Connect with us

Kerala

ദളിത് വിദ്യാർഥിനിയുടെ ആത്മഹത്യ; അന്വേഷണം വ്യാപിപ്പിച്ച് പോലീസ്

Published

|

Last Updated

കോഴിക്കോട് | കാരശ്ശേരിയിൽ ദളിത് വിദ്യാർഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ പോലീസ് കൂടുതൽ അന്വേഷണത്തിന്. ഇത് സംബന്ധിച്ച് കൂടുതൽ തെളിവുകൾ ശേഖരിക്കാനൊരുങ്ങുകയാണ് പോലീസ്.
അറസ്റ്റിലായ യുവാവ് പെൺകുട്ടിയുമായി കക്കാടം പൊയിൽ പോയതിന്റെ സി സി ടി വി ദൃശ്യങ്ങൾ പോലീസ് പരിശോധിക്കും. മൊബൈൽ ഫോണിലെ വിവരങ്ങളും നിർണായകമാണ്. അതേസമയം പെൺകുട്ടിയുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ഇന്ന് ലഭിച്ചേക്കും.
മൊബൈൽ ഫോൺ കൂടുതൽ പരിശോധനക്കായി കണ്ണൂർ ലാബിലേക്ക് അയച്ചിട്ടുണ്ട്. ഇതിന്റെ ഫലം ഉടൻ ലഭ്യമാകും. പ്രതിയെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. 306ാം വകുപ്പ് പ്രകാരം ആത്മഹത്യ പ്രേരണ കുറ്റത്തിനാണ് മുക്കം പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്.

താമരശ്ശേരി ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന ബന്ധുക്കളുടെ പരാതിയിൽ പോക്‌സോ വകുപ്പ് കൂടി ചുമത്താനാകുമോ എന്ന് പോലീസ് പരിശോധിക്കുന്നുണ്ട്.
ചൊവ്വാഴ്ച പരീക്ഷ കഴിഞ്ഞ് വീട്ടിലെത്തിയ പെൺകുട്ടിയെ വൈകുന്നേരം വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പോലീസിന് ലഭിച്ച 50 പേജുകളുള്ള ഡയറിയിൽ പ്രണയം തുടങ്ങിയത് മുതലുള്ള മുഴുവൻ കാര്യങ്ങളും രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് വിവരം. പെൺകുട്ടിയും യുവാവും തമ്മിലുള്ള കല്യാണക്കത്തുകൾ വരെ തയ്യാറാക്കി വെച്ചിരുന്നതായും ഡയറി പരിശോധിച്ചതിൽ നിന്ന് വ്യക്തമായി.

ഓരോ ദിവസത്തേയും സംഭവങ്ങൾ തീയതി വെച്ച് തന്നെ എഴുതിയത് പോലീസിന് കാര്യങ്ങൾ എളുപ്പമാകും. മരണത്തിന്റെ തലേ ദിവസം എഴുതിയതെന്ന് കരുതുന്ന മരണം എത്ര സുന്ദരം എന്ന കുറിപ്പും പോലീസ് കണ്ടെടുത്തിട്ടുണ്ട്. യുവാവുമായി പ്രണയമുണ്ടായിരുന്നതായി പെൺകുട്ടിയുടെ സഹപാഠികളും സാക്ഷ്യപ്പെടുത്തുന്നു. ആൺ സുഹൃത്തിന്റെ മാനസിക പീഡനം മൂലമാണ് മരണമെന്ന ആരോപണമായി കുടുംബവും രംഗത്തെത്തിയിട്ടുണ്ട്. പുറത്തിറങ്ങിയാൽ കൊന്നുകളയുമെന്ന് പെൺകുട്ടിയുടെ സഹോദരനെ യുവാവ് ഭീഷണിപ്പെടുത്തിയെന്നും പെൺകുട്ടിയുടെ അമ്മ പറഞ്ഞു. യുവാവിന്റെ മാതാവും സഹോദരിയും ഭീഷണിപ്പെടുത്തിയിരുന്നെന്ന് പെൺകുട്ടിയുടെ സഹോദരിയും വെളിപ്പെടുത്തി. പെൺകുട്ടിയുടെ സഹപാഠികളുടേയും സഹോദരന്റെ വെളിപ്പെടുത്തലും പോലീസ് ഗൗരവത്തോടെയാണ് കാണുന്നത്.

Latest