Connect with us

Articles

കാര്‍ഷിക മേഖലയുടെ നടുവൊടിച്ചതാര്?

Published

|

Last Updated

ഒരു കാലത്ത് രാജ്യത്തെ സമ്പദ്ഘടനയുടെ നട്ടെല്ലായിരുന്ന കാര്‍ഷിക മേഖലയും ഒപ്പം ഉത്പാദന മേഖലയും നേരിടുന്ന തകര്‍ച്ച നമ്മെ ആശങ്കപ്പെടുത്തുന്നേയില്ലെന്നത് ഏറെ കൗതുകകരമാണ്. കാര്‍ഷിക, ഉത്പാദന മേഖലകളിലെ തകര്‍ച്ച പരിഹരിക്കാന്‍ ക്രിയാത്മകമായ നടപടികള്‍ സ്വീകരിക്കാതെ ഭരണാധികാരികള്‍ വരുമാനം കണ്ടെത്താന്‍ മറുവഴികള്‍ തേടുമ്പോള്‍ വരുമാന മാര്‍ഗത്തിനപ്പുറം രാജ്യത്തിന്റെ സംസ്‌കൃതിയുടെ തകര്‍ച്ച കൂടിയാണ് സംഭവിക്കുന്നതെന്ന യാഥാര്‍ഥ്യം നാം കാണാതെ പോകരുത്.
കാര്‍ഷിക ഉത്പാദന മേഖലകളുടെ തകര്‍ച്ച രാജ്യത്തിന്റെ സമ്പദ്ഘടനയെ പ്രതികൂലമായി ബാധിക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഉത്പാദന, കാര്‍ഷിക മേഖലകള്‍ തളര്‍ച്ചയിലാണ്. അത് ഈ വര്‍ഷവും തുടരുമെന്നാണ് ആഗോള റേറ്റിംഗ് ഏജന്‍സിയായ ഫിച്ചിന്റെ ഇത്തവണത്തെ വിലയിരുത്തല്‍. ഇതിന് പിന്നാലെ ഇന്ത്യയുടെ പ്രതീക്ഷിത വളര്‍ച്ചാ നിരക്കില്‍ ഫിച്ച് കുറവ് വരുത്തിയിട്ടുണ്ട്.

രാജ്യത്തെ കര്‍ഷകരെ രൂക്ഷ പ്രതിസന്ധിയിലാക്കി കാര്‍ഷിക മേഖലയിലെ തകര്‍ച്ച തുടരുന്ന രാജ്യത്തിന്റെ നടപ്പു സാമ്പത്തിക വര്‍ഷത്തെ കൃഷി അനുബന്ധ മേഖലയിലെ വളര്‍ച്ച 2.7 ശതമാനമായാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം അഞ്ച് ശതമാനമായിരുന്നു വളര്‍ച്ച. രാജ്യത്തിന്റെ മൊത്തം ആഭ്യന്തര വളര്‍ച്ചാനിരക്ക് കുറയാന്‍ ഇത് ഇടയാക്കും. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ (ഒക്‌ടോബര്‍ -ഡിസംബര്‍) കൃഷി അനുബന്ധ മേഖലയില്‍ നിന്നുള്ള വളര്‍ച്ചാനിരക്ക് 2.7 ശതമാനം മാത്രമാണ്. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 4.6 ശതമാനമായിരുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ മൊത്തം വളര്‍ച്ചാനിരക്ക് അഞ്ച് ശതമാനമാണ്. അതില്‍ നിന്ന് 2.7 ശതമാനത്തിലേക്ക് കാര്‍ഷിക രംഗത്തെ വളര്‍ച്ചാനിരക്ക് കൂപ്പുകുത്തി. രാജ്യവ്യാപകമായി പ്രതീക്ഷിച്ച മഴ ലഭിച്ചിരുന്നെങ്കിലും കാര്‍ഷിക വളര്‍ച്ചയില്‍ പ്രതിഫലിച്ചില്ല. വിലത്തകര്‍ച്ചയും കടക്കെണിയും ഉത്പാദനച്ചെലവ് വര്‍ധിച്ചതുമാണ് മേഖലയില്‍ തിരിച്ചടിയായത്. വളത്തിന്റെ വിലവര്‍ധനയും തകര്‍ച്ചയുടെ ആക്കം കൂട്ടി. ഉത്പാദനച്ചെലവ് വര്‍ധിച്ചതിനനുസരിച്ച് താങ്ങുവില വര്‍ധിപ്പിച്ചിരുന്നില്ല. കൃഷി നഷ്ടത്തിലായതോടെ ഒരു വിഭാഗം കര്‍ഷകര്‍ കൃഷിയിറക്കാതെ വിട്ടുനിന്നതാണ് ഉത്പാദന മേഖലയെ പ്രതികൂലമായി ബാധിക്കാന്‍ കാരണമായത്.
ധാന്യങ്ങള്‍, പയറുവര്‍ഗങ്ങള്‍, ഗോതമ്പ് എന്നിവയുടെ ഉത്പാദനത്തിലും രാജ്യം ഏറെ പിന്നോട്ടുപോയി. കാര്‍ഷിക മേഖലയില്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ വരുത്തിയ വീഴ്ചയാണ് മേഖലയിലെ പ്രതിസന്ധിയിലേക്ക് നയിച്ചത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ ഖാരിഫ് വിളക്കാലത്ത് ഗോതമ്പ് ഉത്പാദനം 9.91 കോടി ടണ്ണായി കുറഞ്ഞെന്ന് നാലാം ഘട്ട കണക്കെടുപ്പ് വ്യക്തമാക്കുന്നു. കഴിഞ്ഞ വര്‍ഷം ഇത് 9.97 കോടി ടണ്ണായിരുന്നു. പയറുവര്‍ഗങ്ങളുടെ ഉത്പാദനം കഴിഞ്ഞ വര്‍ഷത്തെ 252.3 ലക്ഷം ടണ്ണില്‍ നിന്ന് 240 ലക്ഷം ടണ്ണായി ഇടിഞ്ഞു. 2017-18ല്‍ 28.437 കോടി ടണ്ണായിരുന്ന മൊത്തം ഭക്ഷ്യ ഉത്പാദനവും നടപ്പു സീസണില്‍ 28.137 കോടി ടണ്ണായി കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ ഖാരിഫ് കാലത്തും റാബി കാലത്തും ഉത്പാദനം കുറഞ്ഞതാണ് കാര്‍ഷിക മേഖലയിലെ മൊത്തം ഉത്പാദനത്തിലെ വലിയ തകര്‍ച്ചക്ക് വഴിയൊരുക്കിയത്. ഒപ്പം അശാസ്ത്രീയമായ രീതിയില്‍ ജി എസ് ടി നടപ്പാക്കിയതും രാജ്യത്തെ കാര്‍ഷിക, ഉത്പാദന മേഖലകളുടെ നടുവൊടിച്ചു.

കാര്‍ഷികോത്പന്നങ്ങളുടെ ഉത്പാദനം ഗണ്യമായി കുറയുകയും മിക്ക അവശ്യ സാധനങ്ങളുടെയും വില കുതിച്ചുയരുകയും ചെയ്തതായി സാമ്പത്തിക സ്ഥിതി വിവരക്കണക്ക് വകുപ്പിന്റെ അവലോകന റിപ്പോര്‍ട്ട് വ്യക്തമാക്കിയിരുന്നു. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഭക്ഷ്യധാന്യങ്ങളുടെ കൃഷി വിസ്തൃതിയും 13.72 ശതമാനം കുറഞ്ഞതായി കഴിഞ്ഞ വര്‍ഷത്തെ കണക്കുകള്‍ വ്യക്തമാക്കിയിരുന്നു. 15 വര്‍ഷത്തെ അപേക്ഷിച്ച് 48.71 ശതമാനത്തിന്റെ കുറവുണ്ടായെന്നാണ് അവലോകന റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയിരുന്നത്. ഭക്ഷ്യേതര വിളകളുടെ വിസ്തൃതി ഒരു വര്‍ഷത്തിനിടെ 0.42 ശതമാനം കുറഞ്ഞു. മൊത്തം കൃഷിയിടങ്ങളിലെ കുറവ് 1.66 ശതമാനമാണ്.
സംസ്ഥാനത്ത് കാര്‍ഷിക മേഖല വന്‍ തകര്‍ച്ച നേരിട്ടതായി സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. നെല്ലിന്റെ ഉത്പാദനത്തില്‍ മാത്രം ഒരു വര്‍ഷത്തിനിടെ 38 ശതമാനത്തിന്റെ കുറവുണ്ടായി. കശുവണ്ടി, റബ്ബര്‍, കുരുമുളക്, തേങ്ങ, പുകയില, തേയില എന്നിവയുടെ ഉത്പാദനങ്ങളിലും വലിയ കുറവാണ് കഴിഞ്ഞ ഒരു വര്‍ഷത്തിനിടെയുണ്ടായതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. നെല്‍കൃഷിയുടെ വിസ്തൃതിയില്‍ ഗണ്യമായ കുറവാണ് വര്‍ഷങ്ങളായി രേഖപ്പെടുത്തുന്നത്. 1975ലെ നെല്‍ ഉത്പാദനവുമായി താരതമ്യപ്പെടുത്തുമ്പോള്‍ 80.43 ശതമാനത്തിന്റെ കുറവാണുള്ളത്.

1.71 ലക്ഷം ഹെക്ടറിലാണ് ഇപ്പോള്‍ സംസ്ഥാനത്ത് നെല്‍കൃഷി നടക്കുന്നത്. പാലക്കാട് ജില്ലക്കാണ് ഇതില്‍ ഒന്നാം സ്ഥാനം. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ നെല്‍കൃഷി വര്‍ധിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ നെല്‍കൃഷി വര്‍ധിപ്പിക്കാന്‍ സംസ്ഥാന കൃഷിവകുപ്പ് വിവിധ നടപടികള്‍ സ്വീകരിച്ചിരുന്നു. ഇത് ഫലം കാണുന്നുവെന്നാണ് ഈ കണക്കുകള്‍ വ്യക്തമാക്കുന്നത്. പച്ചക്കറി ഉത്പാദനത്തില്‍ നേരിയ വര്‍ധനവുണ്ട്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 0.02 ശതമാനത്തിന്റെ വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്. കാര്‍ഷികോത്പന്നങ്ങളുടെ വിലത്തകര്‍ച്ചയോടൊപ്പം വ്യാപകമായ കീടബാധ, കാലാവസ്ഥാ വ്യതിയാനം, വന്യമൃഗ ശല്യം, തൊഴിലാളി ക്ഷാമം, വര്‍ധിച്ച ഉത്പാദന ചെലവ്, പ്രകൃതിക്ഷോഭം തുടങ്ങി നിരവധി പ്രശ്‌നങ്ങളാണ് കാര്‍ഷിക രംഗം നേരിടുന്നത്. കാര്‍ഷിക രംഗം വന്‍ പ്രതിസന്ധി നേരിടുമ്പോഴും കൃത്യമായ സംഭരണത്തിനുള്ള സംവിധാനങ്ങള്‍ ഇല്ലാത്തത് കാരണം ടണ്‍ കണക്കിന് ധാന്യങ്ങള്‍ എല്ലാ വര്‍ഷവും രാജ്യത്ത് നശിച്ചുപോകുന്നുവെന്നതും യാഥാര്‍ഥ്യമാണ്.
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ അവസാന പാദത്തില്‍ ഇന്ത്യന്‍ ജി ഡി പിയില്‍ ഇടിവ് രേഖപ്പെടുത്തിയിരുന്നു. 5.8 ശതമാനമായിരുന്നു ജനുവരി-മാര്‍ച്ച് പാദത്തിലെ ജി ഡി പി നിരക്ക്. ഇതിന് പിന്നാലെയാണ് ഫിച്ച് രാജ്യത്തിന്റെ ഈ സാമ്പത്തിക വര്‍ഷത്തെ പ്രതീക്ഷിത വളര്‍ച്ചാ നിരക്ക് വെട്ടിക്കുറച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് ഫിച്ച് ഇന്ത്യയുടെ പ്രതീക്ഷിത വളര്‍ച്ചാനിരക്ക് 6.6ലേക്ക് താഴ്ത്തിയത്. നേരത്തെ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ 6.8 ശതമാനം വളര്‍ച്ചാനിരക്ക് പ്രകടിപ്പിക്കുമെന്നായിരുന്നു ഫിച്ചിന്റെ പ്രവചനം. ഫിച്ചിന്റെ ഇന്ത്യന്‍ ജി ഡി പി പ്രവചനം ഏറെ ആശങ്കയുയര്‍ത്തുന്നതാണ്.

അതേസമയം, ഏറ്റവും പുതിയ ഗ്ലോബല്‍ ഇക്കണോമിക് ഔട്ട്‌ലുക്കില്‍ ആഗോള റേറ്റിംഗ് ഏജന്‍സി ഇന്ത്യയുടെ 2020-21 സാമ്പത്തിക വര്‍ഷത്തെയും 2021-22 വര്‍ഷത്തെയും വളര്‍ച്ചാനിരക്കില്‍ മാറ്റം വരുത്തിയിട്ടില്ല. 2020-21 വര്‍ഷത്തില്‍ ഇന്ത്യ 7.1 ശതമാനം വളരുമെന്നാണ് വിലയിരുത്തല്‍. എന്നാല്‍ 2021-22ല്‍ അത് 7.0 ശതമാനമായിരിക്കുമെന്നും ഫിച്ച് കണക്കാക്കിയിരിക്കുന്നത്. നടപ്പു സാമ്പത്തിക വര്‍ഷം രാജ്യത്തിന്റെ വളര്‍ച്ചാനിരക്ക് 6.6 ശതമാനമായിരിക്കുമെന്ന് ഫിച്ച് വ്യക്തമാക്കുന്നു. അതേസമയം, തകര്‍ന്നിടിഞ്ഞ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചാനിരക്കിനെ ഉത്തേജിപ്പിക്കുന്നതിനായി കഴിഞ്ഞ മാസം റിസര്‍വ് ബേങ്ക് കഴിഞ്ഞ മൂന്ന് പണനയ അവലോകന യോഗങ്ങളിലായി 0.25 ശതമാനം വീതം റിപ്പോ നിരക്ക് താഴ്ത്തിയിരുന്നുവെങ്കിലും അതൊന്നും രാജ്യത്തിന്റെ സമ്പദ്ഘടനയെ സ്വാധീനിച്ചിട്ടില്ലെന്ന് വ്യക്തമാണ്. ഈ സാഹചര്യത്തില്‍ റിസര്‍വ് ബേങ്ക് വീണ്ടും പലിശ നിരക്കുകളില്‍ കുറവ് വരുത്തിയേക്കുമെന്നും ഇതിലൂടെ 0.25 ശതമാനത്തിന്റെ കുറവുണ്ടാകുമെന്നുമാണ് ഫിച്ച് റേറ്റിംഗ് ഏജന്‍സിയുടെ പ്രതീക്ഷ. ഇതോടെ റിപ്പോ നിരക്ക് 5.50 ശതമാനത്തിലേക്ക് താഴ്‌ന്നേക്കും. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ മുന്നേറ്റം വര്‍ധിപ്പിക്കാന്‍ ഇത് ഉപകാരപ്രദമായിരിക്കുമെന്നാണ് വിലയിരുത്തല്‍.

ഖാസിം എ ഖാദര്‍

ബ്യൂറോ ചീഫ്, തിരുവനന്തപുരം

Latest