Connect with us

Book Review

കശ്മീർ കുന്നിലെ കണ്ണീർ തുള്ളികൾ

Published

|

Last Updated

ഫാത്വിമ നിലോഫർ, സൈനികരുടെ പെല്ലറ്റ് തറച്ച് അന്ധനായ യാസീനെയും ബാല്യം വിട്ടു മാറാത്ത മെഹറയേയും വൃദ്ധയായ ഉമ്മയേയും സംരക്ഷിക്കാൻ പാടുപെടുന്ന വിധവ, മാധ്യമ പ്രവർത്തനം ഉപജീവനമാക്കി താഴ്്വരയിലെ സമാധാനാന്തരീക്ഷത്തിന് വേണ്ടി പ്രവർത്തിക്കുന്ന വനിതാ പ്രസ്ഥാനത്തിന്റെ പ്രവർത്തക.
ഭീകരവാദികളോടും വിമോചന പ്രസ്ഥാനക്കാരോടും അകലം പാലിച്ച് പുതിയ ആകാശത്തെ സ്വപ്നം കാണുന്ന വിമോചന പ്രസ്ഥാനത്തിന് ജീവൻ കൊടുത്ത സുൽത്താൻ ഒമറിന്റെ യൗവനം നഷ്ടപ്പെടാത്ത പ്രിയ പത്നി.

വിമോചന പ്രസ്ഥാനത്തിന്റെ ആസാദി മുദ്രാവാക്യത്തിന് പകരം അമൻ എന്ന സമാധാന മുദ്രാവാക്യമാണ് താഴ്്വരയുടെ സ്വസ്ഥതക്ക് അനിവാര്യമെന്ന് തിരിച്ചറിഞ്ഞ് ഡൽഹിയിലെ വനിത പ്രൊഫസർമാരും വിദ്യാർഥികളും താഴ്്വരയിലെ വിധവകളും അർധ വിധവകളും ചേർന്ന വിവിധ മതവിഭാഗങ്ങൾ ഒത്തുചേരുന്ന ഫെമിനിസ്റ്റ് നെറ്റ്്വർക്കായ KWP ( Kashmiri Womens for Peace) ന്റെ സജീവ പ്രവർത്തകയുടെ ജീവിതം പട്ടാളക്കാരുടെ തോക്കിനു മുന്നിൽ അവസാനിപ്പിക്കേണ്ടിവരുമ്പോൾ സ്വപ്നങ്ങൾക്ക് മുന്നിൽ തോറ്റുപോയ സാധാരണ കശ്മീരിപ്പെണ്ണാണോ അതോ തന്റെ കുട്ടികളെ സംരക്ഷിക്കാൻ ത്യാഗം ചെയ്ത ഉരുക്കു വനിതയാണോ എന്ന് വായനക്കാർക്ക് തീരുമാനിക്കാം.
ഫോർട്ട് കൊച്ചിയിലെ ഷാളുകളും അലങ്കാരവസ്തുക്കളും വിൽക്കുന്ന കശ്മീരിയുടെ കടയിൽ നിന്നാണ് ടി ഡി രാമകൃഷ്ണൻ തന്റെ “അന്ധർ ബധിരർ മൂകർ” എന്ന നോവലിന്റെ കഥാനായികയെ തിരഞ്ഞെടുക്കുന്നത്. ഫാത്വിമ നിലോഫറിന്റെ ജീവിതത്തിന് മഷിപുരട്ടുകയെന്ന ദൗത്യം മാത്രമാണ് ഇവിടെ നോവലിസ്റ്റിനുള്ളത്.
2019 ആഗസ്റ്റ് നാല് “ത്സലം ടൈംസ്” എന്ന ഈവനിംഗ് പത്രമോപ്പീസ് സൈനികർ പൂട്ടിട്ടത് മുതലാണ് കഥ തുടങ്ങുന്നത്.

ഗുലാം റസൂൽ മുസ്തഫ, ജി ആർ എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ത്സലം ടൈംസിന്റെ പത്രാധിപരെ സൈനികർ അറസ്റ്റ് ചെയ്തു കൊണ്ടുപോയതിന്റെ കാരണം അവ്യക്തമാണ്. കഷ്ടിച്ച് ആയിരം കോപ്പി പോലും സർകുലേഷൻ ഇല്ലാത്ത ഒരു പത്രത്തിന് എന്തിനാണിവർ പൂട്ടിടുന്നതെന്ന ഫാത്വിമയുടെ സംശയത്തിന് ഉത്തരം കിട്ടി. ഇന്നലത്തെ പത്രത്തിലെ എഡിറ്റോറിയൽ പേജിലെ രണ്ട് വരിയായിരിക്കും ഇതിന് കാരണം. ഫാത്വിമയടക്കം മറ്റു പത്രപ്രവർത്തകരുടെയും എതിർപ്പുകൾ വകവെക്കാതെയാണ് ജി ആർ അത് പ്രസിദ്ധപ്പെടുത്തിയത്. ഇന്നലെയും കുറഞ്ഞ പേപ്പർ മാത്രമാണ് ചെലവായത്. അത് കൊണ്ട് അധികമാളുകളും അത് ശ്രദ്ധിച്ചിരിക്കണമെന്നില്ല. എങ്കിലും പത്രത്തിന്റെ ഓൺലൈൻ പോർട്ടലിൽ ഇത് വായിച്ച് ആയിരക്കണക്കിനാളുകൾ പങ്ക് വെച്ചതായി കാണുന്നു. “ജീവിതത്തിൽ ഒരൊറ്റ മരണമേയുള്ളൂ. അത് ഈ സത്യം പറഞ്ഞുകൊണ്ടാകട്ടേ” ഇതായിരുന്നു ജി ആറിനെ അറസ്റ്റ് ചെയ്യാനുള്ള കാരണം.

രണ്ട് വർഷം ഭക്ഷണം നൽകിയ പത്രസ്ഥാപനത്തിൽ നിന്ന് പുറത്ത് വരുമ്പോൾ താഴ്്വാരത്ത് മുഴുവൻ സൈനികരെ വിന്യസിച്ചതായി ഫാത്വിമ അറിയുന്നു. എന്തോ ഒരു തീരുമാനം ഡൽഹിയിൽ നിന്നും വരാനുണ്ടാകുമെന്ന് നിനച്ച് വീട്ടിലേക്ക് നടന്നു. അപ്പോഴാണ് ആ കൊടും ചതി വാർത്തയായി താഴ്്വാരമാകെ ഇടിമുഴക്കം പോലെ പ്രതിധ്വനിക്കുന്നത്. കശ്മീരിന്റെ പ്രത്യേകാവകാശങ്ങൾ നീക്കി കശ്മീരിനെ കേന്ദ്രഭരണ പ്രദേശമാക്കിയുള്ള തീരുമാനത്തോട് പ്രതികരിക്കാൻ ഒരു രാഷ്ട്രീയ പാർട്ടിയോ സംഘടനയോ ഇല്ല. എഴുപത് ലക്ഷം വരുന്ന കശ്മീരികൾ ഏഴ് ലക്ഷം വരുന്ന സൈനിക വ്യൂഹത്തിന്റെ വലയത്തിലാണ്. ഉന്നത രാഷ്ട്രീയ നേതാക്കന്മാരൊക്കെ വീട്ടുതടങ്കലിലും. ഇനിയും ഇതിനെതിരെ പ്രതികരിച്ചില്ലെങ്കിൽ നമ്മൾ വീണ്ടും അധിനിവേഷത്താൽ കീഴ്പ്പെടുമെന്ന ബോധത്തിലാണ് ഫാത്വിമ അംഗമായ K W P എന്ന വനിതാ പ്രസ്ഥാനം ലാൽ ചൗക്കിൽ സമാധാന രീതിയിലുള്ള പ്രതിഷേധം സംഘടിപ്പിക്കാൻ തീരുമാനിക്കുന്നത്.

ഡോ. റുബീന, ഡോ. സുനന്ദിനി തുടങ്ങിയ K W P നേതാക്കളും വിരലിലെണ്ണാവുന്ന ചില പ്രവർത്തകരും ലാൽ ചൗക്കിൽ പ്രതിഷേധമാരംഭിച്ചപ്പോൾ സൈനികർ വന്നു അത് തടസ്സപ്പെടുത്തി ഡോ. റുബീനയെ ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തു. അവരുടെ വിവരം തിരക്കാനുള്ള സംവിധാനമെല്ലാം ഭരണകൂടം പൂട്ടിട്ടൂവെച്ചു. ഫോണും ഇന്റർനെറ്റും പ്രവർത്തിക്കുന്നില്ല. താഴ്്വാരമാകേ മൂകമാക്കപ്പെട്ടു.
വീട്ടിലേക്കെത്തിയ ഫാത്വിമയെ തേടി സൈനികരുമെത്തി. വിമോചന നേതാവ് ഒമർ ഖയ്യാമിന്റെ ഭാര്യ അതിന്റെ ഷാഡോയായ ഒരു വനിതാ സംഘടനയിലും പ്രവർത്തിക്കുന്നുവെന്നാണ് അവരുടെ വാദം. സൈനികരെ കാണുമ്പോൾ ഫാത്വിമയുടെ ഉമ്മക്കൊരു ഭയം. തന്നെ ബലാത്സംഗം ചെയ്ത ആ സിഖുകാരനേയും കാപ്യാരേയും നായരേയും ഉമ്മ ഓർത്തുപോയതാണ് കാരണം. ആ ബന്ധത്തിലാണ് മൂന്നിലൊരാളുടെ മകളായി ഫാത്വിമ പിറക്കുന്നതെന്ന സത്യം നാമറിയുന്നത് ഫാത്വിമ തന്നെ പറഞ്ഞാണ്. തൊണ്ണൂറുകളിലെ പട്ടാളത്തിന്റെ നരനായാട്ടിന്റെ സമയത്ത് സ്കൂൾ അധ്യാപികയായ ഉമ്മ നിലോഫർ ഭട്ട് ശ്രീനഗറിൽ താമസിക്കുമ്പോഴാണ് ആ കൃത്യം നടക്കുന്നത്.

ഭർത്താവ് ഒമർ ഖയ്യാം തികഞ്ഞ വിമോചന പോരാളിയായിരുന്നിട്ടും സായുധ വിപ്ലവത്തിലൂടെ ആസാദിയെന്ന ആശയത്തെ ശക്തമായി എതിർത്ത് അമൻ എന്ന സമാധാന മുദ്രാവാക്യമുയർത്തിയ ഫാത്വിമക്ക് എല്ലാം നഷ്ടപ്പെട്ടപ്പോൾ രക്ഷകവേഷത്തിൽ വരുന്നത് വിമോചന പ്രസ്ഥാനത്തിലെ പ്രവർത്തകൻ മുസാഫിറാണ്.
അർധരാത്രി ഉറങ്ങിക്കിടന്ന ഫാത്വിമക്ക് ആ വിവരം കൈമാറിയത് മുസാഫിറാണ്. താഴ്്വാരമാകെ സൈനികരാണെന്നും വിമോചന പോരാളികളുടെ കുടുംബത്തെ മൊത്തം യാതൊരു കാരണവുമില്ലാതെ വെടിവെക്കുന്നുവെന്നും അതിനാൽ സുൽത്താന്റെ കുടുംബമായ നിങ്ങളെ രക്ഷിക്കൽ നമ്മുടെ ബാധ്യതയാണെന്നും പറഞ്ഞ് ആ രാത്രി തന്നെ അവിടുന്ന് പലായനം ചെയ്ത് അതിർത്തി കടക്കാൻ ഫാത്വിമയെ മുസാഫിർ പ്രേരിപ്പിക്കുന്നു.

സൈനികരുടെ പെല്ലറ്റ് ഏറ്റ് അന്ധനായ, വേദന തിന്നുന്ന യാസീനേയും ബാല്യത്തിലെത്തിയ മെഹ്റയേയും ഉമ്മയേയും കൂട്ടി ഈ പാതിരാത്രിക്കൊരു പലായനമോയെന്ന് ശങ്കിച്ച ഫാത്വിമക്ക് ഉമ്മ തന്നെ മറുപടി നൽകി. ഇവിടെ നിന്നാലും ജീവൻ പോകുമെന്ന് ഉറപ്പ്. പലായനം ചെയ്താൽ ഉറപ്പില്ല. അതുകൊണ്ട് നമുക്ക് പോകാം മകളേ.
മൂന്ന് ദിവസത്തെ രാത്രികളിൽ നടക്കുന്ന സാഹസികമായ യാത്ര നോവലിന്റെ ക്ലൈമാക്സാണ്.

യാത്രക്കിടെ ഫാത്വിമയുടെ ഉമ്മക്ക് പാമ്പുകടിയേറ്റ് ആരോരുമില്ലാത്ത പള്ളിക്കാട്ടിൽ അന്തിയുറങ്ങേണ്ടിവരുന്ന കാഴ്ച വായനക്കാരെ കണ്ണീരിലാഴ്ത്തും. യാത്രയിൽ ഫാത്വിമ പീഡനത്തിന് ഇരയാകുന്നുണ്ട്. രണ്ട് പ്രാവശ്യം. ഒന്ന്, യാത്രക്കിടെ എത്തിപ്പെട്ട കശ്മീരിലെ താലിബാൻ അനുകൂല സംഘടനയുടെ ക്യാമ്പിൽ നിന്ന്. അവിടെ നിന്നും ധൈര്യം സംഭരിച്ച് താലിബാൻ ഭീകരനെ കീഴ്പ്പെടുത്തി രക്ഷപ്പെട്ട ഫാത്വിമക്ക് തന്റെ ചാരിത്ര്യം പണയം വെക്കേണ്ടി വന്നത് സൈനികനായ സിഖുകാരന്റെയടുക്കലാണ്.
അവസാനം, അതിർത്തി കടക്കാനുള്ള തുരങ്കപാതക്കുള്ളിൽ വെച്ച് രക്ഷകനായ മുസാഫിറും കുറച്ചകലെ വെച്ച് ഫാത്വിമയും പട്ടാളത്തിന്റെ വെടിയേറ്റ് കഥ തീരുമ്പോൾ വായനക്കാരൻ ആകെ ആകുലപ്പെടുമെന്നത് തീർച്ചയാണ്. പ്രസാധകർ ഡി സി ബുക്സ്. വില: 199 രൂപ.

• ജലീൽ സുറൈജ് കാഞ്ഞങ്ങാട്
jaleelbeach@gmail.com

Latest