Connect with us

International

ലബനാനിൽ പ്രക്ഷോഭകരും സൈന്യവും ഏറ്റുമുട്ടി; നിരവധി പേർക്ക് പരുക്ക്

Published

|

Last Updated

ബെയ്‌റൂത്ത് | ലബനാൻ തലസ്ഥാനമായ ബെയ്‌റൂത്തിൽ സർക്കാർവിരുദ്ധ പ്രക്ഷോഭകരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടി. പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പോലീസ് റബ്ബർ ബുള്ളറ്റുകളും കണ്ണീർ വാതക ഷെല്ലുകളും ജലപീരങ്കിയും പ്രയോഗിച്ചു.

നിരവധി പ്രക്ഷോഭകർക്ക് പരുക്കേറ്റു. രണ്ട് മാസമായി തുടരുന്ന പ്രക്ഷോഭം ഇന്നലെ രാവിലെ ഏറ്റവും ശക്തമാകുകയായിരുന്നു. ഏറ്റുമുട്ടൽ എട്ട് മണിക്കൂറോളം നീണ്ടു. കണ്ണീർവാതക പ്രയോഗത്തെ നേരിടാൻ പ്രതിഷേധക്കാർ തെരുവുകളിൽ മാലിന്യക്കൂമ്പാരങ്ങൾക്ക് തീയിട്ടു.

46 പേർക്ക് പരുക്കേറ്റതായും ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും റെഡ് ക്രോസും ലെബനാൻ സിവിൽ ഡിഫൻസും അറിയിച്ചു. പോലീസിന് നേരെ കല്ലെറിഞ്ഞ പ്രക്ഷോഭകർ സുരക്ഷാ സേനക്കും സർക്കാറിനുമെതിരെ മുദ്രാവാക്യം മുഴക്കി. പ്രധാന ലബനാൻ പാർട്ടികളിലൊന്നായ കത്തെയ്ബിന്റെ ആസ്ഥാനത്തേക്കും സംഘർഷം ഒരു ഘട്ടത്തിൽ വ്യാപിച്ചു. കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് രാജ്യം നേരിടുന്നത്.

30 വർഷത്തെ അധികാര ദുർവിനിയോഗവും അഴിമതിയുമാണ് ഇത്തരമൊരു സ്ഥിതിയിൽ രാജ്യത്തെക്കൊണ്ടെത്തിച്ചതെന്നാണ് പ്രക്ഷോഭകരുടെ ആരോപണം.

പുതിയ പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കുന്നതിന്റെ ഭാഗമായി പ്രസിഡന്റ് വിവിധ പാർലിമെന്ററി പാർട്ടികളുമായി ചർച്ച നടത്തിയിരുന്നു. ഇതിന് രണ്ട് ദിവസം കഴിഞ്ഞാണ് സംഘർഷമുണ്ടായത്.

രാജ്യവ്യാപകമായ സർക്കാർവിരുദ്ധ പ്രക്ഷോഭത്തെ തുടർന്ന് മുൻ പ്രധാനമന്ത്രി സാദ് ഹരീരി ഒക്ടോബർ 29ന് രാജിവെച്ചിരുന്നു.

Latest