Connect with us

Editorial

ദേശീയ സുരക്ഷാ നിയമത്തിന്റെ ദുരുപയോഗം വീണ്ടും

Published

|

Last Updated

ദേശീയ പൗരത്വത്തിനു മതം മാനദണ്ഡമാക്കുന്ന കേന്ദ്രത്തിന്റെ ഭരണഘടനാ വിരുദ്ധ നയത്തിനെതിരായ പ്രതിഷേധം അടിച്ചമർത്തുന്നതിനു പതിനെട്ടാമത്തെ അടവും പ്രയോഗിക്കുകയാണ് സർക്കാർ. പ്രതിഷേധക്കാർക്കെതിരെ ദേശീയ സുരക്ഷാ നിയമം പ്രയോഗിക്കാൻ ഡൽഹി പോലീസിന് അധികാരം നൽകി ഉത്തരവിറക്കിയിരിക്കുന്നു ഡൽഹി ലഫ്റ്റനന്റ് ഗവർണർ അനിൽ ബൈജാല. ജനുവരി 19 മുതൽ ഏപ്രിൽ 18 വരെ ഈ കരിനിയമം പ്രയോഗിക്കാനാണ് അനുമതി. നിയമത്തിലെ സെക്ഷൻ 3 ലെ ഉപവകുപ്പ് (2) പ്രകാരം തടഞ്ഞുവെക്കാനുള്ള അധികാരം പോലീസിന് ഉണ്ടാകുമെന്നു വിജ്ഞാപനത്തിൽ പറയുന്നു. പ്രതിഷേധ സമരങ്ങൾ കൂടുതൽ തീവ്രമായി നടക്കുന്നത് തങ്ങളുടെ മൂക്കിനു താഴെ ഡൽഹിയിലാണെന്നത് കേന്ദ്രത്തിനു കടുത്ത തലവേദന സൃഷ്ടിക്കുന്നുണ്ട്. ജെ എൻ യു, ജാമിഅ മില്ലിയ്യ സർവകലാശാലകളിലും ശഹീൻബാഗ് തുടങ്ങിയ ഡൽഹിയിലെ വിവിധ ഇടങ്ങളിലും പ്രക്ഷോഭം തുടരുകയാണ്. ഇതാണ് ഇത്തരമൊരു കടുത്ത തീരുമാനത്തിന്റെ പിന്നിൽ.

ദേശസുരക്ഷക്ക് ഗൗരവതരമായ ഭീഷണികൾ നേരിട്ടേക്കാവുന്ന സവിശേഷവും അത്യപൂർവവുമായ സാഹചര്യങ്ങളിൽ പ്രയോഗിക്കാനുള്ളതാണ് എൻ എസ് എ. ഇപ്പോൾ രാജ്യവ്യാപകമായി വിമർശിക്കപ്പെടുന്ന യു എ പി എക്കാളും വലിയ കരിനിയമമാണിത്. 1980 സെപ്തംബർ 23ന് ഇന്ദിരാ ഗാന്ധി സർക്കാറാണ് എൻ എസ് എ കൊണ്ടുവന്നത്. അതിനു മുമ്പുണ്ടായിരുന്ന ദേശീയ സുരക്ഷാ ഓർഡിൻസിന്റെ ചുവടു പിടിച്ചായിരുന്നു നിയമ നിർമാണം. 1984,85, 89 വർഷങ്ങളിൽ നിയമത്തിൽ സർക്കാർ പിടിമുറുക്കുന്ന തരത്തിലുള്ള മാറ്റങ്ങൾ വരുത്തുകയും ചെയ്തു. 2017ൽ ഭീം ആർമി തലവൻ ചന്ദ്രശേഖർ ആസാദിനെ ഈ നിയമപ്രകാരം പോലീസ് അറസ്റ്റ് ചെയ്ത്15 മാസം തടങ്കലിൽ പാർപ്പിച്ചിരുന്നു. മണിപ്പുരിലെ മാധ്യമപ്രവർത്തകൻ കിശോർചന്ദ്ര വാങ്കേക്ക് നേരേയും ഉത്തർ പ്രദേശിലും മധ്യപ്രദേശിലും പശുവിനെ അറുത്തതിന്റെ പേരിൽ അറസ്റ്റ് ചെയ്യപ്പെട്ടവർക്കു നേരേയും ഇത് പ്രയോഗിച്ചു. ഗോഹത്യയുടെ പേരിൽ കൊലപാതകവും കലാപവും അഴിച്ചുവിട്ടവർക്കെതിരെ നിസ്സാര വകുപ്പനുസരിച്ചു പോലും കേസെടുക്കാതെയാണ് പശുവിനെ അറുത്തതിന് ഭീകരവിരുദ്ധ നിയമം ചുമത്തിയത്. 2001 മുതൽ 14 ലക്ഷം പേരെ ഈ നിയമത്തിൻ കീഴിൽ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നാണ് ഏകദേശ കണക്ക്. രാജ്യത്തെ എല്ലാവിധ കുറ്റകൃത്യങ്ങളുടെയും വിവരങ്ങൾ ശേഖരിച്ച് വിശകലനം ചെയ്യുന്ന നാഷനൽ ക്രൈം റെക്കോർഡ്‌സ് ബ്യൂറോക്കു പോലും ഈ കേസുകളുടെ കണക്കെടുക്കാൻ അവകാശമില്ല.

[irp]

അതുകൊണ്ടു തന്നെ ഇന്നോളം ഈ കരിനിയമം ചുമത്തി എത്രപേരെ അറസ്റ്റു ചെയ്തു തടങ്കലിൽ പാർപ്പിച്ചു പീഡിപ്പിച്ചുവെന്നതിന്റെ വ്യക്തമായ കണക്കുകൾ ലഭ്യമല്ല.
സാധാരണ നിയമമനുസരിച്ചു കസ്റ്റഡിയിൽ എടുക്കുമ്പോഴും അറസ്റ്റ് ചെയ്യുമ്പോഴും വ്യക്തികൾക്ക് ലഭ്യമാകുന്ന അവകാശങ്ങളൊന്നും ദേശീയ സുരക്ഷാ നിയമത്തിൽ ലഭ്യമല്ല. സാധാരണ അറസ്റ്റിൽ അത് നിർവഹിക്കാൻ വരുന്ന പോലീസ് ഉദ്യോഗസ്ഥർ സ്വന്തം പേരും റാങ്കും വെളിപ്പെടുത്തേണ്ടതുണ്ട്. സ്ത്രീകളെ അറസ്റ്റ് ചെയ്യുന്നത് സ്ത്രീ ഉദ്യോഗസ്ഥർ ആയിരിക്കണം, അതും പകൽ നേരങ്ങളിൽ മാത്രം. അറസ്റ്റ് ചെയ്യപ്പെടുന്ന വ്യക്തിയെ 24 മണിക്കൂർ നേരത്തിനകം കോടതിയിൽ ഹാജരാക്കിയിരിക്കണം. തനിക്കിഷ്ടമുള്ള അഭിഭാഷകന്റെ നിയമസഹായം തേടാനും അറസ്റ്റ് ചെയ്യപ്പെടുന്ന വ്യക്തിക്കാകും. ആരോഗ്യനില മോശമാണന്ന് തോന്നുന്ന പക്ഷം ഡോക്ടറുടെ സഹായം തേടാനും അവകാശമുണ്ട്. ഇത്തരം അവകാശങ്ങളൊന്നും ദേശീയ സുരക്ഷാ നിയമത്തിനു ബാധകമല്ല. വ്യക്തികളെ 12 മാസം വരെ കുറ്റങ്ങളൊന്നും ചുമത്താതെ തടവിൽ വെക്കാൻ ഈ നിയമം അധികാരം നൽകുന്നു. അറസ്റ്റ് ചെയത് പത്ത് ദിവസം വരെ എന്തിനാണ് കസ്റ്റഡയിലെടുത്തതെന്നു ഉദ്യോഗസ്ഥർക്ക് അറിയിക്കേണ്ടതില്ല. തടങ്കലിൽ പാർപ്പിച്ച വ്യക്തിക്കു ഹൈക്കോടതി ഉപദേശക സമിതി മുമ്പാകെ അപ്പീൽ സമർപ്പിക്കാമെങ്കിലും വിചാരണ സമയത്ത് വക്കീലിനെ വെക്കാനുള്ള അനുമതിയുണ്ടാകില്ല.

രാജ്യത്ത് പൊതുസുരക്ഷ ഉറപ്പാക്കേണ്ടതും ഭീകരവാദത്തിനും തീവ്രവാദത്തിനും എതിരെ നിയമനടപടി സ്വീകരക്കേണ്ടതും ആവശ്യം തന്നെ. എന്നാൽ പ്രതിഭീകരതക്ക് നിയമങ്ങൾ നിർമിക്കുമ്പോൾ അത് തീർത്തും മനുഷ്യാവകാശങ്ങൾ മാനിച്ചു കൊണ്ടായിരിക്കണം. ഭരണഘടന അനുവദിച്ച, പ്രതിഷേധിക്കാനും വിയോജിക്കാനുമുള്ള അവകാശത്തെ ഹനിച്ചു കൊണ്ടാകരുത്. ജനാധിപത്യത്തിന്റെ സേഫ്റ്റി വാൾവ് എന്നാണ് വിയോജിപ്പ് പ്രകടിപ്പിക്കാനുള്ള അവകാശത്തെ ഭീമാ കൊറേഗാവ് കേസിൽ സുപ്രീംകോടതി വിശേഷിപ്പിച്ചത്. എന്നാൽ കേന്ദ്രസർക്കർ ആവിഷ്‌കരിച്ച ദേശസുരക്ഷാ നിയമം മനുഷ്യാവകാശങ്ങളുടെ ലംഘനങ്ങളുടേതാണ്. ഭരണകൂടത്തിന്റെ തെറ്റായ തീരുമാനങ്ങളോട് വിയോജിക്കുന്നവരെയും സമാധാനപരമായി പ്രതിഷേധിക്കുന്നവരെയും അടിച്ചമർത്താനാണ് ഇവ മുഖ്യമായും ഉപയോഗപ്പെടുത്തുന്നത.് മണിപ്പൂരിൽ മുഖ്യമന്ത്രി ബീരേൻ സിംഗിനെതിരെ ഒരു ഫേസ്ബുക്ക് പോസ്റ്റ് ഇട്ടതിനാണ് പത്രപ്രവർത്തകൻ കിഷോർ ചന്ദ്ര വാങ്കെമിനെതിരെ ദേശീയ സുരക്ഷാ നിയമം ചുമത്തി അറസ്റ്റ് ചെയ്തതും അദ്ദേഹത്തിന് ഒരു വർഷത്തോളം ജയിലിൽ അഴിയെണ്ണി കിടക്കേണ്ടി വന്നതും.

ഡൽഹിയിൽ ഇപ്പോൾ നടന്നത് ദേശീയ സുരക്ഷാ നിയമത്തിന്റെ പ്രകടമായ ദുരുപയോഗമാണ്. തീർത്തും സമാധാനപരമായ പ്രതിഷേധങ്ങളാണ് അവിടെ സർവകാലാശാലകളിലും ശഹീൻബാഗിലുമെല്ലാം നടക്കുന്നത്. പൗരത്വ നിയമ ഭേദഗതി ഇത്ര വലിയ പ്രതിഷേധം സൃഷ്ടിക്കുമെന്ന് കേന്ദ്രം നിനച്ചില്ല. അത് വേണ്ടായിരുന്നുവെന്നു ഇപ്പോൾ പാർലിമെന്റിൽ് അതിനെ അനുകൂലിച്ച എൻ ഡി എ ഘടക കക്ഷികളിലും ബി ജെ പി നേതൃത്വത്തിന് തന്നെയും അഭിപ്രായം ഉയർന്നെങ്കിലും വെച്ച കാൽ പിറകോട്ടില്ലെന്ന പിടിവാശിയിലാണ് അമിത്ഷായും മോദിയും. എൻ എസ് എ വകുപ്പനുസരിച്ചു പോലീസിനു അനിയന്ത്രിതമായ അധികാരം കൈവരുമ്പോൾ സംഭവിക്കുന്നത് സ്വാഭാവിക നീതിയുടെയും മൗലികാവകാശങ്ങളടെയും ലംഘനമാണ്. വരുംനാളുകൾ അത് ഡൽഹിയെ കൂടുതൽ പ്രക്ഷുബ്ധമാക്കിയേക്കും.

Latest