Connect with us

Kerala

അന്വേഷണ ഏജന്‍സിക്കു മുന്നില്‍ പോയി എന്നത് തെറ്റല്ല; കെ ടി ജലീലിന് പൂര്‍ണ പിന്തുണയുമായി മന്ത്രി ബാലന്‍

Published

|

Last Updated

പാലക്കാട് | കെ ടി ജലീലിന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച് മന്ത്രി എ കെ ബാലന്‍. ജലീല്‍ കുറ്റക്കാരനാണെന്ന് ആരും പറഞ്ഞിട്ടില്ല. ജലീല്‍ അന്വേഷണ ഏജന്‍സിക്കു മുന്നില്‍ പോയി എന്നത് ഒരു തെറ്റല്ല. അതുകൊണ്ടു മാത്രം അദ്ദേഹം രാജിവക്കേണ്ട ആവശ്യവുമില്ല. പാലക്കാട്ട് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കവെ മന്ത്രി ബാലന്‍ പറഞ്ഞു. എന്‍ഫോഴ്‌സ്‌മെന്റ് എന്താണ് ചോദിച്ചത് എന്നത് പുറത്തു പറയാന്‍ സാധിക്കില്ല. അങ്ങനെ ചെയ്യുന്നത് നിയമവിരുദ്ധമാണ്. ഭക്ഷ്യ കിറ്റ്, മത ഗ്രന്ഥങ്ങള്‍ എന്നിവ മന്ത്രി സ്വീകരിച്ചതില്‍ ഒരു തെറ്റുമില്ല. അങ്ങനെ പാടില്ലെന്ന് എവിടെയെങ്കിലും പറഞ്ഞിട്ടുണ്ടോ.

തീര്‍ത്തും അനാവശ്യമായ സമരങ്ങളാണ് പ്രതിപക്ഷം ജലീല്‍ വിഷയത്തില്‍ ഉള്‍പ്പെടെ നടത്തുന്നത്. സമരങ്ങള്‍ക്ക് സര്‍ക്കാര്‍ എതിരല്ല. പക്ഷെ പ്രതിപക്ഷം നടത്തിക്കൊണ്ടിരിക്കുന്ന സമരങ്ങള്‍ നിയമവിരുദ്ധവും കോടതി വിധിയെ വെല്ലുവിളിക്കുന്നതുമാണെന്നും മന്ത്രി ബാലന്‍ പറഞ്ഞു. കൊവിഡ് ഭീതി കണക്കിലെടുത്താണ് തദ്ദേശ ഭരണ തിരഞ്ഞെടുപ്പ് പോലും നീട്ടിവക്കുന്നത്. ഭീതിജനകമായ സാഹചര്യത്തില്‍ കലാപത്തിന് നേതൃത്വം കൊടുക്കുന്നത് മനുഷ്യത്വപരമല്ല. സംസ്ഥാനത്ത് കൊവിഡ് വ്യാപനത്തിന് ഇടയാക്കിയത് യു ഡി എഫ്, ബി ജെ പി സമരങ്ങളാണെന്നും മന്ത്രി ആരോപിച്ചു,

കെ ടി ജലീല്‍ ഇടതു പക്ഷത്തേക്ക് വന്നതിന്റെ ക്ഷീണത്തില്‍ നിന്ന് കരകയറാന്‍ മുസ്‌ലിം ലീഗിന് ഇപ്പോഴും കഴിഞ്ഞിട്ടില്ല. അതിന്റെ ഭാഗം കൂടിയാണ് അദ്ദേഹത്തിനെതിരായ ആരോപണങ്ങള്‍. നേരത്തെ മാര്‍ക്ക് ദാന വിവാദമായിരുന്നു. മാര്‍ക്ക് ദാനത്തില്‍ മന്ത്രിക്ക് ഒരു പങ്കും ഇല്ലെന്ന് തെളിഞ്ഞതാണ്. കൈയില്‍ കിട്ടുന്ന ആരോപണങ്ങള്‍ ഉന്നയിച്ചു നശിപ്പിക്കാന്‍ ശ്രമിക്കുന്ന സമീപനം ശരിയല്ലെന്നും എകെ ബാലന്‍ പറഞ്ഞു.

ഏജന്‍സികളുടെ പ്രവര്‍ത്തനം രാഷ്ട്രീയ പ്രേരിതമാണെന്ന് രാഹുല്‍ ഗാന്ധി തന്നെ പറഞ്ഞിട്ടുള്ള കാര്യവും എ കെ ബാലന്‍ ഓര്‍മിപ്പിച്ചു. കോണ്‍ഗ്രസ് നേതാക്കളെ എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്യുകയും അറസ്റ്റ് ചെയ്യുകയും ജയിലിലാക്കുകയുമെല്ലാം ചെയ്തിട്ടുണ്ട്. എന്നിട്ടും പി ചിദംബരം അടക്കമുള്ള നേതാക്കള്‍ക്ക് പാര്‍ട്ടിയില്‍ സ്ഥാനക്കയറ്റം നല്‍കുകയാണ് കോണ്‍ഗ്രസ് ചെയ്തിട്ടുള്ളത്. ഇക്കാര്യത്തില്‍ കെ പി സി സി നിലപാട് വ്യക്തമാക്കണമെന്നും ബാലന്‍ ചോദിച്ചു.

Latest