Connect with us

National

ശിവസേന എന്‍ഡിഎ വിട്ടു; മഹാരാഷ്ട്രയില്‍ മന്ത്രിസഭാ നീക്കം തകൃതി

Published

|

Last Updated

ന്യൂഡല്‍ഹി | മഹാരാഷ്ട്രയില്‍ എന്‍സിപിയുമായി ചേര്‍ന്ന് ശിവസേന മന്ത്രിസഭാ രൂപവത്കരണത്തിന് നീക്കം ശക്തമാക്കുന്നതിനിടെ, കേന്ദ്ര മന്ത്രിസഭയിലെ ഏക ശിവസേന പ്രതിനിധി അരവിന്ദ് സാവന്ത് രാജിവെച്ചു. ഹെവി ഇന്‍ഡസ്ട്രീസ് ആന്‍ഡ് പബ്ലിക് എന്റര്‍പ്രൈസസ് വകുപ്പുമന്ത്രിയായിരുന്നു അദ്ദേഹം. ബിജെപി ബന്ധം പൂര്‍ണമായും ഉപേക്ഷിക്കുന്നതിന്റെ ഭാഗമാണ് രാജി.

സര്‍ക്കാര്‍ രൂപവത്കരണത്തിന് പിന്തുണ നല്‍കണമെങ്കില്‍ ശിവസേന ബിജെപിയുമായി പൂര്‍ണമായും ബന്ധം വിടണമെന്ന് എന്‍സിപി ഉപാധിവെച്ചിരുന്നു. ഇതാണ് തിടുക്കത്തിലുള്ള രാജിയിലേക്ക് നയിച്ചത്. ബിജെപിക്ക് സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ ശിവസേനയെ സര്‍ക്കാറുണ്ടാക്കാന്‍ ഗവര്‍ണര്‍ ക്ഷണിച്ചിട്ടുണ്ട്. ഈ ഘട്ടത്തില്‍ എന്ത് വില കൊടുത്തും അത് സാധ്യമാക്കുകയാണ് ശിവസേന ലക്ഷ്യമിടുന്നത്.

മുഖ്യമന്ത്രിസ്ഥാനം 50:50 ഫോര്‍മുലയില്‍ പങ്കുവെക്കണമെന്ന ശിവസേനയുടെ ശാഠ്യമാണ് ഇരുവിഭാഗവും തമ്മിലുള്ള ബന്ധം ഉലയുന്നതില്‍ എത്തിയത്. 288 അംഗങ്ങളുള്ള നിയമസഭയില്‍ 145 അംഗങ്ങളുടെ പിന്തുണയാണ് കേവലഭൂരിപക്ഷത്തിന് ആവശ്യം. 105 അംഗങ്ങളാണ് ബി.ജെ.പിക്കുള്ളത്. ശിവസേനയ്ക്ക് 56 എം.എല്‍.എമാരുണ്ട്.

ശിവസേന-എന്‍.സി.പി സര്‍ക്കാറില്‍ മുഖ്യമന്ത്രിപദം ശിവസേനക്കും ഉപമുഖ്യമന്ത്രി പദം എന്‍സിപിക്കുമാകും ലഭിക്കുക. തിങ്കളാഴ്ച വൈകുന്നേരം 7.30 വരെയാണ് ശിവസേനയ്ക്ക് സര്‍ക്കാര്‍ രൂപവത്കരണ അവകാശവാദം ഉന്നയിക്കാന്‍ സമയം ലഭിച്ചിരിക്കുന്നത്. കേവലഭൂരിപക്ഷത്തിന് ഇനിയും എം.എല്‍.എമാരുടെ പിന്തുണ ആവശ്യമാണ്. പിന്തുണയുമായി ബന്ധപ്പെട്ട് എന്‍.സി.പിയില്‍നിന്നും കോണ്‍ഗ്രസില്‍നിന്നും ഇതുവരെ ശിവസേനയ്ക്ക് ഉറപ്പ് ലഭിച്ചിട്ടുമില്ല.അതിനാല്‍, ആദ്യപടി എന്ന നിലയില്‍ സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ തയ്യാറാണെന്ന് ഗവര്‍ണറെ അറിയിക്കുകയും പിന്നീട് ന്യൂനപക്ഷ സര്‍ക്കാരായി അധികാരം ഏല്‍ക്കുകകയുമായിരിക്കും ശിവസേന ചെയ്യുക. പിന്നീട് നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാനുമാണ് സാധ്യതയെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

Latest