Connect with us

Editorial

സ്ത്രീചൂഷണമാകരുത് ലിംഗനീതി

Published

|

Last Updated

ലിംഗനീതി ഉറപ്പാക്കാതെ ഒരു രാജ്യത്തിനും സമൂഹത്തിനും സമഗ്രമായി വികസിച്ചു എന്ന് അവകാശപ്പെടാനാകില്ലെന്നാണ് ഡല്‍ഹിയില്‍ നടന്ന രാജ്യാന്തര ജുഡീഷ്യല്‍ കോണ്‍ഫറന്‍സില്‍ പ്രസംഗിക്കവെ ശനിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത്. ഇന്ത്യന്‍ ഭരണഘടന ലിംഗനീതിയും തുല്യതയും ഉറപ്പുനല്‍കുന്ന കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി. നേരത്തേ രാജ്യം ഭരിച്ചവരും ലിംഗനീതിയുടെ ആവശ്യകത ഊന്നിപ്പറഞ്ഞിട്ടുണ്ട്. എക്കാലത്തും രാഷ്ട്രീയ നേതാക്കളുടെ പ്രിയപ്പെട്ട വാക്കുകളാണ് ലിംഗനീതി, സ്ത്രീ സമത്വം തുടങ്ങിയവ. എന്നാല്‍ സ്വതന്ത്ര ഇന്ത്യ മുക്കാല്‍ നൂറ്റാണ്ടോളം പിന്നിട്ടിട്ടും ഇന്നും ലിംഗനീതി ഒരു വിദൂരസ്വപ്‌നമാണ്. കഴിഞ്ഞ ഡിസംബറില്‍ പ്രസിദ്ധീകരിച്ച ലോക സാമ്പത്തിക ഫോറത്തിന്റെ പുതിയ സര്‍വേ പ്രകാരം ലിംഗസമത്വത്തില്‍ ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ ഇന്ത്യയുടെ സ്ഥാനം 112 ആണ്.
യഥാര്‍ഥത്തില്‍ എന്താണ് ലിംഗനീതി? ശാരീരിക ഘടനയിലും കായിക ശേഷിയിലും സ്വഭാവത്തിലും വിവിധ കഴിവുകളിലും ഒട്ടേറെ വൈജാത്യങ്ങളുള്ള പുരുഷനും സ്ത്രീക്കുമിടയില്‍ പൂര്‍ണ തോതില്‍ ലിംഗനീതി സാധ്യമല്ലെന്നത് അവിതര്‍ക്കിതമാണ്. പ്രസവവും മുലയൂട്ടും ഇരുവിഭാഗത്തിനും വീതിച്ചെടുക്കാനാകില്ല. അത് സ്ത്രീകള്‍ തന്നെ നിര്‍വഹിച്ചേ പറ്റൂ. കടുത്ത കായിക ശേഷി ആവശ്യമായ ജോലികള്‍ക്ക് സ്ത്രീകളും പറ്റില്ല.

സൈന്യത്തിലെ അധികാര സ്ഥാനങ്ങളില്‍ സ്ത്രീകളെയും പരിഗണിക്കണമെന്നാവശ്യപ്പെട്ട് വനിതാ സൈനികര്‍ സമര്‍പ്പിച്ച ഹരജിയില്‍ എതിര്‍ സത്യവാങ്മൂലം നല്‍കവെ, ഇത്തരം തസ്തികകള്‍ക്ക് സ്ത്രീകള്‍ അനുയോജ്യരല്ലെന്നും സൈനിക തസ്തികകളുടെ കാര്യത്തില്‍ സ്ത്രീ, പുരുഷ ഉദ്യോഗസ്ഥരെ ഒരു പോലെ കാണാന്‍ കഴിയില്ലെന്നുമാണ് കഴിഞ്ഞ മാസം കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ വ്യക്തമാക്കിയത്. കഠിനമായ പോരാട്ട സാഹചര്യങ്ങള്‍ സ്ത്രീ ഉദ്യോഗസ്ഥരുടെ ശാരീരിക ക്ഷമതക്ക് അനുയോജ്യമല്ല. അത്തരം പദവികളില്‍ സ്ത്രീകളെ നിയമിച്ചാല്‍ അത് സൈന്യത്തിന്റെ കരുത്തിനെ സാരമായി ബാധിക്കുമെന്നും സര്‍ക്കാര്‍ അഭിഭാഷകര്‍ ബോധിപ്പിക്കുകയുണ്ടായി.
ലിംഗനീതി പരമാവധി സാധ്യമാകുക രാഷ്ട്രീയ, തൊഴില്‍, ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിലാണ്. എന്നാല്‍ ഭരണ, രാഷ്ട്രീയ രംഗത്ത് ഇന്ത്യന്‍ സ്ത്രീകളുടെ പങ്ക് എത്രത്തോളമാണ്. നിലവിലെ 542 അംഗ പാര്‍ലിമെന്റില്‍ സ്ത്രീകളുടെ എണ്ണം 78 മാത്രം. അഥവാ 14 ശതമാനം. 1998 ജൂണില്‍ അവതരിപ്പിച്ചതാണ് പാര്‍ലിമെന്റില്‍ സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണം ഏര്‍പ്പെടുത്താനുള്ള വനിതാ സംവരണ ബില്‍. 22 വര്‍ഷം പിന്നിട്ടിട്ടും ബില്‍ പാസ്സായിട്ടില്ല. ഒരു പാര്‍ട്ടിക്കുമില്ല ഇക്കാര്യത്തില്‍ ആത്മാര്‍ഥമായ നിലപാട്. മാത്രമല്ല, രാജ്യത്തെ ജനസംഖ്യയില്‍ പകുതിയോളം സ്ത്രീകളാണെന്നിരിക്കെ 33 ശതമാനം സംവരണം നടപ്പാക്കിയാല്‍ തന്നെ അത് ലിംഗനീതിയാകുകയുമില്ല. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ 33 ശതമാനം സംവരണം നിലവിലുണ്ടെങ്കിലും ഈ പദവികളില്‍ മിക്കതിലും പിന്‍സീറ്റ് ഡ്രൈവിംഗാണ് നടക്കുന്നതെന്നത് പരസ്യമായ രഹസ്യമാണ്. തൊഴില്‍ രംഗത്തും സ്ഥിതി വ്യത്യസ്തമല്ല. തുല്യജോലിക്ക് തുല്യവേതനവും ലഭിക്കുന്നില്ല സ്ത്രീകള്‍ക്ക് പല മേഖലകളിലും. ലോക സാമ്പത്തിക ഫോറത്തിന്റെ 2018ലെ റിപ്പോര്‍ട്ടില്‍ പറയുന്നത് രാഷ്ട്രീയം, തൊഴില്‍, ആരോഗ്യം, വിദ്യാഭ്യാസം എന്നീ രംഗങ്ങളില്‍ ലിംഗവിവേചനം ഇല്ലാതാക്കാന്‍ ഇനിയും 108 വര്‍ഷമെങ്കിലും വേണ്ടി വരുമെന്നും അതേസമയം വേതനം ലഭിക്കുന്നതിലെ ലിംഗവിവേചനം അവസാനിപ്പിക്കാന്‍ 200ലേറെ വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടി വരുമെന്നുമാണ്.

പിന്നെ എവിടെയാണ് ലിംഗനീതി? എന്താണ് ഇതുകൊണ്ട് അര്‍ഥമാക്കുന്നത്? കലാലയങ്ങളില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഒന്നിച്ചിരിക്കാനുള്ള അനുമതി, പാര്‍ക്കുകളിലും പൊതുസ്ഥലങ്ങളിലും ഒരുമിച്ചു വിഹരിക്കാനുള്ള സാഹചര്യം, സ്വവര്‍ഗരതിക്കു അനുമതി- ഇതൊക്കെയാണ് ചിലരുടെ ഭാഷയില്‍ ലിംഗസമത്വം. പടിഞ്ഞാറന്‍ രാജ്യങ്ങളിലെ അതിരുവിട്ട സ്ത്രീസ്വാതന്ത്ര്യത്തിലേക്കാണ് ഇത്തരക്കാര്‍ എപ്പോഴും കണ്ണയക്കുന്നത്. ആരാധനാലയങ്ങളില്‍ പുരുഷനൊപ്പം സ്ത്രീകള്‍ക്ക് പ്രവേശനാനുമതി കൈവന്നാല്‍ ലിംഗസമത്വത്തില്‍ അതൊരു വലിയ ചുവടുവെപ്പായി തോന്നുന്നു മറ്റു ചിലര്‍ക്ക്. മോദി സര്‍ക്കാറിന്റെയും സംഘ്പരിവാറിന്റെയും ഭാഷയില്‍ മുത്വലാഖ് നിരോധന നിയമം ലിംഗനീതിയില്‍ വലിയൊരു മുന്നേറ്റമായിരുന്നു. പല വ്യക്തിനിയമങ്ങളിലും ഇസ്‌ലാം ലിംഗവിവേചനം കാണിക്കുന്നുവെന്ന് കുറ്റപ്പെടുത്തുന്ന മോദിയും സഹചാരികളും പക്ഷേ ആര്‍ത്തവമുള്ള പെണ്‍കുട്ടികള്‍ക്ക് അടുക്കളയില്‍ പ്രവേശനം നിരോധിക്കുകയും വിദ്യാര്‍ഥിനികളുടെ അടിവസ്ത്രം അഴിച്ച് ആര്‍ത്തവ പരിശോധന നടത്തുകയും ചെയ്ത ഗുജറാത്ത് ഉന്നത കോളജിലെ നഗ്നമായ ലിംഗവിവേചനം കാണാത്ത ഭാവം നടിക്കുകയും ചെയ്തു.

ലോകം മുതലാളിത്ത വ്യവസ്ഥയിലേക്ക് നീങ്ങിയതോടെയാണ് ലിംഗസമത്വ വാദം ഉയര്‍ന്നതും സ്ത്രീവിമോചന പ്രസ്ഥാനങ്ങള്‍ ഉടലെടുത്തതുമെന്നത് ശ്രദ്ധേയമാണ്. എല്ലാറ്റിനെയും കച്ചവട വസ്തുവായി കാണുന്ന മുതലാളിത്തത്തിന്റെ ഗൂഢതാത്പര്യങ്ങളാണ് ഈ വാദത്തിനു പിന്നില്‍. സ്ത്രീ കേവലം കച്ചവട വസ്തുവാണ് മുതലാളിത്ത കാഴ്ചപ്പാടില്‍. അവളുടെ ശരീരവും സൗന്ദര്യവുമെല്ലാം വില്‍പ്പനച്ചരക്കാണ്. പരസ്യങ്ങളിലെ മുഖ്യ ആകര്‍ഷണ വസ്തു സ്ത്രീസൗന്ദര്യമായതിനു പിന്നിലെ ലോജിക് ഇതാണ്. അവര്‍ ഉത്പാദിപ്പിക്കുന്ന സൗന്ദര്യ വര്‍ധക വസ്തുക്കളുടെ മുഖ്യ വിപണിയും സ്ത്രീ സമൂഹമാണ്. തങ്ങളുടെ സമ്പദ്ഘടന പുഷ്ടിപ്പെടുത്തുന്നതിനുള്ള കേവലം ഒരായുധം മാത്രമാണ് മുതലാളിത്ത ലോകത്തിന് സ്ത്രീ. ടൂറിസത്തിന്റെ വളര്‍ച്ചക്ക് ഭരണകൂടങ്ങളും സ്ത്രീ സൗന്ദര്യം ചൂഷണം ചെയ്യുന്നു. സ്ത്രീ അവളുടെ സുരക്ഷിത മേഖലയായ വീടുകളില്‍ നിന്ന് പൊതുരംഗത്തേക്ക് ഇറങ്ങിവന്നെങ്കില്‍ മാത്രമേ തങ്ങളുടെ ഗൂഢതാത്പര്യങ്ങള്‍ നടപ്പിലാകുകയുള്ളൂവെന്ന് മനസ്സിലാക്കിയ മുതലാളിത്തവും ആധുനിക ഭരണകൂടങ്ങളും ഇതിനായി കണ്ടെത്തിയ മാര്‍ഗമാണ് ലിംഗസമത്വ മുദ്രാവാക്യം. ഈ ചൂഷണത്തെ ആരെങ്കിലും ചോദ്യം ചെയ്താല്‍ അവരെ സ്ത്രീവിരുദ്ധരും പഴഞ്ചന്മാരും അപരിഷ്‌കൃതരുമായി മുദ്രയടിച്ച് ഒറ്റപ്പെടുത്തുകയും നിശ്ശബ്ദരാക്കുകയും ചെയ്യും. സ്ത്രീകള്‍ക്ക് ഇന്നാവശ്യം ഇത്തരം ചൂഷക വിഭാഗങ്ങളില്‍ നിന്നുള്ള മോചനവും സുരക്ഷിതമായി ജീവിക്കാനും വിദ്യാഭ്യാസത്തിനും തൊഴിലെടുക്കാനുമുള്ള സാഹചര്യവുമാണ്.

Latest