Connect with us

Editorial

അന്തകരാകുന്ന സംരക്ഷകർ

Published

|

Last Updated

സംരക്ഷിക്കേണ്ട കരങ്ങൾ കുഞ്ഞുങ്ങളുടെ അന്തകരാകുന്ന സംഭവങ്ങൾ സംസ്ഥാനത്ത് വർധിച്ചു വരികയാണ്. അമ്മയുടെ പങ്കാളിയുടെ മർദനമേറ്റ് തൊടുപുഴ സ്വദേശിയായ ഏഴ് വയസ്സുകാരൻ മരിച്ചതിന്റെ ഞെട്ടലിൽ നിന്ന് മോചിതരാകുന്നതിനു മുമ്പാണ് ആലുവയിൽ അമ്മയുടെ ക്രൂരമർദനമേറ്റ് മൂന്ന് വയസ്സുകാരൻ മരിച്ച സംഭവം നാം കേട്ടത്. പിതാവ് മദ്യലഹരിയിൽ നിലത്തെറിഞ്ഞതിനെ തുടർന്ന് കണ്ണൂരിൽ എട്ട് വയസ്സുകാരിയുടെ കൈ ഒടിഞ്ഞതും രാമനാട്ടുകരയിൽ അഞ്ച് വയസ്സിനു താഴെയുള്ള മൂന്ന് കുട്ടികളെ ഭക്ഷണം പോലും നൽകാതെ വീട്ടിൽ പൂട്ടിയിട്ട് അമ്മ കടന്നു കളഞ്ഞതും രണ്ട് ദിവസം മുമ്പാണ്. അമ്മയുടെ അനുവാദത്തോടെ രണ്ടാനച്ഛന്മാർ കുട്ടികളെ ലൈംഗിക പീഡനത്തിനിരയാക്കുന്നതും പണത്തിനു വേണ്ടി മാതാപിതാക്കൾ പെൺകുട്ടികളെ കാമഭ്രാന്തന്മാർക്ക് അടിയറ വെക്കുന്നതും പതിവു സംഭവങ്ങളായി മാറിയിട്ടുണ്ട്.

കഴിഞ്ഞ വർഷം സാമൂഹികനീതി വകുപ്പ് നടത്തിയ സർവേയിൽ സംസ്ഥാനത്ത് 11,72,433 കുടുംബങ്ങളിലെ കുട്ടികൾ കുടുംബത്തിൽ സുരക്ഷിതരല്ലെന്ന് കണ്ടെത്തിയിരുന്നു. രണ്ടാനച്ഛനിൽ നിന്നോ രണ്ടാനമ്മയിൽ നിന്നോ പീഡനങ്ങളേൽക്കേണ്ടി വരുന്നവരാണ് 32,654 കുടുംബങ്ങളിലെ കുട്ടികളെന്നും കണ്ടെത്തിയിരുന്നു. അതിനിടെ സ്വന്തം അമ്മമാരിൽ നിന്നുള്ള പീഡനത്തിന്റെ കഥകളും പുറത്തു വരുന്നുണ്ട്. ബഹുഭൂരിഭാഗം മാതാക്കളും സ്വന്തം കുഞ്ഞുങ്ങളെ ജീവനു തുല്യം സ്‌നേഹിക്കുന്നവരാണ.് അവരുടെ സംരക്ഷണത്തിനും നന്മക്കുമായി സ്വന്തം ജീവൻ പോലും പണയം വെക്കുന്നവരുമാണ്. എങ്കിലും വാത്സല്യത്തിന്റെ വാക്കുകൾ പുറപ്പെടേണ്ട ഇവരുടെ ചുണ്ടുകളിൽ നിന്ന് ചിലപ്പോഴൊക്കെ കൊലവിളികളാണ് ഉയരുന്നത്.

ശിക്ഷണമെന്ന നിലയിലോ മദ്യലഹരിയിലോ കുടുംബ വഴക്കിനെ തുടർന്നോ ഒക്കെയാണ് മാതാപിതാക്കൾ മക്കളെ മർദിക്കുകയോ പീഡിപ്പിക്കുകയോ ചെയ്യുന്നത്. ഇത് അതിരു വിടുമ്പോൾ കണ്ണിൽ ചോരയില്ലാത്ത കൊടുംക്രൂരതയായി പരിണമിക്കുകയാണ്. പഠനത്തിന്റെ പേരിൽ മാതാപിതാക്കളിൽ നിന്ന് പീഡനം അനുഭവിക്കുന്ന മക്കളുമുണ്ട്. മാതാപിതാക്കളുടെ സ്വപ്‌നത്തിലേക്ക് മക്കളെ തല്ലിപ്പഴുപ്പിക്കുന്നവരാണ് വിദ്യാഭ്യാസപരമായി വളർന്ന കേരളീയ സമൂഹത്തിലെ പല കുടുംബങ്ങളും. സംസ്ഥാനത്തെ 94,685 കുടുംബങ്ങളിലെ മാതാപിതാക്കളോ രക്ഷിതാക്കളിലാരെങ്കിലുമോ മദ്യപരാണെന്ന സാമൂഹികനീതി വകുപ്പിന്റെ കണ്ടെത്തൽ ഈ വിഷയത്തിൽ മദ്യപാനത്തിന്റെ പങ്കിലേക്ക് വിരൽ ചൂണ്ടുന്നു. പുറമേ നിന്നുള്ളവരിൽ നിന്നുള്ള ക്രൂരതകൾ കുട്ടികൾക്ക് ശാരീരികമായ മുറിവുകളാണ് ഏൽപ്പിക്കുന്നതെങ്കിൽ മാതാപിതാക്കളിൽ നിന്നും സ്വന്തക്കാരിൽ നിന്നുമുള്ള മർദന, പീഡനങ്ങൾ മാനസികമായും ആഴത്തിൽ മുറിവേൽപ്പിക്കും.

സംസ്ഥാനത്ത് വനിതാ കമ്മീഷനിലെത്തുന്ന പരാതികൾ പൂർവോപരി വർധിച്ചു വരുന്നതായും ഇവയിൽ അറുപത് ശതമാനവും കുടുംബ പ്രശ്‌നവുമായി ബന്ധപ്പെട്ടതാണെന്നും കഴിഞ്ഞ മെയിൽ കമ്മീഷൻ വൃത്തങ്ങൾ വെളിപ്പെടുത്തുകയുണ്ടായി. 2017ൽ 6,736 പരാതിയാണ് കമ്മീഷൻ മുമ്പാകെ എത്തിയതെങ്കിൽ കഴിഞ്ഞ വർഷം ആദ്യത്തെ നാല് മാസം മാത്രം ലഭിച്ചത് 3,362 പരാതികളായിരുന്നു. കുടുംബ കേസുകളും വിവാഹമോചനം ആവശ്യപ്പെട്ട് കോടതിയിലെത്തുന്നവരുടെ എണ്ണവും വർധിക്കുന്നതായി ഹൈക്കോടതി പുറത്തുവിട്ട കണക്കുകളും കാണിക്കുന്നു. 2005ൽ വിവാഹമോചനക്കേസുകളുടെ എണ്ണം 8,456 ആയിരുന്നത് 2007 ആയപ്പോഴേക്ക് 9,937 ആയി ഉയർന്നു. ഭാര്യാഭർത്താക്കന്മാർക്കിടയിലെ സ്വരച്ചേർച്ചയില്ലായ്മയുടെയും ഭിന്നതയുടെയും പ്രത്യാഘാതങ്ങൾ പലപ്പോഴും അനുഭവിക്കേണ്ടി വരുന്നത് കുട്ടികളാണ്. ബന്ധ ശൈഥില്യം വിവാഹ മോചനത്തിൽ കലാശിച്ചാൽ പിന്നീട് വീട്ടിൽ എത്തിച്ചേരുന്ന രണ്ടാനമ്മയും രണ്ടാനച്ഛനും മക്കളുടെ പീഡകരും മർദകരുമായി മാറുന്നു. ഈ ക്രൂരതക്ക് നേരെ കണ്ണടക്കാൻ മാതാവും പിതാവും നിർബന്ധിതരാവുകയാണ്. മക്കളെ ജീവനായി കാണേണ്ടവർ തങ്ങളുടെ ജീവിതാസ്വാദനത്തിനും സ്വകാര്യതക്കുമാണ് പ്രാമുഖ്യം കൽപ്പിക്കുന്നത്.

സാംസ്‌കാരിക കേരളത്തിനു നാണക്കേടാണ് കുരുന്നുകൾക്കെതിരായ ഈ ക്രൂരതകൾ. 2013ൽ ഇടുക്കിയില കുമളി ചെങ്കര പുത്തൻപുരക്കൽ ശഫീഖ് എന്ന പിഞ്ചുബാലൻ രണ്ടാനമ്മയിൽ നിന്നു ക്രൂരമായ പീഡനത്തിനിരയായതിനെ തുടർന്ന് നിയോഗിക്കപ്പെട്ട സമിതി ഇതിനു ചില പരിഹാര മാർഗങ്ങൾ മുന്നോട്ടു വെച്ചിരുന്നെങ്കിലും തുടർ നടപടിയുണ്ടായിട്ടില്ല. കുട്ടികളുടെ പെരുമാറ്റത്തിലുണ്ടാകുന്ന മാറ്റം അധ്യാപകർ നിരീക്ഷിച്ച് കൗൺസലിംഗ് നടത്തുക, അധ്യാപകർക്ക് ഇതിനാവശ്യമായ പരിശീലനം നൽകുക തുടങ്ങിയവയായിരുന്നു സമിതി നിർദേശങ്ങൾ. കുട്ടികൾക്ക് നേരെയുള്ള പീഡനങ്ങൾ പിന്നെയും വർധിച്ച സാഹചര്യത്തിൽ സാമൂഹികനീതി വകുപ്പ് ഈ മാസം 27ന് ബന്ധപ്പെട്ട വിദഗ്ധരുടെ യോഗം ചേരാൻ തീരുമാനിച്ചതായി സാമൂഹികനീതി സ്‌പെഷ്യൽ സെക്രട്ടറി അറിയിക്കുകയുണ്ടായി. ഇത് സ്വാഗതാർഹമാണ്. എന്നാൽ ചർച്ചാ യോഗങ്ങൾ വിളിച്ചതു കൊണ്ടോ പഠന സമിതികളെ നിയോഗിച്ചതു കൊണ്ടോ ആയില്ല, അവരുടെ നിർദേശങ്ങൾ എത്രയും വേഗത്തിൽ നടപ്പാക്കണം. വിദ്യാഭ്യാസപരമായി ഏറെ മുന്നേറിയെങ്കിലും കുട്ടികളെ വളർത്തേണ്ട രീതിയെക്കുറിച്ചും ആരോഗ്യകരമായ കുടുംബാന്തരീക്ഷം സൃഷ്ടിക്കേണ്ടതെങ്ങനെയെന്നും അറിയാത്തവരാണ് കേരളീയരിലേറെയും. ഇക്കാര്യത്തിൽ ശക്തമായ ബോധവത്കരണവും കുട്ടികളോട് ക്രൂരത കാണിക്കുന്നവർക്ക് മാതൃകാപരമായ ശിക്ഷ ഉറപ്പാക്കുകയും വേണം. മദ്യപാനമാണ് വലിയൊരളവോളം ഇതിന് കാരണമെന്ന് ബോധ്യമായിരിക്കെ മദ്യം പൂർണമായി നിരോധിക്കാനുള്ള നടപടികളും അനിവാര്യമാണ്

Latest