Connect with us

Gulf

ഏഴാം ഇന്റര്‍ചേഞ്ച്, യലായസ്, അസായില്‍ റോഡ് നവീകരണ പദ്ധതി പൂര്‍ത്തിയായി; ശൈഖ് സായിദ് റോഡില്‍ ഗതാഗതക്കുരുക്കിന് അറുതി

Published

|

Last Updated

ദുബൈ: ശൈഖ് സായിദ് റോഡിനെ ശൈഖ് മുഹമ്മദ് ബിന്‍ സായിദ്, എമിറേറ്റ്‌സ് റോഡുകളുമായി ബന്ധിപ്പിക്കുന്ന ഏഴാം ഇന്റര്‍ചേഞ്ച് നവീകരണ പദ്ധതിയുടെ ഒന്നാം ഘട്ടവും അല്‍ യലായസ്, അല്‍ അസായില്‍ റോഡ് നവീകരണവും പൂര്‍ത്തിയായെന്നും പൊതു ജനങ്ങള്‍ക്ക് തുറന്നു കൊടുത്തുവെന്നും ആര്‍ ടി എ ചെയര്‍മാന്‍ മതര്‍ അല്‍തായര്‍ അറിയിച്ചു.

ശൈഖ് സായിദ് റോഡിലെ ഗതാഗതത്തിരക്ക് കുറയാന്‍ ഈ പദ്ധതികള്‍ വഴിയൊരുക്കും. വാഹനങ്ങള്‍ക്ക് യലായസ്, അസായില്‍, ശൈഖ് മുഹമ്മദ് ബിന്‍ സായിദ്, എമിറേറ്റ്‌സ് റോഡുകളിലേക്ക് വഴിതിരിഞ്ഞുപോകാം. ശൈഖ് സായിദ് റോഡില്‍ ഗതാഗതക്കുരുക്കുണ്ടാകുന്ന വേളയില്‍ ഇത് അനുഗ്രഹമായിരിക്കും. ജബല്‍ അലി തുറമുഖത്തുനിന്നും തിരിച്ചുമുള്ള വാഹനങ്ങള്‍ക്കും ഏഴാം ഇന്റര്‍ചേഞ്ച് ഉപയോഗിക്കാന്‍ സാധിക്കും. ഫുര്‍ജാന്‍, ഡിസ്‌കവറി ഗാര്‍ഡന്‍, ജബല്‍ അലി ഡെവലപ്‌മെന്റ് പ്രൊജക്ട് ഭാഗങ്ങളില്‍ സുഗമമായ വാഹനഗതാഗത സൗകര്യം ഒരുങ്ങുകയും ചെയ്തു. യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന്റെ നിര്‍ദേശപ്രകാരമാണ് പദ്ധതികള്‍ നടപ്പാക്കിയത്. ജനങ്ങളുടെ സംതൃപ്തിക്ക് ഈ വികസന പദ്ധതികള്‍ ആവശ്യമാണെന്ന് കണ്ടെത്തി. യലായസ് റോഡില്‍ രണ്ട് പാലങ്ങള്‍ പണിതു. മണിക്കൂറില്‍ 3,000 വാഹനങ്ങള്‍ക്ക് ഇതിലൂടെ കടന്നുപോകാം.

രണ്ടാം ഘട്ടത്തില്‍ ശൈഖ് സായിദ് റോഡിനെയും ദുബാല്‍ സ്ട്രീറ്റിനെയും ഇരുഭാഗങ്ങളിലേക്കും ബന്ധിപ്പിക്കും. ഈ വര്‍ഷം അവസാനത്തോടെ നിര്‍മാണം പൂര്‍ത്തിയാക്കുമെന്നും മതര്‍ അല്‍തായര്‍ അറിയിച്ചു.
ഫസ്റ്റ് അല്‍ ഖൈല്‍ റോഡ്, അസായില്‍ റോഡ് എന്നിവയെ ബന്ധിപ്പിക്കുന്ന ഫ്‌ളൈ ഓവര്‍ ഇക്കൂട്ടത്തിലുണ്ട്. ഇത്തിഹാദ് റെയില്‍ പദ്ധതി മുന്നില്‍ കണ്ടാണ് വികസനം. ജുമൈറ ഐലന്‍ഡ്‌സ്, എമിറേറ്റ്‌സ് ഹില്‍ എന്നിവയെ ജബല്‍ അലി ഫ്രീസോണുമായി ബന്ധിപ്പിക്കുന്ന മൂന്നുവരികളുള്ള അഞ്ച് കിലോമീറ്റര്‍ പാതയും മറ്റും രണ്ടാംഘട്ടത്തിലാണ്.