Connect with us

National

ഡല്‍ഹിയുടെ അതിര്‍ത്തി പൂര്‍ണമായും അടച്ചു; ബാര്‍ബര്‍ ഷോപ്പുകള്‍ തുറക്കും

Published

|

Last Updated

ന്യൂഡല്‍ഹി | ദേശീയ തലസ്ഥാനമായ ഡല്‍ഹിയുടെ എല്ലാ അതിര്‍ത്തികളും ഒരാഴ്ചത്തേക്ക് പൂര്‍ണമായും അടക്കാന്‍ മുഖ്യമന്ത്രി അരജവിന്ദ് കെജരിവാള്‍ നിര്‍ദേശം നല്‍കി. അവശ്യ സര്‍വീസ് മേഖലയില്‍ ജോലി ചെയ്യുന്ന പാസുള്ളവര്‍ക്ക് മാത്രമേ ഡല്‍ഹിയില്‍ പ്രവേശനം അനുവദിക്കുകയുള്ളൂ. അതിര്‍ത്തികള്‍ വീണ്ടും തുറക്കുന്നത് സംബന്ധിച്ച് ജനങ്ങളുടെ അഭിപ്രായം വെള്ളിയാഴ്ചക്കകം അറിയിക്കാനും കെജരിവാള്‍ നിര്‍ദേശം നല്‍കി.

ഉത്തര്‍പ്രദേശ്, ഹരിയാന സംസ്ഥാനങ്ങളുമായി പങ്കിടുന്ന അതിര്‍ത്തികളാണ് അടച്ചത്. ഞായറാഴ്ച ഉത്തര്‍പ്രദേശിലെ ഗൗതം ബുദ്ധ നഗര്‍ ജില്ലാ ഭരണകൂടം നോയിഡ – ഡല്‍ഹി അതിര്‍ത്തി അടച്ചിടുന്നത് തുടരുമെന്ന് പ്രഖ്യാപിച്ചിരുന്നു. ജില്ലയിലെ 42 ശതമാനം കൊവിഡ് കേസുകളും ഡല്‍ഹിയുമായി ബന്ധപ്പെട്ടാണെന്ന് ഭരണകൂടം വ്യക്തമാക്കുകയും ചെയ്തിരുന്നു.

മറ്റു സംസ്ഥാനത്തുള്ളവർക്ക് ഡല്‍ഹിയില്‍ പ്രവേശനം അനുവദിച്ചാല്‍ ഡല്‍ഹിയിലെ ആരോഗ്യ സംവിധാനങ്ങള്‍ ഡല്‍ഹിക്കാര്‍ക്ക് പൂര്‍ണമായും ലഭ്യമല്ലാത്ത സാഹചര്യം ഉണ്ടാകുമെന്ന് ചിലര്‍ അഭിപ്രായപ്പെട്ടതായി കെജരിവാള്‍ പറഞ്ഞു. എന്നാല്‍ നിലവില്‍ ഡല്‍ഹിയില്‍ കൊവിഡ് രോഗികളെ ചികിത്സിക്കുന്നതിന് ആശുപത്രി ബെഡുകളുടെ ക്ഷാമം അനുഭവപ്പെടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര ഗവണ്‍മെന്റ് നല്‍കിയ എല്ലാ ഇളവുകളും ഡല്‍ഹി സര്‍ക്കാര്‍ അനുവദിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ബാര്‍ബര്‍ ഷോപ്പുകള്‍, സലൂണുകള്‍ തുടങ്ങിയവ തുറക്കുമെന്നും എന്നാല്‍ സ്പാകള്‍ അടച്ചിടുമെന്നും കെജരിവാള്‍ അറിയിച്ചു. ഇ-റിക്ഷകളിലും ഓട്ടോകളിലും മറ്റു വാഹനങ്ങളിലും സഞ്ചരിക്കാവുന്ന യാത്രക്കാരുടെ എണ്ണത്തിന് പരിധി നിശ്ചയിച്ചത് പിന്‍വലിച്ചു. മാര്‍ക്കറ്റുകളില്‍ ഒന്നിടവിട്ട ഷോപ്പുകള്‍ തുറക്കുന്ന രീതിയാണ് ഡല്‍ഹി സര്‍ക്കാര്‍ സ്വീകരിച്ചിരുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ കേന്ദ്ര ഗവണ്‍മെന്റ് നിയമം ഇല്ലാത്തതിനാല്‍ എല്ലാ ഷൊപ്പുകളും തുറക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.