Connect with us

Articles

വിധിയല്ല, സമവായം

Published

|

Last Updated

സുപ്രീം കോടതിയുടെ ചരിത്രത്തില്‍ത്തന്നെ ഏറ്റവും കൂടുതല്‍ വാദം നടന്ന കേസുകളില്‍ രണ്ടാം സ്ഥാനത്തുള്ള ആധാറുമായി ബന്ധപ്പെട്ടുള്ള സുപ്രീംകോടതി വിധി പ്രതീക്ഷിതമാണ്. ഇതിനപ്പുറത്തേക്ക് ആധാര്‍ എന്നത് നിയമവിരുദ്ധമാണെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ഉള്‍പ്പെട്ട അഞ്ചംഗ സുപ്രീംകോടതി ഭരണഘടനാ ബഞ്ച് വിധിക്കുമെന്ന് കടുത്ത ആധാര്‍വിരുദ്ധരോ ആധാറിനെതിരെ കോടതിയില്‍ പോയവരോ കരുതിയിട്ടില്ലെന്നത് തന്നെയാണ് സത്യം. ആധാറിനെ അനുകൂലിക്കുന്നവര്‍ക്കും പ്രതികൂലിക്കുന്നവര്‍ക്കും ഒരുപോലെ ആശ്വാസമേകുന്നതാണ് വിധിയെന്ന് പറയേണ്ടിയിരിക്കുന്നു. സര്‍ക്കാറിനെ സംബന്ധിച്ചിടത്തോളം സുപ്രീംകോടതിയുടെ അംഗീകാരവും ആധാറിനെതിരെ കോടതിയെ സമീപിച്ചവരെ സംബന്ധിച്ചിടത്തോളം ചില സുപ്രധാന വകുപ്പുകള്‍ കോടതി റദ്ദാക്കിയെന്നതും ആശ്വാസമാണ്.

ഇന്നലത്തെ സുപ്രീം കോടതി വിധി ഏതാണ്ടെല്ലാവരും പ്രതീക്ഷിച്ചതു തന്നെയാണ്. ഇതിനപ്പുറത്തേക്ക് സുപ്രീംകോടതിക്ക് ആധാറിനെതിരെ നിലപാടെടുക്കാന്‍ കഴിയില്ലെന്നതാണ് വാസ്തവം. അതിന് രണ്ട് കാരണങ്ങളാണുള്ളത്. അത് രണ്ടും തന്റെ വിയോജനവിധിയില്‍ ജസ്റ്റിസ് ചന്ദ്രചൂഡ് വ്യക്തമാക്കിയിട്ടുണ്ട്. ഒന്നാമതായി അദ്ദേഹം പറയുന്നത് ഭരണഘടനാപരമായ ഉറപ്പുകളില്‍ സാങ്കേതികവിദ്യയുടെ മാറ്റത്തിനനുസരിച്ച് വിട്ടുവീഴ്ച ചെയ്യാനാകില്ലെന്നതാണ്. ഈ വിധിയും അത്തരം ഒരു നിലപാടിന്റെ ഭാഗമായാണുണ്ടായിരിക്കുന്നത്. ആധാറിനെതിരെ സംസാരിക്കുന്നവരൊക്കെയും സാങ്കേതികവിദ്യ ഉള്‍ക്കൊള്ളാത്തവരും സാങ്കേതികവിദ്യക്കെതിരെയുമാണെന്ന ഒരു പൊതുബോധം സൃഷ്ടിച്ചെടുക്കാന്‍ ഇവര്‍ക്കൊക്കെ സാധിച്ചിട്ടുണ്ട്. അതുകൊണ്ട് ആധാറിനെതിരെ ഒരു വിധിയുണ്ടാകുന്നത് സുപ്രീം കോടതിക്കുമേല്‍ സാങ്കേതികവിരുദ്ധത ആരോപിക്കാന്‍ ഇടയാക്കുമായിരുന്നു. പൗരന് ഭരണഘടന ഉറപ്പുനല്‍കുന്നതാണ് സ്വകാര്യതയുടെ സംരക്ഷണം. സാങ്കേതികവിദ്യാ മുന്നേറ്റത്തിനനുസരിച്ച് “സ്വകാര്യത” മാറ്റങ്ങള്‍ക്ക് വിധേയമാക്കേണ്ട ഒന്നല്ലെന്നതാണ് ചന്ദ്രചൂഡ് വ്യക്തമാക്കിയിരിക്കുന്നത്. ബേങ്ക് അക്കൗണ്ടിനും മൊബൈല്‍ നമ്പറിനും ആധാര്‍ നിര്‍ബന്ധമില്ലാതാക്കുന്നതിലൂടെ ഇത് കുറേയേറെ പരിഹരിക്കപ്പെടും. നിലവില്‍ രാജ്യത്ത് ഇത്തരം വിവരങ്ങള്‍ ചോരുന്നതിലൂടെയാണ് ജനങ്ങള്‍ കൂടുതലും കബളിപ്പിക്കപ്പെടുന്നത്.

മറ്റൊന്ന് ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞത് ആധാറില്ലാതെ രാജ്യത്തൊന്നും നടക്കില്ലെന്നതാണ്. തീര്‍ച്ചയായും ശരിയായ നിരീക്ഷണമാണിത്. ഇന്ന് രാജ്യത്ത് എല്ലാത്തിനും ആധാര്‍ വേണമെന്നതാണ് സ്ഥിതി. അത്തരമൊരു അവസ്ഥയില്‍ ആധാറുമായി കെട്ടുപിണഞ്ഞു കിടക്കുന്ന രാജ്യത്ത് ആ സംവിധാനം തന്നെ ഇല്ലായ്മ ചെയ്യാനുള്ള ഒരു വിധി പ്രതീക്ഷക്കപ്പുറത്താണ്. മാത്രവുമല്ല, ആയിരക്കണക്കിന് കോടിയാണ് രാജ്യത്തെ ജനങ്ങളെ ആധാറിലേക്ക് കൊണ്ടുവരാനായി ചെലവഴിക്കപ്പെട്ടത്. അങ്ങനെ വരുമ്പോള്‍ സുപ്രീം കോടതിക്ക് ആകെ ചെയ്യാനുണ്ടായിരുന്നത് ആധാറുമായി ബന്ധപ്പെട്ട് ഗുരുതരമായ ഭവിഷ്യത്തുകളുള്ള ചില വകുപ്പുകള്‍ നീക്കുകയെന്നത് തന്നെയായിരുന്നു. അതാണിപ്പോള്‍ സംഭവിച്ചിരിക്കുന്നതും. സ്വകാര്യ കമ്പനികള്‍ക്ക് വിവരങ്ങള്‍ നല്‍കാന്‍ നിര്‍ദേശിക്കുന്ന സെക്ഷന്‍ 57, ദേശീയ സുരക്ഷക്കായി വിവരങ്ങള്‍ കൈമാറണമെന്ന് നിര്‍ദേശിക്കുന്ന സെക്ഷന്‍ 33(2), ആധാറിനെതിരെ വ്യക്തികള്‍ക്ക് പരാതി നല്‍കാന്‍ അനുവദിക്കാത്ത സെക്ഷന്‍ 47 എന്നിവയാണ് ഈ വിധിയിലൂടെ സുപ്രീംകോടതി റദ്ദാക്കിയിരിക്കുന്നത്.

ആധാറിനെതിരെ ഏറ്റവും കൂടുതല്‍ പരാതികളുയര്‍ന്നതും ഈ വകുപ്പുകള്‍ ഉപയോഗിച്ച് ആധാര്‍ ഡാറ്റ ദുരുപയോഗം ചെയ്യപ്പെടുന്നതിനെക്കുറിച്ചായിരുന്നു. അംബാനിയുടെ റിലയന്‍സ് ജിയോയാണ് ഈയൊരു വകുപ്പ് ഉപയോഗിച്ച് ആധാര്‍ ഡാറ്റകള്‍ ആദ്യമായി കൈക്കലാക്കിയത്. പിന്നാലെ ഐഡിയയും തുടര്‍ന്ന് ബാക്കിയുള്ളവരും ഡാറ്റ കൈക്കലാക്കി. സ്വകാര്യ കമ്പനികള്‍ക്ക് വിവരങ്ങള്‍ കൈമാറാന്‍ നിര്‍ദേശിക്കുന്ന വകുപ്പ് റദ്ദാക്കിയതോടെ ഇത്തരമൊരു ദുരുപയോഗം ഇനിയുണ്ടാകില്ലെന്ന് കരുതാം. അതേസമയം നിലവില്‍ എന്തെങ്കിലും ഡാറ്റ കൈമാറ്റം ചെയ്യപ്പെട്ടിട്ടുണ്ടെങ്കില്‍ അതിനെക്കുറിച്ച് കോടതിയുടെ നിലപാട് എന്താണെന്ന് വ്യക്തമല്ല. അതുമാത്രമല്ല, അന്വേഷണ ഏജന്‍സികള്‍ക്ക് ഇത്തരം വിവരങ്ങള്‍ കൈമാറണമെങ്കില്‍ കോടതിയുടെ അനുമതി വേണമെന്നും വിധിയില്‍ വ്യക്തമാക്കുന്നുണ്ട്. വിവരങ്ങള്‍ ദുരുപയോഗം ചെയ്യപ്പെട്ടാല്‍ കോടതിയെ സമീപിക്കാമെന്നതും വലിയ നേട്ടമാണ്. കുത്തകകളുടെ വിവരദുരുപയോഗം ചോദ്യം ചെയ്യപ്പെടാതെ അവശേഷിക്കുകയും ചോദ്യം ചെയ്യുന്നവന്‍ രാജ്യദ്രോഹിയുമാകുമായിരുന്നു.

കോടതി വിധി എതിരായിരുന്നെങ്കില്‍ അത് ബി ജെ പി സര്‍ക്കാറിനെ പ്രതിസന്ധിയിലാക്കുമായിരുന്നു എന്നതില്‍ തര്‍ക്കമില്ലായിരുന്നു. അതില്‍ നിന്ന് തത്കാലം സര്‍ക്കാറും മോദിയും രക്ഷപ്പെട്ടിരിക്കുകയാണ്. കാരണം ഭരണകക്ഷിക്ക് ഭൂരിപക്ഷമില്ലാത്തതിനാല്‍ രാജ്യസഭയില്‍ ആധാര്‍ ബില്‍ പാസ്സാകില്ലെന്ന ഉത്തമബോധ്യമാണ് കേന്ദ്ര സര്‍ക്കാറിനെ ആധാറിനെ ധനബില്ലായി ലോക്‌സഭയില്‍ കൊണ്ടുവന്ന് പാസ്സാക്കിയെടുക്കാന്‍ പ്രേരിപ്പിച്ചത്. ഇത് ചട്ടവിരുദ്ധമാണെന്ന ജസ്റ്റിസ് ചന്ദ്രചൂഡിന്റെ കടുത്ത എതിര്‍പ്പ് മറികടന്നുകൊണ്ടാണ് സുപ്രീംകോടതി ബഞ്ച് ആധാര്‍ നിയമത്തിന് അംഗീകാരം നല്‍കിയിരിക്കുന്നത്. അല്ലായിരുന്നെങ്കില്‍ അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സര്‍ക്കാറിന് അത് തിരിച്ചടിയാകുമായിരുന്നു.

ആധാറുമായി ബന്ധപ്പെട്ട നീണ്ട വാദത്തിനിടെ പലപ്പോഴും അന്തിമവിധിയിലും സുപ്രീം കോടതി ചൂണ്ടിക്കാട്ടുന്ന പ്രധാന വസ്തുതയുണ്ട്. അതായത് ആധാറില്ലാത്തതിന്റെ പേരില്‍ മാത്രം പൗരന്റെ അവകാശങ്ങള്‍ നിഷേധിക്കരുതെന്നതാണത്. പക്ഷേ, ഇത് എത്രമാത്രം പാലിക്കപ്പെടും എന്നിടത്താണ് കാര്യങ്ങള്‍ തീരുമാനിക്കപ്പെടുക. നമുക്കറിയാം, ഇന്ന് സര്‍ക്കാറുമായി ബന്ധപ്പെട്ട ഏതൊരു കാര്യത്തിനും ആദ്യം ചോദിക്കുന്നത് ആധാറാണ്. ആധാറുമായി ബന്ധപ്പെട്ടുള്ള സ്വകാര്യതാ വിഷയങ്ങളൊക്കെ നിലനില്‍ക്കുമ്പോള്‍ തന്നെ വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണിത്. സ്വകാര്യവിവരങ്ങള്‍ ചോര്‍ത്തപ്പെടുക വഴി ദുരുപയോഗം ചെയ്യപ്പെട്ടാല്‍ ആധാര്‍ നമ്പര്‍ കരസ്ഥമാക്കിയ രാജ്യത്തെ എല്ലാവരേയും ബാധിക്കുകയും വാര്‍ത്താപ്രാധാന്യം നേടുകയും ചെയ്യും. ഇത്തരം വാര്‍ത്താപ്രാധാന്യം ലഭിക്കുന്ന വിഷയങ്ങളില്‍ പലപ്പോഴും പെട്ടെന്ന് പരിഹാരങ്ങളുണ്ടാകും. എന്നാല്‍ ആധാര്‍ നമ്പറില്ലാത്തതിന്റെ പേരില്‍ ഏതെങ്കിലും സാധാരണക്കാരന് ലഭിക്കേണ്ടുന്ന സര്‍ക്കാര്‍ സേവനങ്ങള്‍ നിഷേധിക്കപ്പെട്ടാല്‍ അത് പലപ്പോഴും വാര്‍ത്തയായിക്കൊള്ളണമെന്നില്ല. അതുകൊണ്ട് കോടതിയുടെ ഈ നിര്‍ദേശം പാലിക്കപ്പടുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്.

ചുരുക്കത്തില്‍ ഇന്നലത്തെ സുപ്രീംകോടതി വിധിയില്‍ നിന്ന് നമുക്ക് മനസ്സിലാക്കാവുന്ന ഒരു കാര്യം ഈ വിഷയത്തില്‍ ജനവികാരത്തോട് അടുത്തുനില്‍ക്കുന്നത് ജസ്റ്റിസ് ചന്ദ്രചൂഡിന്റെ വിയോജന വിധിയാണെന്നതാണ്. മറ്റുള്ളവരും ആ വികാരം മനസ്സിലാക്കുന്നുവെന്നതാണ് ചില സുപ്രധാന വകുപ്പുകള്‍ എടുത്തുകളയാനും കൂടുതല്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരാനും വിധി പ്രസ്താവത്തിലൂടെ ജഡ്ജിമാര്‍ തയ്യാറായിരിക്കുന്നത് കാണിക്കുന്നത്. എന്നാല്‍, ആധാറിന് അനുകൂലമായി വിധി പ്രഖ്യാപിക്കുമ്പോള്‍ അവര്‍ കൂടുതല്‍ പ്രായോഗികനിലപാട് എടുത്തുവെന്നു വേണം കരുതാന്‍. ആയിരക്കണക്കിന് കോടി രൂപ ഇതിനകം ചെലവഴിച്ചുകഴിഞ്ഞ, ഒരുവിധം പദ്ധതികളൊക്കെയും ആധാറുമായി ബന്ധിപ്പിക്കുകയും ചെയ്തു കഴിഞ്ഞ സ്ഥിതിക്ക് ഒരു വിധിപ്രസ്താവത്തിലൂടെ മാത്രം പദ്ധതി ഇല്ലായ്മ ചെയ്യാതെ ഇലക്കും മുള്ളിനും കേടില്ലാതെ ഒരു സമവായ വിധി പ്രസ്താവിച്ചുവെന്ന് വേണം കരുതാന്‍.

Latest