Connect with us

National

ഹിന്ദി നിര്‍ബന്ധിത പാഠ്യ വിഷയമാക്കുന്നതിനെച്ചൊല്ലി വിവാദം: അന്തിമ തീരുമാനം എടുത്തിട്ടില്ലെന്ന് കേന്ദ്രം

Published

|

Last Updated

ന്യൂഡല്‍ഹി: ഹിന്ദി സംസാര ഭാഷയല്ലാത്ത മുഴുവന്‍ സംസ്ഥാനങ്ങളിലും ഹിന്ദി നിര്‍ബന്ധിത പാഠ്യവിഷയമാക്കാനുള്ള മാനവ വിഭവശേഷി വകുപ്പുമായി ബന്ധപ്പെട്ട സമിതിയുടെ ശിപാര്‍ശയില്‍ വിവാദമുയര്‍ന്നതിനെ തുടര്‍ന്ന് വിശദീകരണവുമായി മന്ത്രി. കരടു രേഖ തയാറാക്കുക മാത്രമാണ് ചെയ്തതെന്നും ഇത് നടപ്പിലാക്കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ തീരുമാനമൊന്നും എടുത്തിട്ടില്ലെന്നും കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കര്‍ പറഞ്ഞു. ഒരു ഭാഷയും ആരിലും അടിച്ചേല്‍പ്പിക്കില്ലെന്നും അദ്ദേഹം ഉറപ്പു നല്‍കി.

“സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും കരടു രേഖ തയാറാക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍, സര്‍ക്കാര്‍ ഇക്കാര്യത്തില്‍ തീരുമാനമൊന്നും കൈക്കൊണ്ടിട്ടില്ല. വിഷയത്തില്‍ വിവിധ തലങ്ങളിലെ വിശദമായ ചര്‍ച്ചകള്‍ക്കും ശേഷം മാത്രമെ അന്തിമ നടപി സ്വീകരിക്കൂ.”- മന്ത്രി മാധ്യമ പ്രവര്‍ത്തകരോടു സംസാരിക്കവെ വ്യക്തമാക്കി. തമിഴ്‌നാട്ടിലെ ഡി എം കെ, സി പി ഐ, ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സഖ്യ കക്ഷിയായ പി എം കെ ഉള്‍പ്പടെയുള്ള രാഷ്ട്രീയ കക്ഷികള്‍ ശിപാര്‍ശക്കെതിരെ ശക്തമായി രംഗത്തു വരികയും ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണിതെന്ന് ആരോപണമുയര്‍ത്തുകയും ചെയ്തതോടെയാണ് മന്ത്രി വിശദീകരണം നല്‍കിയത്.

എല്ലാ ഭാഷകളും വികസിക്കണമെന്നും ഒരു ഭാഷയും ആരിലും അടിച്ചേല്‍പ്പിക്കപ്പെടരുതെന്നുമാണ് മോദി സര്‍ക്കാറിന്റെ നയമെന്നും മന്ത്രി പറഞ്ഞു. വിഷയത്തില്‍ അനാവശ്യമായ ആശങ്കകള്‍ ഉണ്ടാകേണ്ടതില്ല.
മുന്‍ മോദി സര്‍ക്കാറിന്റെ കാലത്ത് മാനവ വിഭവശേഷി വകുപ്പ് മന്ത്രിയായിരുന്നപ്പോള്‍ പുതിയ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി ജാവദേക്കര്‍ നിയോഗിച്ച സമിതിയാണ് ഹിന്ദി സംസാര ഭാഷയല്ലാത്ത സംസ്ഥാനങ്ങളില്‍ ഹിന്ദി പഠിപ്പിക്കണമെന്ന ശിപാര്‍ശ മുന്നോട്ടു വച്ചത്. രണ്ടാം മോദി സര്‍ക്കാറില്‍ വാര്‍ത്താ വിനിമയ പ്രക്ഷേപണ വകുപ്പ് മന്ത്രിയാണ് ജാവദേക്കര്‍. രമേശ് പൊക്രിയാളിനാണ് ഇത്തവണ മാനവ വിഭവശേഷി വകുപ്പിന്റെ ചുമതല നല്‍കിയിട്ടുള്ളത്.