Connect with us

Ongoing News

കോണ്‍ഗ്രസ് അയയുന്നു; എ എ പിയുമായി സഖ്യത്തിന് പാര്‍ട്ടിയില്‍ തിരക്കിട്ട ചര്‍ച്ച

Published

|

Last Updated

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിലെ ഡല്‍ഹി നയത്തില്‍ മാറ്റം വരുത്താന്‍ കോണ്‍ഗ്രസിന്റെ സജീവ നീക്കം. ആം ആദ്മി പാര്‍ട്ടി (എ പി) യുമായി സഖ്യമുണ്ടാക്കാനുള്ള തിരക്കിട്ട ചര്‍ച്ചകള്‍ കോണ്‍ഗ്രസിനുള്ളില്‍ നടന്നുവരികയാണെന്നാണ് വിവരം. പാര്‍ട്ടി നടത്തിയ സര്‍വേയില്‍ ഡല്‍ഹിയില്‍ ബി ജെ പിക്ക് 35 ശതമാനം വോട്ട് ലഭിക്കാനിടയുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് മുന്‍ തീരുമാനത്തില്‍ മാറ്റം വരുത്താന്‍ നീക്കം നടക്കുന്നത്.

നേരത്തെ എ എ പി സഖ്യത്തിന് ശ്രമിച്ചിരുന്നുവെങ്കിലും കോണ്‍ഗ്രസ് പുറംതിരിഞ്ഞുനില്‍ക്കുന്ന സമീപനമാണ് സ്വീകരിച്ചിരുന്നത്. ഇതിനെ എ എ പി അധ്യക്ഷന്‍ അരവിന്ദ് കെജ്‌രിവാള്‍ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.

എ എ പിക്ക് 28ഉം കോണ്‍ഗ്രസിന് 22ഉം ശതമാനം വോട്ട് ലഭിക്കുമെന്നാണ് സര്‍വേയില്‍ നിന്ന് ലഭിച്ച സൂചന. എ എ പിയുമായി സഖ്യമുണ്ടാക്കിയില്ലെങ്കില്‍ സംസ്ഥാനത്തെ ഏഴു സീറ്റുകളും ബി ജെ പി ജയിക്കുമെന്നും സര്‍വേ പറയുന്നു. ഇതു കണക്കിലെടുത്ത് സഖ്യ കാര്യത്തില്‍ പുനര്‍ വിചിന്തനം നടത്തണമെന്ന് ആവശ്യപ്പെട്ട് മുന്‍ മുഖ്യമന്ത്രി ഷീലാ ദീക്ഷിത് ഉള്‍പ്പടെയുള്ള നേതാക്കള്‍ പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ കണ്ട് ചര്‍ച്ച നടത്തി.

ഷീലാ ദീക്ഷിത്തുമായി ഡല്‍ഹിയുടെ ചുമതലയുള്ള പി സി ചാക്കോ കൂടിക്കാഴ്ച നടത്തി വിഷയം ചര്‍ച്ച ചെയ്തു. എന്നാല്‍, സഖ്യത്തിന് ഷീലാ ദീക്ഷിത് പൂര്‍ണമായി വഴങ്ങിയിട്ടില്ല. എങ്കിലും പാര്‍ട്ടി ദേശീയ നേതൃത്വത്തിന്റെ തീരുമാനം അംഗീകരിക്കാന്‍ തയാറാണെന്ന് അവര്‍ വ്യക്തമാക്കിയതായി അറിയുന്നു. പാര്‍ട്ടി ഡല്‍ഹി ഘടകത്തിലെ മറ്റ് നേതാക്കളെയും പി സി ചാക്കോ കണ്ടു. എ എ പിയുമായി സഖ്യമുണ്ടാക്കുന്നതില്‍ ഇവര്‍ക്ക് അനുകൂല സമീപനമാണ് ഉള്ളത്. ഡല്‍ഹിയിലെ മറ്റു മുതിര്‍ന്ന നേതാക്കളായ ഗുലാം നബി ആസാദും അഹമ്മദ് പട്ടേലും കെജ്‌രിവാളുമായി കൂടിക്കാഴ്ച നടത്തി.

Latest