Connect with us

Kerala

ഫൈസല്‍ വധശ്രമക്കേസില്‍ ഇടപെട്ടിട്ടില്ല; സിബഐ അന്വേഷണം വേണം -അടൂര്‍ പ്രകാശ് എംപി

Published

|

Last Updated

തിരുവനന്തപുരം | വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകക്കേസില്‍ തനിക്കെതിരെ ഉയരുന്ന ആരോപണങ്ങളില്‍ കഴമ്പില്ലെന്ന് ആവര്‍ത്തിച്ച് അടൂര്‍ പ്രകാശ് എം പി. ഫൈസല്‍ വധശ്രമത്തില്‍ പ്രതികള്‍ക്കായി ഇടപെട്ടിട്ടില്ലെന്നും തനിക്കെതിരായ ആരോപണങ്ങള്‍ ഉന്നയിക്കുന്നവര്‍ തന്നെ അത് തെളിയിക്കണമെന്നും അടൂര്‍ പ്രകാശ് മാധ്യമങ്ങളോട് പറഞ്ഞു.

തന്റേടവും ധൈര്യവും ഉണ്ടെങ്കില്‍ ഈ കേസ് സി ബി ഐയെക്കൊണ്ട് അന്വേഷിപ്പിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം
വ്യവസായ വകുപ്പ് മന്ത്രിയാണ് എനിക്കെതിരെ ആരോപണമുന്നയിച്ചത്. അപ്പോള്‍ അദ്ദേഹം പറഞ്ഞത് ഈ പ്രതികള്‍ കൊല ചെയ്തതിന് ശേഷം വിളിക്കുന്നത് എന്നെയാണ് എന്നാണ്. അതിനുള്ള മറുപടി ഞാന്‍ ഇന്നലെ തന്നെ പറഞ്ഞിരുന്നു. മറുപടി എന്ന് പറഞ്ഞാല്‍ ഞാന്‍ ആവര്‍ത്തിക്കുകയാണ്. ഇന്നത്തെ എല്ലാ ആധുനിക സംവിധാനങ്ങളും വെച്ച് കൊണ്ട് എന്നെ ആരെങ്കിലും വിളിച്ചിട്ടുണ്ടോ, കോള്‍ വിവരങ്ങള്‍ എടുത്ത് അങ്ങനൊരു സംഭവംഉണ്ടായിട്ടുണ്ടോ, അതില്‍ ഞാന്‍ ബന്ധപ്പെട്ട് കിടക്കുന്നുണ്ടോ എന്നും പറയാന്‍ പറ്റണം. അതല്ലാതെ വെറുതെ എന്തെങ്കിലും വര്‍ത്തമാനം പറഞ്ഞിട്ട് കാര്യമില്ലെന്ന് അടൂര്‍ പ്രകാശ് പറഞ്ഞു.

ഒരു വാര്‍ത്ത ചാനലില്‍ ആവര്‍ത്തിച്ച് തന്നോട് ചോദിച്ചിരുന്ന ഒരു കാര്യം താന്‍ ഒരു കൊലപാതക ശ്രമവുമായി ബന്ധപ്പെട്ട് കൊണ്ട് ആരെയെങ്കിലും വിളിച്ചിട്ടുണ്ടോ എന്നാണ്. ന്യായമാണ് എന്ന് തോന്നുന്ന ബന്ധപ്പെടേണ്ട കാര്യങ്ങള്‍ക്ക് ബന്ധപ്പെടുകയും ചെയ്തിട്ടുണ്ട് എന്നാണ് താന്‍ ഇന്നലെ ചാനല്‍ ചര്‍ച്ചയിലടക്കം പറഞ്ഞതെന്നും അടൂര്‍ പ്രകാശ് പറഞ്ഞു.

മന്ത്രി ഇ പി ജയരാജന്‍ അടൂര്‍ പ്രകാശിനെതിരെ ആരോപണമുന്നയിച്ചതിന് പിന്നാലെ കൊലക്കേസിലെ പ്രതി ഷജിത്തിന്റെ ശബ്ദ രേഖ ഡി വൈ എഫ് ഐ പുറത്തു വിട്ടിരുന്നു.

ഫൈസലിനെ ആക്രമിച്ച കേസിലെ എഫ് ഐ ആറില്‍ തന്റെ പേര് ഉള്‍പ്പെട്ടിട്ടുണ്ടെന്നും എം പി എല്ലാം ശരിയാക്കിയെന്നുമാണ് ഷജിത്ത് പറയുന്നത്. ഈ എം പി അടൂര്‍ പ്രകാശ് ആണെന്നാണ് ഉയര്‍ന്നുവന്ന ആരോപണം.

Latest