Connect with us

Malappuram

മമ്പാട് എം ഇ എസ് കോളജ്: എം എസ് എഫിനെതിരെ കെ എസ് യു മുദ്രാവാക്യം

Published

|

Last Updated

മലപ്പുറം | “പച്ചക്കൊടിയും തേങ്ങാപൂളും എം എസ് എഫിന് പൊന്നാണെങ്കില്‍ കെ എസ് യുവിന് പുല്ലാണെ” മമ്പാട് എം ഇ എസ് കോളജില്‍ നടന്ന യൂനിയന്‍ തിരഞ്ഞെടുപ്പ് വിജയിച്ച ശേഷം നടന്ന ആഹ്ലാദ പ്രകടനത്തില്‍ കെ എസ് യു പ്രവര്‍ത്തകരുടെ മുദ്രാവാക്യം സാമൂഹിക മാധ്യമങ്ങളിലടക്കം വൈറലായി.

അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിയാളുകള്‍ രംഗത്തെത്തി. ഇതില്‍ പ്രതിഷേധിച്ച് ഇന്നലെ മമ്പാട് അങ്ങാടിയില്‍ നടന്ന എം എസ് എഫ് പ്രകടനത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ തെറി വിളിക്കുന്ന മുദ്രാവാക്യങ്ങളാണ് ഉയര്‍ന്നത്. പരസ്പരം മുന്നണി സംവിധാനത്തോടെ പോകുമ്പോഴാണ് വിദ്യാര്‍ഥി സംഘടനകള്‍ തമ്മില്‍ പരസ്പരം പോരാടുന്നത്.

ഈ വര്‍ഷത്തെ കോളജ് യൂനിയന്‍ തിരഞ്ഞെടുപ്പാണ് പുതിയ വിവാദങ്ങള്‍ക്ക് വഴി തുറന്നത്. എം എസ് എഫും കെ എസ് യു ഇവിടെ വേറിട്ടാണ് മത്സരിച്ചത്. പാര്‍ലിമെന്ററി രീതിയില്‍ തിരഞ്ഞെടുപ്പ് നടന്ന കോളജില്‍ ഒന്നാംഘട്ട തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ എം എസ് എഫ് 37, കെ എസ് യു 36, എസ് എഫ് ഐ 19, ഫ്രറ്റേറനിറ്റി മൂന്ന്, സ്വതന്ത്രന്‍ ഒന്ന് എന്ന നിലയില്‍ എത്തിയിരുന്നു.

യൂനിയന്‍ തിരഞ്ഞെടുപ്പ് നടക്കേണ്ട സമയത്താണ് സംഘര്‍ഷമുണ്ടായത്. ഇതോടെ തിരഞ്ഞെടുപ്പ് നീട്ടി വെച്ചു. തുടര്‍ന്ന് നടന്ന തിരഞ്ഞെടുപ്പില്‍ ഫ്രറ്റേനിററിയുമായി സംഖ്യത്തിലായ കെ എസ് യു യൂനിയന്‍ പിടിക്കുകയായിരുന്നു. കഴിഞ്ഞ വര്‍ഷം എം എസ് എഫ് ഫ്രറ്റേനിറ്റിയുമായി സഖ്യത്തിലേര്‍പ്പെട്ടാണ് യൂനിയന്‍ പിടിച്ചത്. 2012 മുതല്‍ എം ഇ എസ് മമ്പാട് കോളജില്‍ എം എസ് എഫും കെ എസ് യുവും വേറിട്ടാണ് മത്സരിച്ചു വരുന്നത്.