Connect with us

Kerala

ഗീത ഗോപിനാഥിനെ ഐഎംഎഫ് മുഖ്യ സാമ്പത്തിക വിദഗ്ധയായി നിയമിച്ചു

Published

|

Last Updated

കൊച്ചി: ഹാര്‍വാര്‍ഡ് സര്‍വകലാശാല ഇക്കണോമിക്‌സ് പ്രഫസറും മുഖ്യമന്ത്രി പിണറായി വിജയന്റെ സാമ്പത്തിക ഉപദേഷ്ടാവുമായ ഗീത ഗോപിനാഥിനെ അന്താരാഷ്ട്ര നാണ്യനിധി (ഐഎംഎഫ്) യുടെ മുഖ്യ സാമ്പത്തിക വിദഗ്ധയായി നിയമിച്ചു.

ആര്‍ബിഐ ഗവര്‍ണറായിരുന്ന രഘുറാം രാജന് ശേഷം ഈ പദവിയിലെത്തുന്ന ആദ്യ ഇന്ത്യാക്കാരിയാണ് ഗീതാ ഗോപിനാഥ്. ഡിസംബറില്‍ വിരമിക്കുന്ന മൗറി ഒബ്സ്റ്റഫെല്‍ഡിന് പരക്കാരിയായാണ് ഗീതയുടെ നിയമനം. അടുത്തിടെ അമേരിക്കന്‍ അക്കാദമി ഓഫ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സസ് അംഗത്വവും ഗീത ഗോപിനാഥിന് ലഭിച്ചിരുന്നു. ഈ മാസം ആറിനു മാസച്യുസിറ്റ്‌സിലെ കേംബ്രിജില്‍ അക്കാദമി ആസ്ഥാനത്ത് അംഗത്വം ഔപചാരികമായി നല്‍കാനിരിക്കെയാണ് ഐഎംഎഫ് ചീഫ് ഇക്കണോമിസ്റ്റ് സ്ഥാനവും ഇവരെ തേടിയെത്തിയത്.

കണ്ണൂര്‍ സ്വദേശിയും കാര്‍ഷിക സംരംഭകനുമായ ടി.വി.ഗോപിനാഥിന്റെയും അധ്യാപിക വിജയലക്ഷ്മിയുടെയും മകളായ ഗീത മൈസൂരുവിലാണു പഠിച്ചുവളര്‍ന്നത്. ഡല്‍ഹി ലേഡി ശ്രീറാം കോളജില്‍ നിന്ന് ഇക്കണോമിക്‌സില്‍ ഓണേഴ്‌സും ഡല്‍ഹി സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സില്‍ നിന്നും വാഷിംഗ്ടണ്‍ സര്‍വകലാശാലയില്‍ നിന്നും എംഎയും പ്രിന്‍സ്റ്റന്‍ സര്‍വകലാശാലയില്‍ നിന്നു ഡോക്ടറേറ്റും നേടി.

പ്രിന്‍സ്റ്റന്‍ സര്‍വകലാശാലയില്‍ ഗവേഷണത്തിനു വുഡ്രോ വില്‍സന്‍ ഫെലോഷിപ് ലഭിച്ചു. യുവ ലോകനേതാക്കളില്‍ ഒരാളായി വേള്‍ഡ് ഇക്കണോമിക് ഫോറം തിരഞ്ഞെടുത്തിരുന്നു. മുന്‍ ഐഎഎസ് ഓഫിസറും മാസച്യുസിറ്റ്‌സ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയിലെ (എംഐടി) പോവര്‍ട്ടി ആക്ഷന്‍ ലാബ് ഡയറക്ടറുമായ ഇക്ബാല്‍ ധലിവാള്‍ ആണ് ഭര്‍ത്താവ്. മകന്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥി രോഹില്‍.

---- facebook comment plugin here -----

Latest