Connect with us

Gulf

ശൈഖ് സായിദ് ഫെസ്റ്റിവലിന് അബുദാബി അല്‍ വത്ബയില്‍ തുടക്കമായി

Published

|

Last Updated

അല്‍ വത്ബ | രാഷ്ട്ര പിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്റെ നാമദേയത്തില്‍ നടത്തുന്ന ശൈഖ് സായിദ് ഫെസ്റ്റിവലിന് അബുദാബി അല്‍ വത്ബയില്‍ തുടക്കമായി. രാജ്യത്തെ ഏറ്റവും വലിയ ഇമാറാത്തി പൈതൃക ഉത്സവങ്ങളിലൊന്നായ ശൈഖ് സായിദ് പൈതൃക മഹോത്സവം യുഎഇ പ്രസിഡണ്ട് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാന്റെ രക്ഷാകര്‍തൃത്വത്തില്‍ അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേന ഉപ മേധാവിയുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്റെ പിന്തുണയോടെയാണ് നടക്കുന്നത്.

ഇമറാത്തി ജനതയുടെ സാംസ്‌കാരിക പൈതൃകം ശക്തിപ്പെടുത്തുന്നതിനും അതിന്റെ മൂല്യങ്ങള്‍ വളര്‍ത്തിയെടുക്കുന്നതിനും ശൈഖ് സായിദിന്റെ തത്ത്വങ്ങള്‍ യുവജനങ്ങളുടെ ഹൃദയത്തില്‍ ഉറച്ചുനില്‍ക്കുന്നതിനുമാണ് സായിദ് ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നതെന്ന് സംഘടക സമിതി വ്യക്തമാക്കി. നാല് വര്‍ഷം മുമ്പ് ഉപപ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍ കാര്യമന്ത്രിയുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്‌യാന്റെ മേല്‍നോട്ടത്തിലാണ് മഹോത്സവം ആരംഭിച്ചത്. താമസക്കാരെയും വിനോദ സഞ്ചാരികളെയും ആകര്‍ഷിക്കാന്‍ പ്രാപ്തിയുള്ള അന്താരാഷ്ട്ര സാംസ്‌കാരിക ഉത്സവമായ സായിദ് മഹോത്സവം 2019 നവംബര്‍ 29 മുതല്‍ 2020 ഫെബ്രുവരി 1 വരെ വൈകിട്ട് നാല് മുതല്‍ രാത്രി 10 വരെയാണ് നടക്കുക. യുഎഇയില്‍ നിന്നുള്ള 15,000 ത്തിലധികം ഗോത്രവര്‍ഗക്കാരാണ് പങ്കെടുക്കുന്നത് ഈ വര്‍ഷത്തെ സായിദ് പൈതൃക ഉത്സവത്തിന്റെ പ്രത്യേകതയാണ്. സായിദ് മഹോത്സവത്തില്‍ തത്സമയ സംഗീതം, കലാ പ്രദര്‍ശനങ്ങള്‍, നൃത്തം എന്നിവക്ക് പുറമെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഗോത്രവര്‍ഗക്കാര്‍ അവരുടെ സാംസ്‌കാരിക പൈതൃകം ആഘോഷിക്കുന്നതിനായി ഒത്തുചേരുന്ന മാര്‍ച്ച് പ്രത്യേകതയാണ്. യു എ ഇ യിലെ ഭരണാധികാരികള്‍ക്ക് പുറമെ വിദേശ രാജ്യങ്ങളിലെ ഭരണാധികാരികളും മഹോത്സവം സന്ദര്‍ശിക്കാനെത്തും. കഴിഞ്ഞ വര്‍ഷം സൗദി അറേബ്യയിലെ സല്‍മാന്‍ രാജാവ് മഹോത്സവത്തിനെത്തിയിരുന്നു . യുഎഇയുടെ സ്ഥാപക പിതാവ് പരേതനായ ശൈഖ് സായിദിന്റെ സ്മരണക്കയാണ് മഹോത്സവത്തിന് സായിദ് പൈതൃക ഉത്സവം എന്ന് പേര് നല്‍കിയത്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ചു ഉത്സവം കൂടുതല്‍ ആകര്‍ഷകമാക്കുന്നതിന് വിവിധ പരിപാടികള്‍ ഉള്‍പ്പെടുത്തി വിപുലീകരിച്ചതായി സംഘടകര്‍ അറിയിച്ചു. അന്താരാഷ്ട്ര പൈതൃക പരിപാടികള്‍ , തീം പാര്‍ക്ക്, മോട്ടോര്‍ ഷോകള്‍, കുട്ടികളുടെ കളിസ്ഥലം എന്നിവ ഈ വര്‍ഷത്തെ പ്രത്യേകതയാണ്. കഴിഞ്ഞ വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്തമായി ഈ വര്‍ഷം 40 രാജ്യങ്ങളില്‍ നിന്നുള്ള കലാകാരന്‍മാര്‍ പങ്കെടുക്കുന്നുണ്ട്.

Latest