Connect with us

Kerala

മുനമ്പം മനുഷ്യക്കടത്ത്: ബോട്ട് വിറ്റയാളേയും വാങ്ങിയവരേയും തിരിച്ചറിഞ്ഞു;സംഘം പോയത് ക്രിസ്തുമസ് ദ്വീപിലേക്ക്

Published

|

Last Updated

കൊച്ചി: മുനമ്പം വഴിയുള്ള മനുഷ്യക്കടത്ത് സംബന്ധിച്ച് കൂടുതല്‍ നിര്‍ണായകമായ വിവരങ്ങള്‍ പോലീസിന് ലഭിച്ചു. ഓസ്‌ട്രേലിയയിലെ ക്രിസ്തുമസ് ദ്വീപ് ലക്ഷ്യമാക്കിയാണ് സംഘം പുറപ്പെട്ടതാണെന്ന് വിവരം. അതേ സമയം സംഘം പുറപ്പെട്ട ബോട്ട് തിരുവനന്തപുരം കോവളം സ്വദേശി അനില്‍ കുമാറില്‍നിന്നാണ് കുളച്ചല്‍ സ്വദേശികളായ ശ്രീകാന്തന്‍, സെല്‍വം എന്നിവര്‍ വാങ്ങിയതെന്നും തിരിച്ചറിഞ്ഞിട്ടുണ്ട്. ഒരുകോടി രണ്ട് ലക്ഷം രൂപക്കാണ് ബോട്ട് വാങ്ങിയത്.

അതേ സമയം മനുഷ്യക്കടത്ത് സംഘം ഒന്നില്‍ കൂടുതല്‍ ബോട്ടുകള്‍ വാങ്ങിയതായും സംശയമുണ്ട്. കൊച്ചി വഴി മുമ്പും മനുഷ്യക്കടത്ത് നടത്തിയ സംഘം തന്നെയാണ് ഇപ്പോഴും അനധിക്യത രാജ്യാന്തര കുടിയേറ്റത്തിന് പിന്നിലെന്നാണ് വിവരം. രണ്ട് ദിവസം മുമ്പാണ് 42 പേരടങ്ങുന്ന സംഘം മുനമ്പം തീരത്തുനിന്നും മത്സ്യബന്ധന ബോട്ടില്‍ പുറപ്പെട്ടത്. മുനമ്പത്തും കൊടുങ്ങല്ലൂരും ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ ബാഗുകളാണ് മനുഷ്യക്കടത്തിനെക്കുറിച്ച് സൂചന നല്‍കിയത്. ഓസ്‌ട്രേലിയയില്‍നിന്നും 1538 നോട്ടിക്കല്‍ മൈല്‍ അകലെയാണ് സംഘം ലക്ഷ്യംവെക്കുന്ന ക്രിസ്തുമസ് ദ്വീപുള്ളത്. ഓസ്‌ട്രേലിയയിലേക്ക് അനധിക്യതമായി കുടിയേറാനാണ് ഇവര്‍ ഈ ദ്വീപിലേക്കെത്തുന്നത്.തമിഴ് നാട്ടിലെ ശ്രീലങ്കന്‍ അഭയാര്‍ഥി ക്യാമ്പുകളില്‍ കഴിയുന്നവരാണ് ബോട്ടില്‍ തീരം വിട്ടതെന്നാണ് കരുതുന്നത്.

Latest