Connect with us

Gulf

ചര്‍ച്ചും, സന്യാസ മഠവും നഹ്‌യാന്‍ ബിന്‍ മുബാറക് അല്‍ നഹ്‌യാന്‍ ഉദ്ഘാടനം ചെയ്തു

Published

|

Last Updated

അബുദാബി : സര്‍ ബനിയാസ് ദ്വീപില്‍ നിര്‍മ്മിച്ച ക്രിസ്ത്യന്‍ ചര്‍ച്ചും സന്യാസ മഠവും യു എ ഇ സഹിഷ്ണുതകാര്യ മന്ത്രി നഹ്‌യാന്‍ ബിന്‍ മുബാറക് അല്‍ നഹ്‌യാന്‍ ഉദ്ഘാടനം ചെയ്തു. യു എ ഇയില്‍ കണ്ടെത്തിയ ആദ്യത്തെ ക്രിസ്ത്യന്‍ ശേഷിപ്പാണ് പുതിയ സംരക്ഷണ നടപടികള്‍ നടപ്പിലാക്കിയതിനുശേഷം അനാച്ഛാദനം ചെയ്ത് വിശ്വാസികള്‍ക്ക് തുറന്ന് കൊടുത്തത്. അബുദാബി സാംസ്‌കാരിക ടൂറിസം വകുപ്പിന്റെ നേതൃത്വത്തിലാണ് മെച്ചപ്പെടുത്തലുകള്‍ നടത്തിയത്.

ചടങ്ങില്‍ ഡിസിടി അബുദാബി ചെയര്‍മാന്‍ മുഹമ്മദ് ഖലീഫ അല്‍ മുബാറക്ക്, ഡിസിടി അണ്ടര്‍സെക്രട്ടറി സെയ്ഫ് സഈദ് ഗോബാഷ് കൂടാതെ പുരാവസ്തു വിദഗ്ദ്ധര്‍, പൈതൃക വിദഗ്ധര്‍, മാധ്യമ പ്രവര്‍ത്തകര്‍, മതമേലധികാരികള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. ഏഴാം നൂറ്റാണ്ടിനും എട്ടാം നൂറ്റാണ്ടിനും ഇടക്കായിരുന്നു സര്‍ ബാനിയാസില്‍ ദേവാലയമുണ്ടായിരുന്നത്. 1992 ല്‍ പുരാവസ്തു വകുപ്പ് നടത്തിയ ഖനനത്തിലാണ് ദേവാലയത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. യു എ ഇ യുടെ ചരിത്ര പ്രധാന മേഖലയാണ് സര്‍ ബനിയാസ് ദ്വീപ്. യു എ ഇ യുടെ സാംസ്‌കാരിക പൈതൃക്യത്തിന്റെ പ്രധാന മേഖലയായി സര്‍ ബനിയാസ് ദ്വീപിനെ കണക്കാക്കുന്നതായി ശൈഖ് നഹ്‌യാന്‍ ബിന്‍ മുബാറക് അല്‍ നഹ്‌യാന്‍ പറഞ്ഞു. സര്‍ ബനിയാസ് ചര്‍ച്ചും സന്യാസ മഠവും നമ്മുടെ സാംസ്‌കാരിക ചരിത്രത്തെ കുറിച്ച് വെളിച്ചം വീശുന്നു, നമുക്ക് അഭിമാനിക്കാന്‍ കഴിയും. നമ്മുടെ ദേശങ്ങളില്‍ സഹിഷ്ണുതയുടെയും അംഗീകാരത്തിന്റെയും ദീര്‍ഘകാല മൂല്യങ്ങളുടെ തെളിവാണ് ഇതെന്നും ശൈഖ് നഹ്‌യാന്‍ പറഞ്ഞു.

Latest