Connect with us

National

കെജ്രിവാളിനെയും ആം ആദ്മി പാര്‍ട്ടിയെയും അഭിനന്ദിച്ച് മോദിയും രാഹുലും

Published

|

Last Updated

ന്യൂഡല്‍ഹി | ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പില്‍ ഗംഭീര വിജയം കൊയ്ത അരവിന്ദ് കെജ്രിവാളിനെയും ആം ആദ്മി പാര്‍ട്ടിയെയും പ്രശംസിച്ച് പ്രധാന മന്ത്രി നരേന്ദ്ര മോദിയും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും. ജനാഭിലാഷം സഫലീകരിക്കുന്നതിനായി പ്രവര്‍ത്തിക്കാന്‍ സാധിക്കട്ടെയെന്ന് മോദി ട്വിറ്ററില്‍ കുറിച്ചു. ഡല്‍ഹി തിരഞ്ഞെടുപ്പില്‍ വിജയിച്ച എ എ പിക്കും അരവിന്ദ് കെജ്‌രിവാളിനും എന്റെ അഭിനന്ദനവും ആശംസകളും എന്നായിരുന്നു രാഹുലിന്റെ ട്വീറ്റ്.

മോദിയുടെയും ആഭ്യന്തര മന്ത്രി അമിത് ഷായുടെയും നേതൃത്വത്തില്‍ ഡല്‍ഹി പിടിക്കാനായി ബി ജെ പി കിണഞ്ഞു ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. ഇരു നേതാക്കളെ കൂടാതെ മറ്റു മന്ത്രിമാരും എം എല്‍ എമാരും ഉള്‍പ്പടെയുള്ളവര്‍ തീവ്ര പ്രചാരണം നടത്തിയിട്ടും കഴിഞ്ഞ തവണത്തെക്കാള്‍ അഞ്ചു സീറ്റ് മാത്രമാണ് ബി ജെ പിക്ക് അധികം നേടാനായത്. 62 സീറ്റുകളില്‍ എ എ പി വിജയം നേടിയപ്പോള്‍ കേന്ദ്ര ഭരണത്തിനു നേതൃത്വം നല്‍കുന്ന ബി ജെ പി എട്ടില്‍ ഒതുങ്ങി. 70 സീറ്റില്‍ 67 ഉം എ എ പി നേടിയ 2015ലെ തിരഞ്ഞെടുപ്പില്‍ മൂന്ന് സീറ്റില്‍ മാത്രമാണ് ബി ജെ പിക്കു വിജയിക്കാനായിരുന്നത്.

അതേസമയം, ഒരുകാലത്ത് ഡല്‍ഹി അടക്കിവാണിരുന്ന കോണ്‍ഗ്രസിന് തുടര്‍ച്ചയായ രണ്ടാം തിരഞ്ഞെടുപ്പിലും അക്കൗണ്ട് തുറക്കാനായില്ല. തുടര്‍ച്ചയായ പരാജയങ്ങള്‍ കോണ്‍ഗ്രസ് നേതൃത്വത്തെ ഇരുത്തിച്ചിന്തിപ്പിക്കുന്നുണ്ട്. പാര്‍ട്ടിയെ തിരികെ കൊണ്ടുവരാന്‍ ചിട്ടയായ പ്രവര്‍ത്തനം നടത്തുമെന്നാണ് രണ്‍ദീപ് സിംഗ് സുര്‍ജേവാല അടക്കമുള്ളവരുടെ പ്രതികരണം.

Latest