Connect with us

Kerala

സ്റ്റേ ഇല്ല; സംസ്ഥാനത്ത് പ്ലാസ്റ്റിക് നിരോധനം ഇന്ന് മുതല്‍

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് പ്ലാസ്റ്റിക് നിയന്ത്രണം ഇന്ന് മുതല്‍ നിലവില്‍വന്നു. നിരോധന ഉത്തരവ് സ്‌റ്റേ ചെയ്യാന്‍ ഹൈക്കോടതി വിസമ്മതിച്ചു. സ്‌റ്റേ ആവശ്യപ്പെട്ട് നോണ്‍ വോണണ്‍ ബാഗ് മാനുഫാക്‌ചേഴ്‌സ് അസോസിയേഷനാണ് ഹരജി സമര്‍പ്പിച്ചിരുന്നത്. എന്നാല്‍, നോണ്‍ വോവണ്‍ ബാഗുകള്‍ സംഭരിക്കുന്നവര്‍ക്കെതിരായ നടപടികള്‍ കോടതി വിലക്കി. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിനാണ് നിരോധനം ഏര്‍പ്പെടുത്തിയിട്ടുള്ളത്. നിരോധനം കര്‍ശനമായി നടപ്പാക്കാന്‍ ജില്ലാ ഭരണകൂടങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

എല്ലാത്തരം പ്ലാസ്റ്റിക് സഞ്ചികള്‍ക്കും നിയന്ത്രണമുണ്ട്. പ്ലാസ്റ്റിക് ആവരണമുള്ള പ്ലേറ്റ്, കപ്പ്, സ്പൂണ്‍, സ്ട്രോ എന്നിവയും നിരോധിത പട്ടികയിലുണ്ട്. പ്ലാസ്റ്റിക് അലങ്കാര സാധനങ്ങളും അര ലിറ്ററിന് താഴെയുള്ള കുടിവെള്ള കുപ്പികളും ഇനി മുതല്‍ ഉപയോഗിക്കാനാകില്ല. ഫ്‌ളക്സുകളും പ്ലാസ്റ്റിക് കോട്ടുള്ള ബാനറുകളും നിരോധിച്ചിട്ടുണ്ട്. നിരോധിക്കപ്പെട്ട വസ്തുക്കളുടെ പട്ടിക ഉള്‍പ്പടെ വ്യാപാരികള്‍ക്ക് നല്‍കിയിട്ടുണ്ട്. ഇവ സൂക്ഷിക്കുന്നത് പോലും കുറ്റകരമാണ

ആഹാരവും പച്ചക്കറിയും പൊതിയുന്ന ക്ലിങ് ഫിലിം, മുന്‍കൂട്ടി അളന്നുവെച്ച ധാന്യങ്ങള്‍, പയര്‍വര്‍ഗങ്ങള്‍, പഞ്ചസാര എന്നിവ സൂക്ഷിക്കുന്ന പ്ലാസ്റ്റിക് സഞ്ചികള്‍ എന്നിവക്ക് നിരോധനം ബാധകമല്ല. മുറിച്ച മീനും ഇറച്ചിയും സൂക്ഷിക്കുന്ന കവര്‍, കയറ്റുമതിക്കുള്ള പ്ലാസ്റ്റിക് വസ്തുക്കള്‍, ആരോഗ്യ പരിപാലനത്തിനുള്ള പ്ലാസ്റ്റിക് വസ്തുക്കള്‍, ബ്രാന്‍ഡഡ് ഉത്പന്നങ്ങളുടെ പാക്കറ്റ് എന്നിവയും ഉപയോഗത്തിലുണ്ടാകും.

മില്‍മ വഴി ദിവസേന ഉപഭോക്താക്കളിലെത്തുന്ന 31 ലക്ഷം പാല്‍കവറുകള്‍ തിരിച്ചെടുത്ത് ക്ലീന്‍ കേരള കമ്പനിയുമായി ചേര്‍ന്ന് സംസ്‌കരിക്കും. പ്ലാസ്റ്റിക്കിന് ബദലായി തുണിസഞ്ചികള്‍ വിപണിയിലെത്തിക്കാന്‍ കുടുംബശ്രീ മുന്നിലുണ്ട്. 3000 യൂനിറ്റുകള്‍ വഴിയാണ് തുണി, ചണം, പേപ്പര്‍ സഞ്ചികള്‍ നിര്‍മിക്കുന്നത്. പാള പ്ലേറ്റ് ഉള്‍പ്പെടെ മറ്റു പ്രകൃതിസൗഹൃദ ഉത്പന്നങ്ങളുടെ നിര്‍മാണവും വിതരണവും ഊര്‍ജിതമാക്കും.