Connect with us

Articles

മോഹന്‍ലാല്‍ വരുമോ? (ട്രോളല്ല)

Published

|

Last Updated

മോദിക്കൊപ്പം നിന്ന് ഒരു സെല്‍പ്പിയടിച്ചതേ ഓര്‍മ്മയുള്ളൂ….
മൂപ്പരെ പിടിച്ച് സത്യപ്രതിജ്ഞ വരെ ചെയ്യിച്ച് പാര്‍ലിമെന്റില്‍ കയറ്റിക്കളഞ്ഞു മാധ്യമങ്ങള്‍…
വിരോധമുണ്ടെന്നു വെച്ച് ഒരാളെ ഇത്രയും കരിവാരിത്തേക്കണോടേയ്…
നിങ്ങക്കുമില്ലേ അച്ഛനും അമ്മയുമൊക്കെ
(ഇതെഴുതുമ്പോള്‍ 214 ലൈക്കും (അതില്‍ സാഡും ലവ്വും ഒക്കെ ഉള്‍പ്പെടും) 15 കമന്റുകളും ഒരു ഷെയറും ലഭിച്ച (പ്രതി)കവിയും ലീവെടുത്ത് ഫിലിം ക്രിട്ടിസിസം നടത്താനായി കറങ്ങുന്ന സാഹസികനുമായ ശൈലന്റെ ഫേസ്ബുക്ക് പോസ്റ്റാണിത്. സെപ്തംബര്‍ 4 3.58 പിഎമ്മിനാണ് ആശാനിത് പോസ്റ്റിയിട്ടുള്ളത്.)
ഫേസ്ബുക്കിനു മുമ്പുള്ള ഒരുകാലത്തേക്കു പോകാം. മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ഹിറ്റ് പടമാണ് കോട്ടയംകുഞ്ഞച്ചന്‍. ഈ സിനിമയില്‍ പ്രിയ നടന്‍ ജഗതി ശ്രീകുമാര്‍ അവതരിപ്പിക്കുന്ന കോമഡി കഥാപാത്രമാണ് കോനയില്‍ കൊച്ചാപ്പി. സെന്റ്‌തോമസ് ടെക്‌നിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ട് സുപ്രസിദ്ധ സിനിമാതാരം മോഹന്‍ലാല്‍ ഉദ്ഘാടനം ചെയ്യുന്നു എന്ന തുണി ബാനറിന് പിറകില്‍ നിന്ന് അദ്ദേഹം പ്രഖ്യാപിക്കുന്നു. പഞ്ചായത്ത് പ്രസിഡന്റ് കാഞ്ഞിരപ്പള്ളി കറിയാച്ചന്റെ (പ്രതാപചന്ദ്രന്‍) ഉറ്റ സുഹൃത്തായ ശ്രീ മോഹന്‍ ലാല്‍ ഉടനെ തന്നെ ഇവിടെ എത്തുന്നതാണ് എന്ന് അനൗണ്‍സറായ കൊച്ചാപ്പി/ജഗതി പ്രഖ്യാപിക്കുന്നു. അതിനു ശേഷം ടിയാനു തന്നെ അത് നടക്കുന്ന കാര്യമാണോ എന്നു സംശയമുയരുന്നു. ആദ്യം അവിടെ കൂടിയ ആരാധകരുടെ സംശയമായാണ് അതുന്നയിക്കുന്നത്. നിങ്ങളില്‍ പലരും മോഹന്‍ലാല്‍ വരുമോ? ഇല്ലയോ എന്നു സംശയിക്കുന്നുണ്ടാവും. പക്ഷേ, മോഹന്‍ലാല്‍ വരും. സ്‌റ്റേജില്‍ ഇരിക്കുന്ന ആരുടെയോ (അയാളായിരിക്കും മോഹന്‍ലാല്‍ വരുമെന്ന് പറഞ്ഞിട്ടുണ്ടാവുക) നേരെ നോക്കി വരില്ലേ എന്നു ചോദിക്കുന്നു. പഴയ ശക്തിയില്ലാതെ വരും എന്നുറപ്പിക്കുന്നു.

ഏതാണ്ടീ കോമഡി സീനിന്റെ സ്ഥിതിയിലേക്ക് കേരള/ഇന്ത്യന്‍ രാഷ്ട്രീയം പരിണമിച്ചിരിക്കുന്നു. അതിന്റെ തെളിവായി മറ്റൊരു ഫേസ് ബുക്ക് പോസ്റ്റ് ഇവിടെ എടുത്തെഴുതാം. സഖാവ് പി കരുണാകരന്‍ എം പിയുടെ ഈ പോസ്റ്റും സെപ്തംബര്‍ ആറിന്റേതാണ്. അതിപ്രകാരം: കേരളത്തിലെ എല്ലാ എം പിമാരുംചേര്‍ന്ന് പ്രധാനമന്ത്രിയെ കാണാന്‍ കത്ത് നല്‍കിയിരുന്നു. കേരളത്തിലെ പ്രളയ ദുരന്തം കാരണം ഉണ്ടായ വമ്പിച്ച നാശനഷ്ടത്തിനു ആവശ്യമായ സാമ്പത്തിക സഹായം ആവശ്യപ്പെടാനാണ് കത്ത് നല്‍കിയത്. കഴിഞ്ഞ മാസം 30, 31 തീയതികളില്‍ കൂടിക്കാഴ്ച ആവശ്യപ്പെട്ടിരുന്നു. മൂന്നിന് ശേഷം നല്‍കാമെന്നാണു അറിയിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ അതും മാറി. കേരളത്തില്‍ നിന്ന് തന്നെയുള്ള നടന്‍ മോഹന്‍ലാലിനു അനുവാദം നല്‍കിയിട്ടും ജനപ്രതിനിധികളായ എം പിമാരെ കാണാന്‍ അദ്ദേഹം തയ്യാറാവുന്നില്ല. അനുവാദത്തിനു വേണ്ടി എ കെ ആന്റണി ഉള്‍പ്പെടെയുള്ള നേതാക്കള്‍ 10 ദിവസമായി കാത്തു നില്‍ക്കുമ്പോഴാണ് പ്രധാനമന്ത്രി ലാലിന് അനുവാദം നല്‍കിയത്. തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളെ അതുവഴി കേരളത്തെ അവഗണിക്കുകയാണ് പ്രധാനമന്ത്രി ചെയ്തത്. ഇത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്.

മലയാളി സിനിമാ പ്രേക്ഷകരുടെ പ്രിയ താരമായ മോഹന്‍ലാല്‍ കേരള മുഖ്യമന്ത്രിയെയോ സാംസ്‌കാരിക മന്ത്രിയെയോ കണ്ടാലില്ലാത്ത പുകിലായിരിക്കുന്നു പ്രധാനമന്ത്രിയെ കണ്ടപ്പോഴെന്നതും ശ്രദ്ധിക്കേണ്ടതാണ്. എല്ലാ സംശയങ്ങളും ദൂരീകരിച്ചുകൊണ്ട് അദ്ദേഹത്തിന്റെ തന്നെ പ്രിയപ്പെട്ട ആവിഷ്‌കാര മാധ്യമം ബ്ലോഗ് ഇക്കഴിഞ്ഞ ദിവസം പുറത്തു വന്നു. (മൈക്രോബ്ലോഗിംഗായ ഫേസ്ബുക്ക് സജീവമായതോടെ ജനപ്രീതി നഷ്ടമായ ബ്ലോഗിന് ലാലേട്ടന്‍ കൊടുക്കുന്ന പിന്തുണയും നാം പ്രോത്സാഹിപ്പിക്കേണ്ടതാണ്.) ലാലേട്ടന്റെ ബ്ലോഗില്‍ നിന്ന്: മുഖാമുഖം മോദി എന്നാണ് ശീര്‍ഷകം. ഇക്കഴിഞ്ഞ സെപ്തംബര്‍ 3 വ്യക്തിപരമായി എനിക്ക് ഏറെ വിശേഷപ്പെട്ട ഒരു ദിവസമായിരുന്നു. അന്ന് ഞാന്‍ പ്രധാനമന്ത്രിയെ നേരില്‍ച്ചെന്ന് കണ്ട് സന്ദര്‍ശിച്ചു. ഡല്‍ഹിയില്‍ അദ്ദേഹത്തിന്റെ വീട്ടില്‍ വെച്ചായിരുന്നു സന്ദര്‍ശനം. രാവിലെ 11ന്. ഏകദേശം അര മണിക്കൂറോളം അദ്ദേഹവുമായി സംസാരിക്കാനുള്ള അവസരവും ലഭിച്ചു. ആ ദിവസം എന്റെ സിനിമാ പ്രവേശത്തിന്റെ 41-ാം വര്‍ഷവുമായിരുന്നു. അന്ന് അഷ്ടമിരോഹിണിയുമായിരുന്നു.

നേരത്തെ അപേക്ഷിച്ചതനുസരിച്ചാണ് എനിക്ക് പ്രധാനമന്ത്രിയെ കാണാന്‍ അനുവാദം ലഭിച്ചത്. അത്ഭുതകരമായി അദ്ദേഹം തന്നെ എന്നെ വന്ന് സ്വീകരിച്ചു. മോഹന്‍ലാല്‍ ജീ എന്ന് വിളിച്ച് എന്നെ കെട്ടിപ്പിടിച്ച് മൂന്ന് തവണ അദ്ദേഹം എന്റെ തോളില്‍ തട്ടി. എന്നെ അദ്ദേഹത്തിന് അറിയുമായിരുന്നു. വിശദമായിട്ടല്ലെങ്കിലും നേരിയ തോതില്‍. വ്യക്തിപരമായ കാര്യങ്ങള്‍ അന്വേഷിച്ചു. നാല്‍പ്പത് വര്‍ഷമായി ഞാന്‍ സിനിമയില്‍ അഭിനയിക്കുന്നു എന്നു പറഞ്ഞപ്പോള്‍ നിഷ്‌കളങ്കമായി അദ്ദേഹം വിസ്മയിച്ചു. കര്‍ണ്ണഭാരം എന്ന സംസ്‌കൃത നാടകം ചെയ്തിട്ടുണ്ട് എന്ന് പറഞ്ഞപ്പോള്‍ അദ്ദേഹം ആദരവോടെ ആ ഭാഷയെ വണങ്ങി. അതേക്കുറിച്ച് സംസാരിച്ചു. ഞാന്‍ ടെറിട്ടോറിയല്‍ ആര്‍മിയില്‍ ലഫ്റ്റനന്റ് കേണല്‍ ആണെന്ന് പറഞ്ഞപ്പോള്‍ അദ്ദേഹം ഏറെ താത്പര്യത്തോടെ അതേക്കുറിച്ച് കേട്ടു.
എന്റെ അച്ഛനായ വിശ്വനാഥന്‍ നായരുടെയും ശാന്തകുമാരിയുടെയും പേരില്‍ ആരംഭിച്ച മനുഷ്യസേവന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വിശ്വശാന്തി ട്രസ്റ്റിനെക്കുറിച്ച് ചുരുക്കിപ്പറഞ്ഞതിനു ശേഷം പ്രധാനമായും നാല് കാര്യങ്ങളാണ് ഞാന്‍ അദ്ദേഹത്തോട് സംസാരിച്ചത്. ആദ്യത്തേത് കേരളത്തിലെ ആദിവാസികളുടെ ആരോഗ്യം, വിദ്യാഭ്യാസം എന്നീ മേഖലകളില്‍ ഞങ്ങള്‍ നടത്താനുദ്ദേശിക്കുന്ന പ്രവര്‍ത്തനങ്ങളെക്കുറിച്ച്. രണ്ടാമത്തേത് ഞങ്ങള്‍ ആരംഭിക്കാനുദ്ദേശിക്കുന്ന ഒരു ക്യാന്‍സര്‍ കെയര്‍സെന്ററിനെക്കുറിച്ച്. മൂന്നാമത്തേത് ഡല്‍ഹിയില്‍ വെച്ച് ഞങ്ങള്‍ നടത്താന്‍ ആഗ്രഹിക്കുന്ന ഗ്ലോബല്‍ മലയാളി റൗണ്ട് ടേബിള്‍ കോണ്‍ഫറന്‍സ്. നാലാമത്തേത് ഞങ്ങളുടെ ഭാവി പദ്ധതിയിലൊന്നായ യോഗ റിഹാബിലിറ്റേഷന്‍ സെന്ററിനെക്കുറിച്ച്. കേരളത്തിന്റെ എല്ലാ വിധത്തിലുമുള്ള പുനര്‍നിര്‍മാണത്തിനും വികസനത്തിനും ലോകമെങ്ങുമുള്ള പ്രതിഭാശാലികളായ മലയാളികളുടെ സേവനം എങ്ങനെ ഉപയോഗപ്പെടുത്താം എന്നതിനെക്കുറിച്ചാലോചിക്കാനാണ് ഈ റൗണ്ട് ടേബിള്‍കോണ്‍ഫറന്‍സ്. കേരളത്തില്‍ ഞങ്ങള്‍ ചെയ്ത പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ ക്കുറിച്ചും ഞാന്‍ അദ്ദേഹത്തിന് ചുരുക്കിവിവരിച്ചു കൊടുത്തു.
ഞാന്‍ ജീവിതത്തില്‍ പരിചയപ്പെട്ട ഏറ്റവും നല്ല പേഷ്യന്റ് ലിസണര്‍ (ക്ഷമയുള്ള കേള്‍വിക്കാരന്‍) ആയിരുന്നു അദ്ദേഹം. ഞാന്‍ പറയുന്നതെല്ലാം അദ്ദേഹം നിറഞ്ഞ മൗനത്തോടെ കേട്ടിരുന്നു. അതിനു ശേഷം ഈ പറഞ്ഞ എല്ലാ കാര്യങ്ങള്‍ക്കും തന്റെ സര്‍വവിധ പിന്തുണയും നല്‍കുകയുംചെയ്തു. വിശ്വശാന്തിയുടെ പ്രവര്‍ത്തനങ്ങള്‍ പ്രഖ്യാപിക്കുന്ന ചടങ്ങില്‍ പറ്റുമെങ്കില്‍ പങ്കെടുക്കണമെന്ന് അഭ്യര്‍ഥിച്ചപ്പോള്‍ താന്‍ ഇവിടെയുണ്ടെങ്കില്‍ നിശ്ചയമായും പങ്കെടുക്കാം എന്നും വാക്ക് തന്നു. യോഗയെക്കുറിച്ച് സ്വന്തം അനുഭവത്തിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹം ആവേശത്തോടെ സംസാരിച്ചത്. എന്റെ ചെറിയ ജീവിതത്തിലെ ഒരു വലിയ സ്വപ്‌നത്തിന് ഇന്ത്യ എന്ന മഹാ രാജ്യത്തിന്റെ പ്രധാനമന്ത്രി നല്‍കിയ ആത്മാര്‍ഥമായ പിന്തുണ മനസ്സിനെ വല്ലാതെ സന്തോഷിപ്പിച്ചു. അത് എന്റെ മഹത്വം കൊണ്ടാവില്ല. എന്നെ വിട്ടു പിരിഞ്ഞ അച്ഛന്റെയും ഇപ്പോഴും സ്‌നേഹത്തോടെ എന്റെ കൂടെയുള്ള അമ്മയുടെയും അനുഗ്രഹമാവാം. അവരുടെ ഈശ്വരപ്രാര്‍ഥനകളുടെ ഫലമാവാം. നരേന്ദ്ര മോദിയെ ഞാന്‍ സന്ദര്‍ശിച്ചതിനെ തുടര്‍ന്ന് പല പല ഊഹാപോഹങ്ങളോടെയും വാര്‍ത്തകള്‍ പ്രചരിച്ചു. അത് സ്വാഭാവികമാണ്. അതുകൊണ്ട് ഞാനതിനൊന്നും മറുപടി പറഞ്ഞില്ല. ഒരു ഇന്ത്യന്‍ പൗരന്‍ എന്ന നിലയില്‍, അനുവാദമുണ്ടെങ്കില്‍ എനിക്കെപ്പോഴും പ്രധാനമന്ത്രിയെ കാണാം. അത്ഭുതകരമായ ഒരു കാര്യം പ്രധാനമന്ത്രി എന്നോട് ഒരു വാക്ക് പോലും രാഷ്ട്രീയം പറഞ്ഞില്ല എന്നതാണ്. ഞാന്‍ തിരിച്ച് ചോദിച്ചതുമില്ല. പക്ഷേ, വിശ്വശാന്തിയെക്കുറിച്ചുള്ള സംസാരത്തിനു ശേഷം രാജ്യത്തെക്കുറിച്ച് അദ്ദേഹം എന്നോട് സംസാരിച്ചു. രാഷ്ട്രീയവും രാഷ്ട്രനിര്‍മാണവും വേറെവേറെയാണല്ലോ. അത് അദ്ദേഹം തിരിച്ചറിഞ്ഞിട്ടുണ്ട്.

കേരളത്തിലെ പ്രളയത്തെക്കുറിച്ച്, ഇവിടുത്തെ ഡാമുകളെക്കുറിച്ച് എടുക്കേണ്ട കരുതലുകളെക്കുറിച്ച് എല്ലാം അദ്ദേഹം പറഞ്ഞു. ചുരുങ്ങിയ വാക്കുകളില്‍. കേരളത്തിന്റെ ചെറിയ കാര്യങ്ങള്‍ പോലും അദ്ദേഹം മനസ്സിലാക്കി വെച്ചിരിക്കുന്നു എന്നത് എന്നെ അത്ഭുതപ്പെടുത്തി. രാഷ്ട്രീയത്തിനതീതമായി കേരളത്തിന് എല്ലാവിധ പിന്തുണയും എപ്പോഴും നല്‍കാന്‍ താന്‍ സന്നദ്ധനാണ് എന്നും അദ്ദേഹം എന്നോട് പറഞ്ഞു. ഒരു കാര്യത്തിലും അദ്ദേഹം അവകാശവാദം ഉന്നയിച്ചില്ല. കുറെ കാര്യങ്ങള്‍ ചെയ്യാന്‍ ശ്രമിക്കുന്ന ഒരു പൗരന്റെ ഭാവത്തിലായിരുന്നു സംസാരം. അത് ആകര്‍ഷണീയമായിരുന്നു. കൂടിക്കാഴ്ച അവസാനിപ്പിച്ച് പുറത്തേക്ക് ഇറങ്ങുമ്പോള്‍ അദ്ദേഹം എന്റെ കരംചേര്‍ത്ത് പറഞ്ഞു. എപ്പോള്‍ വേണമെങ്കിലും നിങ്ങള്‍ക്ക് എന്നെ വന്നു കാണാം. ആ പറച്ചില്‍ വിടപറയുമ്പോഴുള്ള ഒരുവെറും ഉപചാരവാക്കല്ലായിരുന്നു. അതിന്റെ ആത്മാര്‍ഥത ഞാന്‍ അനുഭവിച്ചതാണ്. ഒരുപക്ഷേ തന്റെ ആത്മാര്‍ഥത പകുത്ത് നല്‍കുന്നതിലൂടെ ഞങ്ങള്‍ നടത്തുന്ന സേവന പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ഊര്‍ജം ലഭിക്കട്ടെ എന്ന് അദ്ദേഹം കരുതിക്കാണും. അദ്ദേഹം അങ്ങനെ കരുതിയാലും ഇല്ലെങ്കിലും ഞങ്ങള്‍ക്ക് ആ ഊര്‍ജം ലഭിച്ചു എന്നതാണ് സത്യം. (ഗുരുവായൂരിലെ മരപ്രഭു എന്നൊക്കെ ബ്ലോഗ് തുടരുന്നു). ഏത് വലിയ വ്യക്തിത്വങ്ങളുടെ അടുത്ത് നില്‍ക്കുമ്പോഴും അവരോട് വിട പറയുമ്പോഴും അതിസൂക്ഷ്മമായി ശ്രദ്ധിച്ചാല്‍ ഒരു പോസിറ്റീവ് തരംഗം നമ്മില്‍ ഉണ്ടാവും. എനിക്കത് അനുഭവപ്പെടാറുണ്ട്. നരേന്ദ്ര മോദിയെക്കണ്ടു പോരുമ്പോഴും എനിക്കത് അനുഭവപ്പെട്ടു. പോസിറ്റീവ് എനര്‍ജിക്ക് പാര്‍ട്ടിഭേദമോ മതഭേദമോ ഒന്നുമില്ലല്ലോ. അത് മനുഷ്യന്റെ ആത്മാര്‍ഥതയില്‍ നിന്നും ഉണര്‍ന്ന് ഒഴുകുന്നതാണ്. മനസ്സ്തുറന്ന് ആത്മാര്‍ഥമായി അടുത്ത് നിന്നാല്‍ ആര്‍ക്കും അത് തിരിച്ചറിയാം. ഞങ്ങളുടെ സമാഗമം കഴിഞ്ഞ് മൂന്നാഴ്ച കഴിഞ്ഞിട്ടും എന്നില്‍ ആ തരംഗങ്ങള്‍ ഉണ്ട്. അത് എന്റെ വ്യക്തിജീവിതത്തിലും ഞങ്ങളുടെ വിശ്വശാന്തി ട്രസ്റ്റിന്റെ പ്രവര്‍ത്തനങ്ങളിലും സര്‍ഗാത്മകമായും പ്രചോദനാത്മകമായുംതുടരട്ടെ എന്നാണ് പ്രാര്‍ഥന. സ്‌നേഹപൂര്‍വം മോഹന്‍ലാല്‍ (ബ്ലോഗ് അവസാനിക്കുന്നു)
രാഷ്ട്രീയത്തില്‍ നിന്ന് മാറി നില്‍ക്കുന്ന രാഷ്ട്ര നിര്‍മാണത്തെക്കുറിച്ചും പോസിറ്റീവ് എനര്‍ജിയെക്കുറിച്ചുമൊക്കെ കൂടുതല്‍ എന്തെങ്കിലും വിശദീകരിക്കാതെ തന്നെ ചരിത്രബോധവും നര്‍മബോധവും മാനുഷികബോധവുമുള്ള മലയാളികള്‍ക്ക് മുഴുവന്‍ കാര്യം പിടികിട്ടും. ആ പോസിറ്റീവ് എനര്‍ജി കുറച്ച് ചോദിച്ചു വാങ്ങിയാല്‍ പോരെ, പ്രധാനമന്ത്രിയെ കാണാന്‍ അനുവാദം കിട്ടാതിരിക്കുകയും മോഹന്‍ലാലിന് അനുവാദം കൊടുത്തതില്‍ രോഷം പ്രകടിപ്പിക്കുകയും ചെയ്ത പി കരുണാകരന്‍ എം പി അടക്കമുള്ളവര്‍ക്ക്?
വാല്‍ക്കഷണം: മോഹന്‍ലാലിന്റെ ഉടമസ്ഥതയിലുള്ള വിസ്മയാസ് മാക്‌സ് എന്ന സ്ഥാപനത്തിന് കേന്ദ്ര സര്‍ക്കാര്‍ സെന്റര്‍ഓഫ് എക്‌സലന്‍സ് പദവി കൊടുത്തിരിക്കുന്നു.

Latest