National
ചീഫ് ജസ്റ്റിസിനെതിരായ ലൈംഗികാരോപണം: ആശങ്കയറിയിച്ച് പരാതിക്കാരി അന്വേഷണ സമതിക്ക് കത്തയച്ചു
ന്യൂഡല്‍ഹി: സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിക്കെതിരെ പരാതി നല്കിയ സംഭവത്തില്‍ ആശങ്കയറിയിച്ചുകൊണ്ട് പരാതിക്കാരി ആഭ്യന്തര അന്വേഷണ സമതിക്ക് കത്തയച്ചു. കോടതി പരാമര്‍ശങ്ങള്‍ അപകീര്‍ത്തിപ്പെടുത്തുന്നതാണെന്നും തന്നെ കേള്‍ക്കാതെയാണ് കോടതി പരാമര്‍ശങ്ങളെന്നും ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതി മുന്‍ ജീവനക്കാരികൂടിയായ പരാതിക്കാരി കത്തയച്ചിരിക്കുന്നത്.
തനിക്കെതിരായ ലൈംഗിക ആരോപണത്തിന് പിന്നില്‍ വലിയ ഗൂഢാലോചനയുണ്ടെന്ന് ചിഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി ആരോപിച്ചിരുന്നു. പരാതിയുയര്‍ന്നതിന്റെ ഉറവിടം അന്വേഷിക്കണമെന്ന് സുപ്രീം കോടതി ബുധനാഴ്ച പറഞ്ഞിരുന്നു. ചീഫ് ജസ്റ്റിസിനെതിരെ ഗൂഢാലോചന നടന്നുവെന്ന അഭിഭാഷകന്റെ വെളിപ്പെടുത്തല്‍ അതീവ ഗൗരവമുള്ളതാണെന്നും കോടതിക്ക് കണ്ണുംപൂട്ടിയിരിക്കാനാകില്ലെന്നും ജസ്റ്റിസ് അരുണ്‍ മിശ്രയും വ്യക്തമാക്കിയിരുന്നു. അതേ സമയം പീഡന പരാതി പരിഗണിക്കപ്പെടാതെ പോകരുതെന്ന് മുതിര്‍ന്ന അഭിഭാഷക ഇന്ദിര ജയ്സിങ് ആവശ്യപ്പെട്ടു.