Connect with us

Kollam

സാന്ത്വന സ്പർശത്തിന്റെ മഹിതമാതൃക; മരുന്നെത്തിച്ചത് പുണെയിൽ നിന്ന്

Published

|

Last Updated

കാസർകോട് നിന്ന് കൊല്ലത്തേക്ക് മരുന്നുമായി പുറപ്പെട്ട എസ് വൈ എസ് സാന്ത്വനം വളണ്ടിയർമാർ. എം സി ഖമറുദ്ദീൻ എം എൽ എയെയും കാണാം

കൊല്ലം | പത്ത് വയസ്സുകാരന്റെ ജീവന് തുണയാകാൻ മരുന്ന് പുണെയിൽ നിന്ന്. ചരക്ക് വാഹനങ്ങളിലെ ഡ്രൈവർമാരും സംസ്ഥാനത്തെ പോലീസ് വിഭാഗവുമടക്കം നിരവധി പേർ കൈകോർത്തപ്പോൾ വേണ്ട സമയത്ത് മരുന്നെത്തിക്കാൻ സാധിച്ചതിന്റെ സംതൃപ്തിയിൽ എസ് വൈ എസ് സാന്ത്വനം പ്രവർത്തകർ. കൊല്ലം കരുനാഗപ്പള്ളി വവ്വാകാവിലെ നിസാമുദ്ദീന്റെ 10 വയസ്സുള്ള മകനാണ് 48 മണിക്കൂർ കൊണ്ട് മരുന്നെത്തിച്ചത്.

പുണെയിൽ വിദഗ്ധ ഡോക്ടറുടെ ചികിത്സയിലുള്ള കുട്ടിയുടെ മരുന്ന് അവിടെ മാത്രമാണ് ലഭ്യമാകുക. ലോക്ക്ഡൗണിന് തൊട്ടുമുമ്പ് മരുന്ന് പാർസലായി അയച്ചെങ്കിലും കിട്ടിയിരുന്നില്ല. മരുന്ന് കിട്ടാതെ രോഗം മൂർച്ഛിച്ചതിനെ തുടർന്ന് പിതാവ് നിസാം അ ധികൃതരുമായി ബന്ധപ്പെട്ടെങ്കിലും കൊവിഡിന്റെ പശ്ചാത്തലത്തിൽ കൈമലർത്തുകയായിരുന്നു.

കാസർകോട്ടെ വ്യാപാരി അബ്ദുൽ സലാം പുണെയിലെ ലോറി ജീവനക്കാരുമായി ബന്ധപ്പെട്ടു. അവർ മരുന്നു വാങ്ങി ഡ്രൈവർമാരെ ഏൽപ്പിച്ചു. വ്യാഴാഴ്ച വൈകീട്ട് നാല് മണിക്ക് പുറപ്പെട്ട ലോറി ഇന്നലെ 2:45ന് കർണാടക അതിർത്തിയിൽ എത്തി. ഇതിനിടെ, കുട്ടിയുടെ ആരോഗ്യനില മോശമായി തൊട്ടടുത്ത ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരുന്ന് എത്രയും പെട്ടെന്ന് വേണമെന്ന പിതാവിന്റെ അപേക്ഷയിൽ കാസർകോട് അതിർത്തിയിൽ മരുന്നെത്തിയാൽ ആംബുലൻസിൽ കരുനാഗപ്പള്ളിയിലെത്തിക്കാൻ പദ്ധതിയിട്ടു. ലോക്ക്ഡൗൺ കാലത്ത് പോലീസിന്റെ സഹായമില്ലാതെ ഇത് സാധിക്കില്ലെന്ന് മനസ്സിലായതോടെ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ മുഖ്യമന്ത്രിയെയും ഡി ജി പിയെയും വിളിച്ചു. മരുന്നുമായി വരുന്ന ആംബുലൻസിന് വേണ്ട എല്ലാ സൗകര്യങ്ങളും ചെയ്യാൻ ഐ ജി വിജയ് സാക്കറെക്ക് ഡി ജി പി നിർദേശം നൽകി. പോലീസ് എല്ലാ ജില്ലകളിലും ആവശ്യമായ സൗകര്യങ്ങൾ ഒരുക്കി.

കർണാടക അതിർത്തിയിൽ എസ് വൈ എസ് ജില്ലാ നേതാക്കളായ ശാഫി സഅദി, സിദ്ദീഖ് സഖാഫി എന്നിവരോടൊപ്പം മരുന്ന് ഏറ്റുവാങ്ങാൻ എം സി ഖമറുദ്ദീൻ എം എൽ എ, റസാഖ് ചിപ്പാർ എന്നിവരും എത്തി.
വവ്വാകാവിലെ വീട്ടിൽ എസ് വൈ എസ് സംസ്ഥാന ഉപാധ്യക്ഷൻ ഡോ. പി എ മുഹമ്മദ് കുഞ്ഞി സഖാഫി മരുന്ന് കൈമാറി. പി ആർ വസന്തൻ (സി പി എം ജില്ലാ സെക്രട്ടറി), ആർ രാമചന്ദ്രൻ എം എൽ എ, മെന്പർമാരായ അൻസാർ, ഉണ്ണി, ഡോ. മുഹമ്മദ് ഫാറൂഖ് നഈമി, ശിഹാബ് ക്ലാപ്പന, സഫീർ അഹ്‌സനി സന്നിഹിതരായിരുന്നു. കൊറോണവൈറസ് വ്യാപനം ആരംഭിച്ചത് മുതൽ എസ് വൈ എസ് സാന്ത്വനം ജീവൻ രക്ഷാ മരുന്നുകളും മറ്റ് അത്യാവശ്യ സഹായങ്ങളുമായി സേവന രംഗത്ത് സജീവമാണ്. എറണാകുളത്താണ് സംസ്ഥാന കൺട്രോ ൾ റൂം, വിവിധ ജില്ലകളിൽ ഹെൽപ് ലൈനുകളും പ്രവർത്തിക്കുന്നു.

Latest