Connect with us

International

മുസ്‌ലിം ലോകത്തെ ഭിന്നിപ്പിക്കുമെന്ന് ആശങ്ക; മലേഷ്യ ഉച്ചകോടിയില്‍ നിന്ന് പാക്കിസ്ഥാന്‍ പിന്മാറി

Published

|

Last Updated

ഇസ്‌ലാമാബാദ്: മലേഷ്യയില്‍ വ്യാഴാഴ്ച ആരംഭിക്കുന്ന മുസ്‌ലിം രാഷ്ട്രനേതാക്കളുടെ അന്താരാഷ്ട്ര ഉച്ചകോടിയില്‍ നിന്ന് പാക്കിസ്ഥാന്‍ പിന്മാറി. മുസ്‌ലിം ലോകത്തെ ഭിന്നിപ്പിക്കുമെന്ന ആശങ്കയാണ് ഉച്ചകോടിയില്‍ നിന്ന് പിന്മാറാന്‍ പ്രേരിപ്പിച്ചതെന്ന് പാക് വിദേശകാര്യ മന്ത്രി ഷാ മുഹമ്മദ് ഖുറേശി വ്യക്തമാക്കി. ഈ സാഹചര്യത്തില്‍ ഉച്ചകോടി മാറ്റിവക്കണമെന്ന് പാക്കിസ്ഥാന്റെ ഗള്‍ഫ് സഖ്യ കക്ഷികളായ സഊദി അറേബ്യയും യു എ ഇയും ആവശ്യപ്പെട്ടു. ക്വാലാലംപൂരില്‍ മലേഷ്യന്‍ പ്രധാന മന്ത്രി മഹാതിര്‍ മുഹമ്മദിന്റെ ആതിഥേയത്വത്തിലാണ് ഉച്ചകോടി സംഘടിപ്പിച്ചിട്ടുള്ളത്.

താനോ പ്രധാന മന്ത്രി ഇമ്രാന്‍ ഖാനോ സമ്മേളനത്തില്‍ പങ്കെടുക്കില്ലെന്ന് പാക് തലസ്ഥാനത്ത് റിപ്പോര്‍ട്ടര്‍മാരോട് സംസാരിക്കവെ ഖുറേശി പറഞ്ഞു. റിയാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന 57 അംഗ സ്റ്റേറ്റ് ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോ ഓപ്പറേഷനില്‍ (ഒ ഐ സി) ഭിന്നിപ്പുണ്ടാകാന്‍ ഉച്ചകോടി വഴിവെക്കുമെന്നും പുതിയ ബ്ലോക്ക് സൃഷ്ടിക്കപ്പെടുമെന്നുമുള്ള ആശങ്ക സഊദി ഉയര്‍ത്തിയതാണ് പിന്മാറ്റത്തിന് കാരണമെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍, ഇത് മലേഷ്യ നിഷേധിച്ചിട്ടുണ്ട്.

മലേഷ്യന്‍ സര്‍ക്കാറിന്റെ പിന്തുണയോടെ സര്‍ക്കാറിതര സംഘടനയുടെ നേതൃത്വത്തില്‍ നടക്കുന്ന അഞ്ചാം ഉച്ചകോടിയാണിതെന്നും വിമര്‍ശകര്‍ ഉയര്‍ത്തുന്നതു പോലെ പുതിയ ബ്ലോക്ക് സൃഷ്ടിക്കാന്‍ ഉദ്ദേശിച്ചുള്ളതല്ലെന്നും പ്രധാന മന്ത്രി മഹാതിര്‍ മുഹമ്മദ് വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു. മുസ്‌ലിം രാഷ്ട്രങ്ങളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുന്നതിനാണ് ഉച്ചകോടിയെന്നും അല്ലാതെ മതത്തെയോ മതസംബന്ധമായ കാര്യങ്ങളെയോ കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇക്കാര്യം സഊദി രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സൗദിനെ വീഡിയോ കോണ്‍ഫറന്‍സ് വഴി അറിയിച്ചിട്ടുള്ളതുമാണ്.

വിവിധ വിഷയങ്ങളില്‍ ചര്‍ച്ച നടത്തുന്നതിനായി പാക് പ്രധാന മന്ത്രി ഇമ്രാന്‍ ഖാന്‍ സഊദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനുമായി കൂടിക്കാഴ്ച നടത്തി ദിവസങ്ങള്‍ക്കകമാണ് പാക്കിസ്ഥാന്റെ പിന്മാറ്റ പ്രഖ്യാപനമുണ്ടായത്. ഇന്ത്യന്‍ അധീന കശ്മീരില്‍ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളെ കുറിച്ച് സ്വതന്ത്ര അന്വേഷണം പ്രഖ്യാപിക്കാന്‍ സംഘടന തയാറാകണമെന്ന് ഒ ഐ സിയിലെ സജീവ അംഗമായ പാക്കിസ്ഥാന്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു.

Latest