Connect with us

Articles

വെടിയുണ്ടകള്‍ക്കു മുന്നിലെ മാധ്യമ ജീവിതം

Published

|

Last Updated

ജനാധിപത്യത്തിന്റെ നാലാം തൂണ് എന്നൊരു വിശേഷണം പത്രമാധ്യമങ്ങള്‍ക്ക് ലോകം കല്‍പ്പിച്ചുകൊടുത്തിട്ടുണ്ടെങ്കിലും, നാള്‍ക്കുനാള്‍ വലിയ ഭീഷണിയും തൊഴില്‍ അരക്ഷിതാവസ്ഥയും നേരിടുന്ന ഒരു മേഖലയാണ് പത്രപ്രവര്‍ത്തനമെന്നത് അറിഞ്ഞുകൂടാത്തവരല്ല നാമൊന്നും. സ്വാതന്ത്ര്യത്തിന്റെ പറുദീസയായി ഗണിക്കപ്പെടുന്ന യൂറോപ്യന്‍ രാജ്യങ്ങളില്‍ പോലും പത്രപ്രവര്‍ത്തനം അത്രകണ്ട് സുഖകരമല്ല. ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയിലും സ്വതന്ത്രമായി പത്രപ്രവര്‍ത്തനം സാധ്യമാകാത്ത അവസ്ഥയാണിന്ന്. ലോക പത്രപ്രവര്‍ത്തക സംഘടന തന്നെ ഇക്കാര്യം ചൂണ്ടിക്കാണിച്ചിട്ടുണ്ട്. പത്രപ്രവര്‍ത്തകര്‍ക്ക് തങ്ങളുടെ ജോലി നിര്‍ഭയം ചെയ്യാന്‍ സാധിക്കാതെ വരുമ്പോള്‍ അവിടം ജനാധിപത്യത്തിന്റെ മരണമണി മുഴങ്ങുന്നു. അത് ഇന്ത്യയില്‍ യഥാര്‍ഥത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നതായി സമകാലിക സംഭവങ്ങളെ മുന്‍നിര്‍ത്തി നമുക്ക് പറയാന്‍ കഴിയും. അയല്‍രാജ്യമായ പാക്കിസ്ഥാനില്‍ ജീവന്‍ ബലികൊടുത്തുകൊണ്ടാണ് പലപ്പോഴും പത്രസ്വാതന്ത്ര്യം നിലനിര്‍ത്തി പോരുന്നത്. പത്രസ്വാതന്ത്ര്യം നിലനില്‍ക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ പാക്കിസ്ഥാന് പിറകെയാണ് ഇന്ത്യയുടെ സ്ഥാനമെന്നത് നമ്മെ ആശങ്കപ്പെടുത്തേണ്ടതാണ്. 138ാം റാങ്കാണ് ഇന്ത്യക്കുള്ളത്. ഇന്ത്യന്‍ പ്രസ് കൗണ്‍സില്‍ ചെയര്‍മാനായ ചന്ദ്രമൗലി കുമാര്‍ ഈ റാങ്കിംഗിനെ തള്ളിപ്പറഞ്ഞിട്ടില്ല.
സഊദി വംശജനും പത്രപ്രവര്‍ത്തകനുമായ ജമാല്‍ അഹ്മദ് ഖഷോഗിയുടെ നിഷ്ഠൂരമായ കൊലയെ സംബന്ധിച്ച ചൂടുപിടിച്ച ചര്‍ച്ചകള്‍ ഇപ്പോഴും ലോകമാധ്യമങ്ങളില്‍ കെട്ടടങ്ങിയിട്ടില്ല. ലോകത്ത് കൊല്ലപ്പെടുകയോ തട്ടിക്കൊണ്ടുപോവുകയോ ചെയ്യപ്പെടുന്ന പത്രപ്രവര്‍ത്തകരെക്കുറിച്ച് പിന്നീടൊന്നും നാം കേള്‍ക്കാറില്ല. പലതും തീവ്രവാദി അക്രമങ്ങളുടെയോ സ്വാഭാവിക മരണങ്ങളുടെയോ പട്ടികയിലാണ് പെടുത്താറ്. ഖശോഗി വധം പക്ഷേ വലിയ ചര്‍ച്ചക്ക് വഴി വെച്ചു.

ഒരു പട്ടാളക്കാരന്‍ യുദ്ധമുഖത്ത് ആയുധങ്ങള്‍ കൈയിലേന്തി പടനയിക്കാന്‍ പോകുന്നത് തന്റെ ജീവനെ തൃണവത്കരിച്ചുകൊണ്ടാണ്. ഒരര്‍ഥത്തില്‍ “ജേര്‍ണലിസ്റ്റുകള്‍” ചെയ്യുന്നതും മറ്റൊന്നല്ല. പട്ടാളക്കാരന്റെ കൈയില്‍ തോക്കോ മിസൈലോ ആണെങ്കില്‍ പത്രപ്രവര്‍ത്തകന്റെ ആയുധം പേനയോ, ക്യാമറയോ എന്ന വ്യത്യാസമേ ഉള്ളൂ. രണ്ടുപേര്‍ക്കും ജീവിതം ഒരു ഞാണിന്മേല്‍ കളിയാണ്. സത്യം കണ്ടെത്താനുള്ള തീവ്രമായ ശ്രമത്തിനിടയില്‍ ജീവന്‍ നഷ്ടപ്പെടുന്ന മാധ്യമപ്രവര്‍ത്തകരുടെ കണക്കെടുത്താല്‍ തീരില്ല. കഴിഞ്ഞ കാല്‍ നൂറ്റാണ്ടിനിടെ മാത്രം 25,000 മാധ്യമ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതായാണ് ഐ എഫ് ജെ (ഇന്റര്‍ നാഷണല്‍ ഫെഡറേഷന്‍ ഓഫ് ജേര്‍ണലിസ്റ്റ്‌സ്)യുടെ വെളിപ്പെടുത്തല്‍. പത്രപ്രവര്‍ത്തനം എന്ന തൊഴില്‍ രംഗം എന്തുമാത്രം അപകടം പിടിച്ചതാണെന്ന സത്യം മനസ്സിലാക്കാന്‍, ഓരോ വര്‍ഷവും വര്‍ധിച്ചുകൊണ്ടിരിക്കുന്ന പത്രപ്രവര്‍ത്തകരുടെ കൊലപാതകങ്ങള്‍ ചൂണ്ടുപലകയാവുന്നുണ്ട്. ഇതിന്റെ ഭീകരത ബോധ്യപ്പെടാന്‍ യുനെസ്‌കോ പുറത്തുവിട്ട ഒരു കണക്ക് മുന്നിലുണ്ട്. 2012 മുതല്‍ 2016 വരെയുള്ള കാലയളവിനുള്ളില്‍ 530 മാധ്യമപ്രവര്‍ത്തകര്‍ക്ക് ജീവഹാനി സംഭവിച്ചിട്ടുണ്ടത്രെ. ഇതില്‍ പതിനെട്ട് പേര്‍ ഇന്ത്യക്കാരാണ്. പത്രപ്രവര്‍ത്തകരെ ആരൊക്കെയോ പേടിക്കുകയാണ്. ആ ഭയപ്പാടില്‍ അവര്‍ ആയുധം പ്രയോഗിക്കുകയാണ്. തോക്കിനേക്കാള്‍ ഭയപ്പെടേണ്ടത് തൂലികയെയാണെന്ന് നെപ്പോളിയന്‍ പറഞ്ഞിട്ടുണ്ടല്ലോ.

തൊണ്ണൂറുകള്‍ക്കു ശേഷം ഇന്ത്യയിലെ മാധ്യമരംഗം യാതൊരുവിധ നിയന്ത്രണവുമില്ലാതെ വികസനത്തിന്റെ വഴിയിലാണ്. ഇത് മാധ്യമരംഗത്തെ മത്സരത്തിന് ഇടയാക്കിയിട്ടുണ്ട്. നൂറുകണക്കിന് പത്രമാധ്യമങ്ങളും 400ല്‍പരം ചാനലുകളും കഴിഞ്ഞ രണ്ടിലേറെ ദശാബ്ദം കൊണ്ട് ഇന്ത്യന്‍ ജനതയുടെ സാംസ്‌കാരിക മണ്ഡലത്തിലേക്ക് കടന്നു വന്നു. മാധ്യമങ്ങള്‍ തമ്മിലുള്ള മത്സരം പലപ്പോഴും പത്രപ്രവര്‍ത്തന രംഗത്തെ “എത്തിക്‌സി”നെ തന്നെ ചോദ്യം ചെയ്യുന്നു. മീഡിയകള്‍ ഒരു അവശ്യവസ്തുവായി മാറിയതോടെ ജനങ്ങളുടെ മനസ്സില്‍ ഇടംപിടിക്കാനുള്ള തന്ത്രങ്ങളും മെനയപ്പെട്ടു. ടി വി സീരിയലുകളുടെ “റേറ്റിംഗ്” പോലെത്തന്നെ മീഡിയകളും അതിന്റെ വൃത്തികെട്ട വഴിയില്‍ എത്തിപ്പെട്ടതോടെ പത്രപ്രവര്‍ത്തകര്‍ കൂടുതല്‍ അപകടങ്ങള്‍ക്ക് വഴിപ്പെടുകയാണുണ്ടായത്. യുദ്ധഭൂമിയും പ്രളയവും ഒന്നുംതന്നെ അവര്‍ക്ക് വിഘാതമാകുന്നില്ല. ഇത് പെട്ടെന്ന് അവരെ ഇരകളുടെ പട്ടികയിലേക്ക് ചേര്‍ക്കുന്നു. “ഫോര്‍ത്ത് എസ്‌റ്റേറ്റ്” എന്ന തൊഴില്‍ രംഗം വ്യവസായവത്കരിക്കപ്പെടുകയും അത് മത്സരത്തിന്റെ രംഗഭൂമിയായി മാറുകയും ചെയ്തതാണ് പുതിയ നൂറ്റാണ്ടില്‍ നാം കാണുന്നത്.

മാധ്യമ പ്രവര്‍ത്തകര്‍ വധിക്കപ്പെടുന്ന പല കേസുകളിലും പ്രതികള്‍ ശിക്ഷിക്കപ്പെടാതെ പോകുന്നത് അവരുടെ തൊഴില്‍ സുരക്ഷ പിന്നെയും അപകടത്തിലാക്കുന്നുണ്ട്. കര്‍ണാടകയിലെ ഗൗരി ലങ്കേഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇനിയും പ്രതികള്‍ പിടിക്കപ്പെടാനുണ്ടെന്ന സത്യം വിസ്മരിക്കാന്‍ പാടില്ല. നമ്മുടെ രാജ്യത്ത് വര്‍ധിച്ചുവരുന്ന ഹിന്ദുത്വ ദേശീയവാദവും ഫാസിസത്തിന്റെ കടന്നുകയറ്റവും പത്രപ്രവര്‍ത്തന രംഗത്തെ മറ്റൊരു കാലത്തും ഇല്ലാത്തവണ്ണം അപകടപ്പെടുത്തിയിട്ടുണ്ട്. മോദിയുടെ അധികാരാനന്തരം ഇന്ത്യയില്‍ കൊല്ലപ്പെട്ട ചിന്തകരുടെയും, എഴുത്തുകാരുടെയും, സ്വതന്ത്ര പത്രപ്രവര്‍ത്തകരുടെയും കണക്ക് മറ്റെന്താണ് കാണിക്കുന്നത്? ലോകത്തിലെ സംഘര്‍ഷഭരിതമായ രാജ്യങ്ങളില്‍ പത്രപ്രവര്‍ത്തന മേഖല നേരിടുന്ന ഭീഷണിയേക്കാള്‍ വലുതാണ് ഇന്ത്യയിലെ പത്രപ്രവര്‍ത്തകര്‍ അഭിമുഖീകരിക്കുന്നത്. പ്രമുഖ കശ്മീരി പത്രാധിപര്‍ ഷുജാഅത് ബുഖാരി കൊല്ലപ്പെട്ടിട്ട് അധിക കാലമായിട്ടില്ല. മാധ്യമ സ്വാതന്ത്ര്യത്തിന് പേരുകേട്ട ബ്രിട്ടനില്‍ പോലും ജേര്‍ണലിസ്റ്റുകള്‍ അത്രയൊന്നും സുരക്ഷിതരല്ല.

പത്രപ്രവര്‍ത്തകരുടെ കൊലപാതകങ്ങള്‍ ലോകത്ത് ഒരു വിഷയമായി ഉയര്‍ന്നുവരണമെങ്കില്‍, അത് ഒന്നുകില്‍ നയതന്ത്ര വിഷയമായിത്തീരുകയോ ആഭ്യന്തര വിഷയമായി മാറുകയോ വേണം. ഗൗരി ലങ്കേഷിന്റെ കൊലപാതകം പോലും നാം മറന്നുതുടങ്ങിയിരിക്കുന്നു. കൊട്ടിഘോഷിക്കപ്പെടാത്ത അനേകം കൊലപാതകങ്ങള്‍ ഇതിനിടയില്‍ ലോകത്ത് സംഭവിക്കുന്നുണ്ട്. ഈ മരണങ്ങളെല്ലാം ജനാധിപത്യത്തിന്റെയും അഭിപ്രായ സ്വാതന്ത്ര്യത്തിന്റെയും മരണമായി നിരീക്ഷിക്കേണ്ടതുണ്ട്. അല്ലാത്തിടത്തോളം മരണമടയുന്നത് നമ്മുടെ പത്രധര്‍മ സങ്കല്‍പ്പമാണ്. അഭിപ്രായ സ്വാതന്ത്ര്യവും സത്യം വിളിച്ചുപറയാനുള്ള വേദികളും ഇല്ലാതാകുമ്പോള്‍ ആ സമൂഹത്തില്‍ അരാജകത്വവും ഫാസിസവും ഉറഞ്ഞുതുള്ളാന്‍ തുടങ്ങും. ഇന്ത്യയില്‍ കാണുന്നത് അതാണല്ലോ.

Latest