Kerala
ആഭ്യന്തര സെക്രട്ടറിയുടെ റിപ്പോര്‍ട്ടിന് ഒരു വിലയുമില്ല; ചവറ്റുകുട്ടയിലിടണം- ചെന്നിത്തല
തിരുവനന്തപുരം | പേരൂര്‍ക്കട എസ് എ പി ക്യാമ്പില്‍ ക്രൈംബ്രാഞ്ച് വ്യാജവെടിയുണ്ടകള്‍ പിടിച്ചെടുത്തതോടെ സി എ ജി റിപ്പോര്‍ട്ടിനെ തള്ളിക്കൊണ്ട് ആഭ്യന്തര സെക്രട്ടറി നല്കി റിപ്പോര്‍ട്ട് കള്ളമാണെന്ന് തെളിഞ്ഞതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഒരു വശത്ത് കുഴപ്പമൊന്നുമില്ലെന്ന് ആഭ്യന്തര സെക്രട്ടറി റിപ്പോര്‍ട്ട് കൊടുക്കുകയും മറുവശത്ത് ആഭ്യന്തര സെക്രട്ടറിയുടെ കീഴിലുള്ള ക്രൈംബ്രാഞ്ച് വന്‍കുഴപ്പം കണ്ടുപിടിക്കുകയും ചെയ്തിരിക്കുകയാണ്. സി എ ജി റിപ്പോര്‍ട്ട് തള്ളിക്കൊണ്ട് റിപ്പോര്‍ട്ട് നല്കിയ ദിവസം തന്നെ കുഴപ്പങ്ങളും കണ്ടെത്തിയിരിക്കുകയാണ്. ഇതോടെ ഒരു വിലയുമില്ലാതായി മാറിയ ആഭ്യന്തര സെക്രട്ടറിയുടെ റിപ്പോര്‍ട്ട് ചവറ്റുകുട്ടയിലിടണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
സര്‍ക്കാറിനെ ഇപ്പോഴത്തെ പ്രതിസന്ധിയില്‍ നിന്ന് കരകയറ്റാനുള്ള പാഴ് ശ്രമം മാത്രമാണ് ആഭ്യന്തര സെക്രട്ടറിയുടെ റിപ്പോര്‍ട്ട്. മുഖ്യമന്ത്രി പറഞ്ഞു കൊടുത്തത് പോലെ ഒരു റിപ്പോര്‍ട്ട് എഴുതി കൊടുത്തു. സി എ ജി നേരത്തെ പരിശോധിച്ച് കഴമ്പില്ലെന്ന് കണ്ട് തള്ളിക്കളഞ്ഞ കാര്യങ്ങളാണ് ആഭ്യന്തര സെക്രട്ടറി വീണ്ടും റിപ്പോര്‍ട്ടായി നല്‍കിയിരിക്കുന്നത്.
സി എ ജി എല്ലാ പരിശോധനകളും വിശകലനങ്ങളും നടത്തിയ ശേഷം തയ്യാറാക്കിയ റിപ്പോര്‍ട്ടിനെ ആഭ്യന്തര സെക്രട്ടറിയില്‍ നിന്ന് വേഗത്തിലൊരു റിപ്പോര്‍ട്ട് എഴുതി വാങ്ങി നേരിടാനാവുമെന്ന് സര്‍ക്കാര്‍ കരുതുന്നുണ്ടെങ്കില്‍ അത് അസ്ഥാനത്താണെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.