Connect with us

Covid19

നിസാമുദ്ദീനില്‍ 200ഓളം പേര്‍ കൊവിഡ് ലക്ഷണങ്ങളോടെ ആശുപത്രിയില്‍; പ്രദേശം പോലീസ് നിയന്ത്രണത്തില്‍

Published

|

Last Updated

ന്യൂഡല്‍ഹി | നിസാമുദ്ദീനില്‍ കോവിഡ് ലക്ഷണങ്ങളോടെ 200ഓളം പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിസാമുദ്ദീനിലെ അലാമി മര്‍കസ് ബംഗ്ലേവാലി മസ്ജിദില്‍ മാര്‍ച്ച് 18ന് തബ് ലീഗ് ജമാഅത്ത് സംഘടിപ്പിച്ച ചടങ്ങില്‍ പങ്കെടുത്തവരിലാണ് രോഗലക്ഷണങ്ങള്‍ കണ്ടെത്തിയത്. മേഖല ഇപ്പോള്‍ പൂര്‍ണമായും പോലീസിന്റെ നിയന്ത്രണത്തിലാണ്.

വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവര്‍ ഉള്‍പ്പെടെ 500ഓളം പേരാണ് ഇതില്‍ പങ്കെടുത്തത്. ഇതില്‍ പങ്കെടുത്ത ആറ് പേര്‍ക്ക് കഴിഞ്ഞ ദിവസങ്ങളിലായി കൊവിഡ് സ്ഥിരീകരിച്ചിരുന്നു. മറ്റുള്ളവരെ കണ്ടെത്താനുള്ള തീവ്രശ്രമത്തിലാണ് പൊലീസ്.അധികൃതരുടെ അനുമതിയില്ലാതെ നടന്ന ചടങ്ങില്‍ വിദേശത്ത് നിന്ന് എത്തിയവര്‍ വരെ പങ്കെടുത്തിട്ടുണ്ടെന്ന് പോലീസ് പറയുന്നു.

പ്രദേശം പൂര്‍ണമായും അടച്ചിട്ടിരിക്കുകയാണെന്നും ഡ്രോണ്‍ ഉപയോഗിച്ച് നിരീക്ഷണം നടത്തുന്നുണ്ടെന്നും പൊലീസ് പറഞ്ഞു. ചടങ്ങില്‍ പങ്കെടുത്തവര്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് സഞ്ചരിച്ചതില്‍ അതീവ ഗൗരവത്തോടെയാണ് അധികൃതര്‍ സംഭവം നിരീക്ഷിക്കുന്നത്.

ഇന്നുമാത്രം 150ല്‍ അധികം പേരെ ആശുപത്രിയിലാക്കി. പുതിയ സാഹചര്യത്തില്‍ വിവിധ സംസ്ഥാനങ്ങളില്‍നിന്ന് ചടങ്ങില്‍ പങ്കെടുത്തരെ നിരീക്ഷിക്കേണ്ടിവരുമെന്നാണ് വിവരം. വെള്ളിയാഴ്ച ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളില്‍ വൈറസ് ബാധ സ്ഥിരീകരിച്ച ആറു പേര്‍ നിസാമുദ്ദീനില്‍ മതചടങ്ങില്‍ പങ്കെടുത്തവരാണെന്നാണ് സൂചന. നിസാമുദ്ദീനില്‍നിന്ന് കൊല്‍ക്കത്ത വഴിയാണ് ഇവര്‍ പോര്‍ട്ട് ബ്ലെയറിലേക്ക് മടങ്ങിയത്.

കഴിഞ്ഞ വ്യാഴാഴ്ച ജമ്മു കശ്മീരിലെ ശ്രീനഗറില്‍ കോവിഡ് ബാധിച്ച് മരിച്ച 65കാരനും നിസാമുദ്ദീനിലെ ചടങ്ങില്‍ പങ്കെടുത്ത ശേഷം ട്രെയിനില്‍ യാത്ര ചെയ്തു തിരികെയെത്തിയാളാണെന്നാണ് വിവരം. ആന്ധ്രപ്രദേശിലെ ഗുണ്ടൂരില്‍ കൊവിഡ് സ്ഥിരീകരിച്ച 52കാരനും ഇതേ ചടങ്ങില്‍ പങ്കെടുത്തയാളാണ്. ഇതിനെല്ലാം പുറമെ തമിഴ്‌നാട്ടില്‍ കോവിഡ് സ്ഥിരീകരിച്ചു മരിച്ച വ്യക്തിയും നിസാമുദ്ദീനില്‍നിന്ന് തിരികെയെത്തിയയാളാണ്.

Latest