Covid19
ബസിലെ സീറ്റില്‍ ഒറ്റക്കിരിക്കാന്‍ കൊവിഡ്ബാധിതനെന്ന് കള്ളം പറഞ്ഞു; യുവാവിന് പരിശോധന
കോഴിക്കോട് |ബസിലെ സീറ്റില്‍ ഒറ്റക്കിരിക്കുന്നതിനായി താന്‍ കൊവിഡ് രോഗബാധിതനാണെന്ന് യുവാവ് കള്ളം പറഞ്ഞതോടെ യാത്രക്കാര്‍ വെട്ടിലായി. അടുത്തിരിക്കാന്‍ വന്നയാളോടായിരുന്നു യുവാവ് ഇങ്ങനെ പറഞ്ഞത്. ഇതോടെ മറ്റു യാത്രക്കാര്‍ പോലീസിനെ വിവരം അറിയിച്ചു. തുടര്‍ന്ന് ബസ് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
കഴിഞ്ഞദിവസം രാവിലെ 6.30ന് താമരശ്ശേരിയിലാണ് സംഭവം.
കോഴിക്കോട്ടു നിന്ന് മൈസൂരുവിലേക്കു പോവുകയായിരുന്നു കെഎസ്ആര്‍ടിസി ബസ്. ഈ ബസ് കൊടുവള്ളിയില്‍ എത്തിയപ്പോള്‍ കയറിയ യാത്രികന് മൈസൂരു സ്വദേശിയായ യുവാവിന്റെ സീറ്റിനരികില്‍ ഇരിക്കാനെത്തി. അപ്പോള്‍ യുവാവ് തനിക്ക് കൊവിഡ് ഉണ്ടെന്നും അടുത്തിരിക്കരുതെന്നും പറയുകയായിരുന്നു.
ഇതു കേട്ട് ഞെട്ടിയ യാത്രക്കാരന് പ്രശ്നം കണ്ടക്ടറുടെ ശ്രദ്ധയില്‍പെടുത്തി. യാത്രക്കാര്‍ പരിഭ്രാന്തരായതോടെ കണ്ടക്ടര്‍ താമരശ്ശേരി പൊലീസ് സ്റ്റേഷനു മുന്പില് ബസ് നിര്‍ത്തി വിവരം അറിയിച്ചു.
ഉടന്‍ തന്നെ പൊലീസ് യാത്രക്കാരനെ ബസില്‍ നിന്നിറിക്കി താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ എത്തിച്ച് പരിശോധനയ്ക്കു വിധേയനാക്കി. പരിശോധനയില്‍ കൊറോണ ലക്ഷണം കണ്ടെത്തിയില്ലെന്ന റിപ്പോര്‍ട്ട് വന്ന ശേഷമാണ് ബസ് വീണ്ടും പുറപ്പെട്ടത്.
എന്നാല്‍ സംഭവം കൈവിട്ടു പോയതോടെ പുതിയ വാദവുമായി യുവാവ് രംഗത്തെത്തി. കൊറോണ മാസ്ക് ധരിക്കാത്തതിനെപ്പറ്റിയാണ് താന്‍ പറഞ്ഞതെന്നും തന്റെ ഭാഷ അടുത്തിരിക്കാന്‍ വന്നയാള്‍ക്കു മനസ്സിലാവാത്തതാണ് പ്രശ്നങ്ങള്‍ക്കു കാരണമെന്നുമാണ് മൈസൂരു സ്വദേശിയായ യുവാവിന്റെ വാദം.