Connect with us

National

സാമ്പത്തിക നൊബേല്‍: അഭിജിത് ബാനര്‍ജിയുടെ സംഭാവനകള്‍ ശ്രദ്ധേയമെന്ന് പ്രധാനമന്ത്രി

Published

|

Last Updated

ന്യൂഡല്‍ഹി: ആഗോള ദാരിദ്ര്യ നിര്‍മാര്‍ജനത്തിന് നല്‍കിയ സംഭാവനകള്‍ക്ക് സാമ്പത്തിക നോബല്‍ സമ്മാനം നേടിയ ഇന്ത്യന്‍ – അമേരിക്കന്‍ സാമ്പത്തിക ശാസ്ത്രജ്ഞന്‍ അഭിജിത് ബാനര്‍ജിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. “ആല്‍ഫ്രഡ് നോബലിന്റെ സ്മരണയ്ക്കായി ഏര്‍പ്പെടുത്തിയ സാമ്പത്തിക ശാസ്ത്രത്തിനുള്ള 2019 ലെ സ്വെറിജസ് റിക്‌സ്ബാങ്ക് സമ്മാനം ലഭിച്ചതിന് അഭിജിത് ബാനര്‍ജിയെ അഭിനന്ദിക്കുന്നു. ദാരിദ്ര്യ നിര്‍മാര്‍ജന രംഗത്ത് അദ്ദേഹം ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്” – പ്രധാനമന്ത്രി മോദി ട്വീറ്റ് ചെയ്തു. അദ്ദേഹത്തോടൊപ്പം പുരസ്‌കാരം പങ്കിട്ട എസ്തര്‍ ഡഫ്‌ലോ, മൈക്കിള്‍ ക്രെമര്‍ എന്നിവരെയും പ്രധാനമന്ത്രി അഭിനന്ദിച്ചു.

ജെഎന്‍യു പൂര്‍വ്വ വിദ്യാര്‍ത്ഥിയായ ധനമന്ത്രി നിര്‍മ്മല സീതാരാമനും ട്വിറ്ററില്‍ ബാനര്‍ജിയെ അഭിനന്ദിച്ചു. “ദാരിദ്ര്യം ലഘൂകരിക്കുന്നതിന് നല്‍കിയ സംഭാവനയ്ക്ക് അഭിജിത് ബാനര്‍ജിക്ക് 2019 ലെ നൊബേല്‍ സമ്മാനം ലഭിച്ചതിന് അഭിനന്ദനങ്ങള്‍. എസ്ഥര്‍ ഡഫ്‌ലോക്കും മൈക്കല്‍ ക്രെമെറിനും ആശംസകള്‍” – അവര്‍ ട്വീറ്റ് ചെയ്തു.

1961 ല്‍ ഇന്ത്യയില്‍ ജനിച്ച ബാനര്‍ജി കൊല്‍ക്കത്ത സര്‍വകലാശാലയിലും ഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയിലും പഠിച്ചു. 1988 ല്‍ ഹാര്‍വാര്‍ഡ് സര്‍വകലാശാലയില്‍ നിന്ന് പിഎച്ച്ഡി നേടി. 2017ല്‍ ആണ് അദ്ദേഹം യുഎസ് പൗരത്വം നേടിയത്.

Latest