National
മദ്യപിച്ച പോലീസുകാരൻ ഓടിച്ച കാറിടിച്ച് വയോധികക്ക് ഗുരുതര പരുക്ക്
ന്യൂഡൽഹി| മദ്യപിച്ച് ലക്കുകെട്ട പോലീസുകാരൻ ഓടിച്ച കാറിച്ച് വയോധികക്ക് പരുക്കേറ്റു. പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. കിഴക്കൻ ഡൽഹിയിലെ ഗാസിപൂരിലെ ചില്ല ഗ്രാമത്തിൽ ഇന്നലെയാണ് സംഭവം.
56 കാരനായ യോഗേന്ദ്ര എന്ന പോലീസുകാരൻ ഓടിച്ച കാറാണ് 60കാരിയായ സ്ത്രീയെ ഇടിച്ചിട്ടത്. സ്ഥലത്തുണ്ടായ സി സി ടി വി ക്യാമറയിലാണ് അപകടത്തിന്റെ ദൃശ്യങ്ങൾ പതിഞ്ഞത്.
ഇടുങ്ങിയ പാതയിലൂടെ നടന്നുവരികയായിരുന്ന വയോധികയെ അതിവേഗത്തിലെത്തിയ കാറിടിക്കുകയും ഇവർ ബോണറ്റിന് മുകളിൽ കൂടി തെറിച്ച് കാറിനടിയിലേക്ക് വീഴുന്നതായും നാട്ടുകാർ ഓടിക്കൂടുന്നതും ക്യാമറാ ദൃശ്യങ്ങളിൽ വ്യക്തമാണ്. എന്നാൽ നിർത്താതെ വയോധികയെയും വലിച്ചിഴച്ച് അതിവേഗത്തിൽ വാഹനമോടിച്ച് രക്ഷപ്പെടാൻ ശ്രമിച്ചയാളെ നാട്ടുകാർ പിന്തുടർന്ന് തടയുകയായിരുന്നു.
ഗുരുതര പരുക്കേറ്റ സ്ത്രീ ആശുപത്രിയിൽ ചികിത്സയിലാണ്. പ്രതിയായ ഡ്രൈവർക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.