Connect with us

Kannur

കോണ്‍ഗ്രസ് സഹകരണം: ആര്‍ എം പി അണികളുടെ അമര്‍ഷം പൊട്ടിത്തെറിയിലേക്ക്

Published

|

Last Updated

കോഴിക്കോട്: പാര്‍ട്ടിയുടെ പ്രഖ്യാപിത നിലപാടുകള്‍ പൂര്‍ണമായും മാറ്റിവെച്ച് പി ജയരാജനെ തോല്‍പ്പിക്കുന്ന ഒറ്റ അജന്‍ഡയില്‍ വടകരയില്‍ യു ഡി എഫിനെ പിന്തുണക്കാനുള്ള ആര്‍ എം പി നേതൃത്വത്തിന്റെ നിലപാടിനെതിരെ അണികളില്‍ അമര്‍ഷം പുകയുന്നു. സി പി എമ്മിന്റെ വലതുപക്ഷ വ്യതിയാനത്തിനും മുതലാളത്തിവത്ക്കരണത്തിനുമെതിരെ രൂപവത്ക്കരിച്ച പാര്‍ട്ടിയെ കോണ്‍ഗ്രസിന്റ ആലയില്‍കൊണ്ട്‌പോയി കെട്ടുന്നത് വഴി ഒഞ്ചിയത്തിന്റെ വിപ്ലവ മണ്ണില്‍ പ്രസ്ഥാനത്തെ നേതൃത്വം ഞെക്കികൊല്ലുകയാണെന്ന് അണികള്‍ പറയുന്നു.

ടി പി ചന്ദ്രശേഖന്റെ കൊലയാളികളോട് പൊറുക്കാനാകില്ല. ഇതിനാല്‍ തിരഞ്ഞെടുപ്പില്‍ സി പി എമ്മിനെ പിന്തുണക്കാനാകില്ല. ഒപ്പം സ്വതന്ത്ര ഇന്ത്യയില്‍ കോണ്‍ഗ്രസിന്റെ പോലീസ് വെടിവെച്ചും ലോക്കപ്പിലിട്ടും കൊന്ന ഒഞ്ചിയം പോരാളികളെ മറക്കാനുമാകില്ലെന്ന് അണികള്‍ പറയുന്നു. മണ്ടോടി കണ്ണന്‍, കൊല്ലാച്ചേരി കുമാരന്‍, സി കെ രാഘുട്ടി, വി വി ഗോപാലന്‍, സി കെ ചന്തു, കെ എം ശങ്കരന്‍, സി കെ ചന്തു, അളവക്കല്‍ കൃഷ്ണന്‍, മേനോന്‍ കണാരന്‍, പാറോള്ളതില്‍ കാണാരന്‍, പുറവില്‍ കണാരന്‍ തുടങ്ങിയവവര്‍ ഒഞ്ചിയത്തുക്കാര്‍ക്ക് വെറും പേരുകളെല്ലെന്നും അണികള്‍ നേതൃത്വത്തെ ഉണര്‍ത്തുന്നു.

സി പി എമ്മിനോട് വിയോജിച്ച് പുറത്തുവന്ന ടി പി ചന്ദ്രശേഖരന്‍ കമ്മ്യൂണിസ്റ്റ് മൂല്ല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് പാര്‍ട്ടിയെ സ്വന്തം അസ്ഥിത്വത്തില്‍ നിര്‍ത്താനാണ് ശ്രമിച്ചത്. കമ്മ്യൂണിസ്റ്റ് ബോധ്യങ്ങള്‍ തമസ്‌ക്കരിച്ച് യു ഡി എഫുമായോ, മറ്റേതെങ്കിലും വലതുകക്ഷികളുമായോ ഒരു സഹകരണത്തിനും അദ്ദേഹം ഒരുങ്ങിയിരുന്നില്ലെന്നും അണികള്‍ പറയുന്നു. കേവലം ഒരു വൈകാരിക ചിന്തയില്‍ നേതൃത്വം എടുത്ത നിലപാടിനോട് യോജിക്കുന്നില്ല. ജയരാജനെതിരെ അക്രമ രാഷ്ട്രീയം മാത്രം പറഞ്ഞ് പ്രചാരണം നടത്താനാകില്ല. ജയരാജനും അക്രമ രാഷ്ട്രീയത്തിന്റെ ഇരയാണെന്ന സി പി എം പ്രതിരോധത്തെ എങ്ങനെ മറികടക്കും. തിരഞ്ഞെടുപ്പില്‍ യു ഡി എഫ് സ്ഥാനാര്‍ഥിക്കായി പ്രചാരണത്തിനിറങ്ങില്ല. എങ്കിലും ആര്‍ എം പി പ്രവര്‍ത്തകരായി തുടരുമെന്നും അണികള്‍ സോഷ്യല്‍ മീഡിയയില്‍ തുറന്നെഴുതുന്നു.

പാര്‍ട്ടിയുടെ ഏക ശക്തികേന്ദ്രമായ വടകര മണ്ഡലത്തില്‍ യു ഡി എഫിനെ പിന്തുണക്കാന്‍ തീരുമാനമെടുത്ത ആര്‍ എം പി നേതൃത്വം മറ്റ് മണ്ഡലങ്ങളില്‍ അണികള്‍ക്ക് ഇഷ്ടംപോലെ വോട്ട് ചെയ്യാനുള്ള അനുമതിയാണ് നല്‍കിയത്‌. നേരത്തെ വടകര, ആലത്തൂര്‍, കോഴിക്കോട്, തൃശൂര്‍ മണ്ഡലങ്ങളില്‍ മത്സരിക്കുമെന്ന് ആര്‍ എം പി നേതൃത്വം പറഞ്ഞിരുന്നു. എന്നാല്‍ പിന്നീട് തീരുമാനത്തില്‍ നിന്ന് പിന്നോട്ട് പോയതില്‍ ചിലര്‍ ദുരൂഹത കല്‍പ്പിക്കുന്നു. യു ഡി എഫിനെ സഹായിക്കുന്നതാണ് പാര്‍ട്ടിയുടെ മൊത്തത്തിലുള്ള ഈ നിലപാടെന്നും കോഴിക്കോട് മണ്ഡലത്തിലും യു ഡി എഫിന് അനുകൂല നിലപാട് സ്വീകരിച്ചേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.

വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ വടകര നിയമസഭാ മണ്ഡലവുമായി ബന്ധപ്പെട്ട് ചില ഉറപ്പുകള്‍ കോണ്‍ഗ്രസില്‍ നിന്ന് ആര്‍ എം പിക്ക് ലഭിച്ചതായും ആരോപണമുണ്ട്.
കോണ്‍ഗ്രസുമായി സഹകരിക്കാന്‍ നേതൃത്വം എടുത്ത തീരുമാനത്തെ അനുകൂലിക്കുന്ന അണികള്‍ ഇത് ന്യായീകരിക്കാന്‍ ശക്തമായി രംഗത്തുണ്ട്. ചില ചരിത്ര വസ്തുതകള്‍ മറച്ചുവെച്ച് തെറ്റായ പ്രചാരണവും ഇവര്‍ ഇതിനായി ഉപയോഗിക്കുന്നു. സി പി എമ്മിനായി എല്‍ കെ അഡ്വാനിയും ഒ രാജഗോപാലും വോട്ട്പിടിച്ചിട്ടുണ്ടെന്നാണ് ന്യായീകരണം. പിണറായി വിജയന്‍ ആര്‍ എസ് എസ് പിന്തപണയോടെ മത്സരിച്ചെന്നും ഇവര്‍ കള്ളം പറയുന്നു.

ചന്ദ്രശേഖരന്റെ കൊലപാതകത്തിന് പിന്നില്‍ പി ജയരാജന്റെ കൈകളുണ്ട്. അദ്ദേഹം അറിയാതെ അത്തരം ഒരു കൊലപാതകം നടക്കില്ലെന്നും ആര്‍ എം പി അണികള്‍ പറയുന്നു. എന്നാല്‍ ടി പി ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടത് യു ഡി എഫ് ഭരണകാലത്ത്, കേസ് അന്വേഷിച്ചത് യു ഡി എഫിന്റെ പോലീസ്. എന്നിട്ടും ജയരാജനെതിരെ എന്തെങ്കിലും തെളിവ് ലഭിച്ചോയെന്ന ഇടത് പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നല്‍കാന്‍ ഇത്തരക്കാര്‍ക്ക് കഴിയുന്നുമില്ല. യു ഡി എഫിനെ പിന്തുണക്കാന്‍ നേതൃത്വം തീരുമാനിച്ചതോടെ ആര്‍ എം പിയില്‍ നിന്ന് കൂടുതല്‍ പേര്‍ പാര്‍ട്ടിയിലേക്ക് എത്തുന്നതായി സി പി എം അവകാശപ്പെടുന്നു. മുന്‍ കുറ്റ്യാടി എം എല്‍ എ കെ കെ ലതിക അടക്കമുള്ളവര്‍ ആര്‍ എം പി പ്രവര്‍ത്തകരെ മാലയിട്ട് സ്വീകരിക്കുന്ന ഫോട്ടോകള്‍ സോഷ്യല്‍ മീഡിയകളില്‍ പങ്കുവെക്കുന്നുമുണ്ട്.

എ പി ശമീര്‍

Latest