Connect with us

Gulf

യു എ ഇയില്‍ പൈപ്പ് പുകയില, ഇ സിഗരറ്റ് നിരോധിക്കുന്നു

Published

|

Last Updated

ദുബൈ | വാട്ടര്‍ പൈപ്പ് പുകയില, ഇ സിഗരറ്റ് എന്നിവയുടെ ഇറക്കുമതിക്ക് പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ യു എ ഇ ഫെഡറല്‍ ടാക്സ് അതോറിറ്റി (എഫ് ടി എ). മുഅസ്സല്‍ എന്നറിയപ്പെടുന്ന ഏത് തരത്തിലുള്ള വാട്ടര്‍ പൈപ്പ് പുകയിലയും “ഡിജിറ്റല്‍ ടാക്സ് സ്റ്റാമ്പുകള്‍” ഇല്ലാതെയുള്ള ഇലക്ട്രോണിക് സിഗരറ്റും ഇറക്കുമതി ചെയ്യുന്നത് നിരോധിക്കുന്നതിനു മുമ്പുള്ള ഒരുക്കമാണിതെന്നാണ് കരുതുന്നത്. ഉത്പന്നങ്ങള്‍ പിന്തുടരാനും നികുതി ശേഖരിക്കാനും അധികാരികളെ ഡിജിറ്റല്‍ സ്റ്റാമ്പ് സഹായിക്കുന്നു. നിരോധനം അടുത്ത മാസം പ്രാബല്യത്തില്‍ വരും.

ജൂണ്‍ മുതല്‍ ഫ്ളാഗ് ചെയ്യാത്ത വാട്ടര്‍ പൈപ്പ് പുകയില അല്ലെങ്കില്‍ ഇലക്ട്രിക് സിഗരറ്റുകള്‍ വില്‍ക്കുകയോ സംഭരിക്കുകയോ ചെയ്യുന്നത് നിയമവിരുദ്ധമായി മാറും. പുതിയ നിയമങ്ങള്‍ ഉപഭോക്താക്കളെ വ്യാജ, ഗുണനിലവാരമില്ലാത്ത ഉത്പന്നങ്ങളില്‍ നിന്ന് സംരക്ഷിക്കാനും സര്‍ക്കാര്‍ വരുമാനം ഉറപ്പാക്കാനും സഹായിക്കുമെന്ന് അധികൃതര്‍ പറഞ്ഞു. ലോകമെമ്പാടും വ്യാജ ഇ-സിഗരറ്റ് ഉത്പന്നങ്ങളുടെ ഉപയോഗം വര്‍ധിച്ചു. ഇത് ഉപയോക്താക്കളുടെ ആരോഗ്യത്തിന് അപകടകരമാണ്.

പുകയില ഉത്പന്നങ്ങളും ഇ-സിഗരറ്റുകളും “പാപനികുതി”ക്ക് വിധേയമാണ്. അവ അടുത്ത കാലത്തായി യു എ ഇയില്‍ വ്യാപിപ്പിക്കുകയും വിപുലീകരിക്കുകയും ചെയ്തിട്ടുണ്ട്.
പുതിയ ചട്ടങ്ങളെക്കുറിച്ച് അവബോധം വ്യാപിപ്പിക്കുന്നതിന് എഫ് ടി എ അടുത്തിടെ നാലാമത്തെ ശില്‍പശാല നടത്തി. ഇത് പ്രാദേശിക വിപണികളില്‍ നിന്നും ഫ്രീ സോണുകളില്‍ നിന്നുമുള്ള വിതരണക്കാരെയും നിരവധി സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും വിദഗ്ധരെയും ഒരുമിപ്പിച്ചു.

പുകയില ഉത്പന്നങ്ങള്‍ ഉത്പാദന കേന്ദ്രത്തില്‍ നിന്ന് എങ്ങോട്ട് പോകുന്നുവെന്ന് ട്രാക്കുചെയ്യാന്‍ ഡിജിറ്റല്‍ ടാക്സ് സ്റ്റാമ്പുകള്‍ സഹായിക്കും. അന്തിമ ഉപഭോക്താവില്‍ എത്തുന്നതുവരെ അവ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്നും എല്ലാ എക്സൈസ് നികുതികളും അടക്കുന്നുണ്ടെന്നും ഇത് ഉറപ്പുവരുത്തുന്നു.