു. കോൺഗ്രസ് നേതാക്കളായ ഹിന്ദുക്കൾക്ക് പുറമേ ചെറുമക്കളും കരുവാൻമാരുമടങ്ങിയ താണ ജാതിക്കാരും ഖിലാഫത്ത് സമരത്തിനൊപ്പമുണ്ടായിരുന്നു. സമരത്തിൽ മുന്നിട്ടുനിന്ന മാപ്പിളമാരാകട്ടെ, അധിക പേരും അടുത്ത കാലത്തോ സമര വേളയിലോ മതം മാറിയവരാണ്. ജന്മിമാരുടെ പീഡനത്തിനിരയായ കുടിയാൻമാരായിരുന്നു അവരിൽ ഭൂരിപക്ഷവും. സമരം ചെയ്യാനുള്ള ആവേശമാണ് അവരെ മതം മാറ്റത്തിന് പ്രേരിപ്പിച്ചത്. വാളും കത്തിയുമുണ്ടാക്കാൻ മേലാറ്റൂർ കാപ്പ് ഭാഗങ്ങളിൽ നിരവധി കൊല്ലൻമാർ സമരക്കാരെ സഹായിച്ചു. റോഡ് ബ്ലോക്ക് ചെയ്യാനും മരം മുറിക്കാനുമൊക്കെ കുടിയാൻമാരായ ഹിന്ദുക്കളും സജീവമായിരുന്നു. ചെറുമക്കളാണ് തിരുമൽ പാടിന്റെ വയൽ കുഞ്ഞഹമ്മദാജിക്ക് വേണ്ടി കൊയ്തു കൊടുത്തത്.

സമരത്തിന്റെ മറവിൽ അഴിഞ്ഞാട്ടം

സമരത്തിന്റെ മറവിൽ അക്രമങ്ങൾ നടന്നുവെന്നത് ശരിയാണ്. ഇതുവഴി സമരത്തിന്റെ വീര്യംകെടുത്താനും അത് ഹിന്ദു വിരുദ്ധമാണെന്ന് വരുത്താനും മുസ്‌ലിം അധികാരികളും ബ്രിട്ടീഷനുകൂലികളായ ജന്മിമാരും അവരുടെ ആശ്രിതരും പോലീസും ഒരുക്കിയ കെണിയാണത്. ധനമോഹികളായ മാപ്പിളമാരും മുസ്‌ലിം ജന്മിമാരുടെ കുഴലൂത്തുകാരായ ചില മൊല്ലമാരും ഇത്തരം ക്രൂരതകൾക്ക് നേതൃത്വം നൽകിയവരിലുണ്ട്. ഖിലാഫത്ത് വളണ്ടിയർമാരും നേതാക്കളും സമരക്കാരും ഈ വക കാര്യങ്ങളിൽ ഏർപ്പെട്ടിരുന്നില്ല എന്ന് മാത്രമല്ല; ഹീന കൃത്യങ്ങൾക്കെതിരായി അവർ ശക്തമായി നിലകൊള്ളുകയും ചെയ്തു. അതേസമയം, കുറ്റങ്ങളെല്ലാം ഖിലാഫത്തുകാരുടെ തലയിൽ ചുമത്തി അവരെ പീഡിപ്പിക്കാനും കൊല്ലാനും നാടുകടത്താനും അധികാരികൾ വഴി തേടുകയായിരുന്നു.
തിരൂരങ്ങാടിയിലെ നന്നമ്പ്ര ഭാഗത്ത് ഹിന്ദു വീടുകൾക്ക് കാവൽ നിൽക്കാൻ ആലി മുസ്‌ലിയാർ പറഞ്ഞയച്ച ആളുകളെ ഈ കൊള്ളക്കാർ വക വരുത്തുകയും ആ വീടുകൾ കൊള്ള ചെയ്യുകയും ചെയ്ത സംഭവങ്ങൾ നമ്മുടെ മുന്നിലുണ്ട്. അതിന്റെ പിന്നിൽ പ്രവർത്തിച്ചത് തിരൂരങ്ങാടിയിലെ ചില അധികാരികളും ബ്രിട്ടീഷനുകൂലികളായ ജന്മിമാരുമായിരുന്നു. ചില ജന്മിമാർക്ക് മറ്റ് ജന്മിമാരോടുള്ള പക തീർക്കാനും ഇത് അവസരമാക്കി. ഈ വക കൊള്ളയും കൊലയും ഇല്ലാതാക്കാൻ കുഞ്ഞഹമ്മദാജി സ്‌കോഡുകളും രഹസ്യ സംവിധാനങ്ങളും മിലിട്ടറി പോസ്റ്റുകളും ഏർപ്പെടുത്തിയതായി അന്നത്തെ പോലീസ് മേധാവി ഹിച്ച് കോക്ക് തന്നെ സമ്മതിക്കുന്നു.

മലബാർ സമരത്തിൽ ബ്രിട്ടീഷുകാരുടെ ആഗോള യുദ്ധസന്നാഹത്തെ ചെറുക്കാൻ മാപ്പിളമാർക്കായില്ല. ക്ഷാമവും വറുതിയും കൂട്ടപ്പിഴകളും ഒപ്പം ക്രൂരമായ പീഡനങ്ങളും അവരെ നിൽക്കക്കള്ളിയില്ലാത്ത അവസ്ഥയിലെത്തിച്ചു. നേതാക്കൾ തമ്മിൽ ബന്ധം വിഛേദിക്കപ്പെട്ടതോടെ ആസൂത്രണങ്ങളും പാളി. കൊള്ളയും കൊലയും നിയന്ത്രിക്കാനായില്ല. അതോടെ ഖിലാഫത്തിലെ ഹിന്ദു മുസ്‌ലിം മൈത്രിയും തകർന്ന മട്ടായി. കുഞ്ഞഹമ്മദാജിയുടെ നയങ്ങൾ ഇഷ്ടപ്പെടാത്ത ചില ഖിലാഫത് നേതാക്കളും ഉണ്ടായിരുന്നു. അവസാനം ചതിയന്മാർ കുഞ്ഞഹമ്മദാജിക്ക് കുരുക്കൊരുക്കി. അദ്ദേഹം ധീര രക്തസാക്ഷിത്വം വരിച്ചു. അതും ബ്രിട്ടീഷുകാരുടെ വെടിയുണ്ടകളേറ്റ്. ദേശാഭിമാനികളുടെ ഖൽബുകളിൽ കുഞ്ഞഹമ്മദാജി എന്നും നിറഞ്ഞു നിൽക്കും. എന്നാൽ, ഒറ്റുകാർക്കും അവരുടെ പിൻഗാമികൾക്കും അദ്ദേഹം എന്നും കണ്ണിലെ കരടായി തന്നെ തുടരും.
.

Latest