Connect with us

International

വെടിവെപ്പ് ആരംഭിക്കും; പ്രതിഷേധക്കാര്‍ക്കെതിരെ ട്രംപ്, ഉള്ളടക്കം ഒഴിവാക്കി ട്വിറ്റര്‍

Published

|

Last Updated

വാഷിംഗ്ടണ്‍ | അമേരിക്കയില്‍ കറുത്ത വംശജന്‍ ക്രൂരമായി കൊല്ലപ്പെട്ട സംഭവത്തിനെതിരെ ശക്തമായ പ്രതിഷേധം അലയടിക്കുന്നതിനിടെ, മുന്നറിയിപ്പുമായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കവര്‍ച്ച ആരംഭിച്ചാല്‍ വെടിവെപ്പ് തുടങ്ങുമെന്നായിരുന്നു ട്രംപിന്റെ ട്വിറ്ററിലൂടെയുള്ള മുന്നറിയിപ്പ്. അക്രമത്തെ മഹത്വവത്കരിച്ചതിനാല്‍ കമ്പനിയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ച ട്രംപിന്റെ ട്വീറ്റ് ട്വിറ്റര്‍ നീക്കി.

മിന്നെപോളിസിലെ മിനസോട്ടയിലാണ് പ്രതിഷേധം ശക്തമായത്. കറുത്ത വംശജനായ ജോര്‍ജ് ഫ്‌ളോയ്ഡ് പോലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് പ്രതിഷേധം. വെളുത്ത വംശജനായ പോലീസ് ഫ്‌ളോയിഡിനെ കസ്റ്റഡിയിലെടുക്കുകയും കൈയാമം വെച്ച് നിലത്തുകിടത്തി പിരടിയില്‍ കാല്‍മുട്ട് കൊണ്ട് ഞെരിക്കുകയുമായിരുന്നു. മിനുട്ടുകളോളം ഇങ്ങനെ ഞെരിച്ചതിനെ തുടര്‍ന്ന് ഫ്‌ളോയിഡ് നിശ്ചലനായി.

കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു സംഭവം. സാമൂഹിക മാധ്യമങ്ങളിലടക്കം പോലീസുകാരന്റെ ക്രൂരപ്രവൃത്തിയുടെ വീഡിയോ പ്രചരിച്ചതിനെ തുടര്‍ന്ന് വ്യാഴാഴ്ച രാത്രിയോടെയാണ് പ്രതിഷേധം ശക്തമായത്. പ്രതിഷേധക്കാര്‍ മിനപോളിസിലെ പോലീസ് സ്‌റ്റേഷന്റെ ഒരു ഭാഗം കത്തിച്ചിരുന്നു.

ഇത് ചൂണ്ടിക്കാട്ടിയാണ് ട്രംപ് ട്വിറ്ററിലൂടെ മുന്നറിയിപ്പ് നല്‍കിയത്. ട്രംപിന്റെ ട്വീറ്റ് നീക്കം ചെയ്തത് പുതിയ പോര്‍മുഖം തുറന്നാതായാണ് രാഷ്ട്രീയ നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നത്. കഴിഞ്ഞ ദിവസം ട്രംപിന്റെ ട്വീറ്റിന് വസ്തുത പരിശോധനാ അടയാളം ട്വിറ്റര്‍ ചേര്‍ത്തിരുന്നു. ഇതിനെ തുടര്‍ന്ന്, സാമൂഹിക മാധ്യമങ്ങളെ നിയന്ത്രിക്കുന്ന പുതിയ എക്‌സിക്യൂട്ടീവ് ഓര്‍ഡര്‍ ട്രംപ് പുറപ്പെടുവിച്ചിരുന്നു.

Latest