Connect with us

Malappuram

നിരത്തുകളിലെ ദുരന്തങ്ങളിൽ നിന്നും ജീവിതത്തിലേക്ക് തിരിച്ചെത്തിയവരുടെ അനുഭവങ്ങളുമായി മഅ്ദിൻ കോളേജ് മാഗസിൻ

Published

|

Last Updated

വാഹനാപകടങ്ങൾ കേന്ദ്ര പ്രമേയമാക്കി മഅ്ദിൻ പോളി ടെക്‌നിക് കോളേജിലെ കമ്പ്യൂട്ടർ എഞ്ചിനിയറിംഗ് വിദ്യാർത്ഥികൾ തയ്യാറാക്കിയ മാഗസിൻ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ, ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ ടി ജലീൽ, ലുലു ഗ്രൂപ്പ് മേധാവി പത്മശ്രീ എം എ യൂസുഫലി എന്നിവർ ചേർന്നു പ്രകാശനം ചെയ്യുന്നു
മലപ്പുറം: നിരത്തുകളിലെ വാഹനാപകടങ്ങളിൽ നിന്നും ജീവിതത്തിലേക്ക് തിരിച്ചെത്തിയവരുടെ അനുഭവങ്ങളുമായി കോളേജ് മാഗസിൻ. മഅ്ദിൻ അക്കാദമിയുടെ വൈസനിയം ആഘോഷങ്ങളുടെ ഭാഗമായാണ് സമൂഹത്തിൽ വർദ്ധിച്ചു വരുന്ന വാഹനാപകടങ്ങൾ കേന്ദ്ര പ്രമേയമാക്കി മഅ്ദിൻ പോളി ടെക്‌നിക് കോളേജിലെ കമ്പ്യൂട്ടർ എഞ്ചിനിയറിംഗ് വിദ്യാർത്ഥികൾ വ്യത്യസ്തമായ മാഗസിൻ തയ്യാറാക്കിയത്. റോഡപകടങ്ങളിൽ പരിക്കുപറ്റിയവർ, നിത്യരോഗികളായി കിടപ്പിലായവർ, ജീവൻ നഷ്ടപ്പെട്ടവരുടെ ബന്ധുക്കൾ/സുഹൃത്തുക്കൾ തുടങ്ങിയവരുടെ അനുഭവ സാക്ഷ്യങ്ങൾ, മോട്ടോർ വാഹന ഉദ്യോഗസ്ഥരുടെ നിർദ്ദേശങ്ങൾ, സാമൂഹിക പ്രവർത്തകർ, റോഡു സുരക്ഷാ രംഗത്ത് പ്രവർത്തിക്കുന്നവർ തുടങ്ങിയവരുടെ റോഡ് സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ എന്നിവയാണ് മാഗസിനിലുള്ളത്.
ഓഗ്മെന്റഡ് റിയാലിറ്റി സാങ്കേതിക വിദ്യയിലൂടെ പുറം ചട്ടയും താളുകളിലെ ചിത്രങ്ങളും സ്‌കാൻ ചെയ്താൽ അനുബന്ധ ദൃശ്യങ്ങളും ചിത്രങ്ങളും ലഭിക്കുമെന്ന പ്രത്യേകതയും ഈ മാഗസിനുണ്ട്. അതിനായി പ്രത്യേക മൊബൈൽ ആപ്പും പുറത്തിറക്കിയിട്ടുണ്ട്.
വീട്ടിൽ നിന്നും വാഹനവുമായിറങ്ങുന്ന മക്കളോടുള്ള മാതാപിതാക്കളുടെ പതിവ് ഉപദേശമാണ് മോനേ ശ്രദ്ധിച്ചു പോകണം എന്നുള്ളത്. അതിനെ മലപ്പുറം ശൈലിയിൽ പറയുന്ന മനേ ജ്ജ് നോക്കി പോണട്ടാ.. എന്ന സരസമായ പേരാണ് മാഗസിന് നൽകിയിട്ടുള്ളത്.
92 പുറങ്ങളിലായി മൾട്ടി കളർ ആർട്ട് പേപ്പറിൽ തയ്യാറാക്കിയ മാഗസിനിൽ റോഡു സുരക്ഷാ സന്ദേശം നൽകുന്ന കാർട്ടൂണുകളും ഛായാ ചിത്രങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. മഅ്ദിൻ പോളി ടെക്‌നിക് കോളേജ് ആർകിടെക്ച്ചർ ഡിപ്പാർട്ട്‌മെന്റിലെ വിദ്യാർത്ഥിനിയായ നാജിയ സുൽത്താനയാണ് താളുകളിലെ ഛായാ ചിത്രങ്ങൾ തയ്യാറാക്കിയത്.അജ്മൽ യാസീൻ ഐക്കരപ്പടിയാണ് ലേ ഔട്ട് ചെയ്തത്.
മുഖ്യമന്ത്രി പിണറായി വിജയൻ, മഅ്ദിൻ ചെയർമാൻ സയ്യിദ് ഇബ്‌റാഹീമുൽ ഖലീൽ അൽ ബുഖാരി, ജില്ലാ കലക്ടർ അമിത് മീണ, കാലിക്കറ്റ് യൂനിവേഴ്‌സിറ്റി മുൻ വി സി ഡോ. കെ കെ എൻ കുറുപ്പ് തുടങ്ങിയവരുടെ സന്ദേശങ്ങളും മാഗസിനെ ശ്രദ്ധേയമാക്കുന്നു.
മഅ്ദിൻ എജ്യൂപാർക്കിൽ നടന്ന ചടങ്ങിൽ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ, ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ ടി ജലീൽ, ലുലു ഗ്രൂപ്പ് മേധാവി പത്മശ്രീ എം എ യൂസുഫലി എന്നിവർ ചേർന്നു മാഗസിൻ പ്രകാശനം ചെയ്തു.

Latest