Connect with us

Eranakulam

അമൃതയില്‍ പ്രവേശിപ്പിച്ച കുഞ്ഞിന്റെ ആരോഗ്യനിലയില്‍ പുരോഗതി; നാളെ ശസ്ത്രക്രിയ

Published

|

Last Updated

കൊച്ചി: മംഗലാപുരത്ത് നിന്ന് കൊച്ചി അമൃത ആശുപത്രിയില്‍ എത്തിച്ച 15 ദിവസം പ്രായമായ കുഞ്ഞിനെ നാളെ ശസ്ത്രക്രിയക്ക് വിധേയനാക്കും. കുഞ്ഞിന്റെ അന്തിമ രക്തപരിശോധനാ ഫലം നാളെ ലഭിച്ച ശേഷമാകും ശസ്ത്രക്രിയയെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. കുഞ്ഞിന്റെ ആരോഗ്യനിലയില്‍ ഇപ്പോള്‍ സ്ഥിരത കൈവന്നിട്ടുണ്ട്. അതേസമയം, ഹൃദയത്തിലെ തകരാറിനൊപ്പം മറ്റു ചില തകരാറുകളും കുട്ടിക്ക് കണ്ടെത്തിയായി ഡോക്ടര്‍മാര്‍ പറഞ്ഞു.

കാസര്‍കോട്ടെ സാനിയ – മിത്താഹ് ദമ്പതികളുടെ കുഞ്ഞിനെയാണ് അടിയന്തര ചികിത്സക്കായി ഇന്നലെ അമൃതയില്‍ എത്തിച്ചത്. ഇന്നലെ രാവിലെ 11.30ന് മംഗലാപുരത്ത് നിന്ന് പുറപ്പെട്ട ആംബുലന്‍സ് വൈകീട്ട് 4.30ന് അമൃതയില്‍ എത്തി. നേരത്തെ തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിലേക്ക് കൊണ്ടുപോകാനാണ് തീരുമാനിച്ചിരുന്നത്.

എന്നാല്‍ ആരോഗ്യമന്ത്രി വിഷയത്തില്‍ ഇടപെടുകയും സര്‍ക്കാര്‍ ചെലവില്‍ കുഞ്ഞിന് ഏറ്റവും വേഗം അടിയന്തര ചികിത്സ ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുകയുമായിരുന്നു. കുഞ്ഞിനെയുമായി മംഗലാപുരത്ത് നിന്ന് പുറപ്പെട്ട ആംബുലന്‍സിന് വേഗത്തില്‍ ലക്ഷ്യസ്ഥാനത്തെത്താന്‍ എല്ലാവരും ഒറ്റക്കെട്ടായി രംഗത്തിറങ്ങിയത് ശ്രദ്ധേയമായിരുന്നു.

---- facebook comment plugin here -----

Latest