Connect with us

Kerala

നഷ്ടപ്പെട്ട പശുവിന് പകരം മേരിക്ക് 'രാഹുല്‍ ഗാന്ധിയുടെ പശു'

Published

|

Last Updated

നെടുമ്പാശ്ശേരി: മേരി ഔസേഫിന്റെ നൊമ്പരത്തിന് പരിഹാരമായി. പ്രളയത്തില്‍ നഷ്ടപ്പെട്ട പശുവിന് പകരം ഇനി രാഹുല്‍ ഗാന്ധി സമ്മാനിച്ച പശു. നെടുമ്പാശ്ശേരി പഞ്ചായത്ത് 15ാം വാര്‍ഡില്‍ മൂഴിയാല്‍ മാളിയേക്കല്‍ വീട്ടില്‍ മേരി ഔസേഫി(65)നാണ് രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ച പശുവിനെ ഇന്നലെ അന്‍വര്‍ സാദത്ത് എം എല്‍ എയുടെ നേതൃത്വത്തില്‍ വീട്ടിലത്തെി സമ്മാനിച്ചത്.

പ്രളയത്തില്‍ മേരിയുടെ വീട്ടിലെ സര്‍വതും നഷ്ടപ്പെട്ടിരുന്നു. മുറിയിലെ കട്ടിലില്‍ വരെ വെള്ളം കയറിയതോടെ മേരി അത്താണി അസീസി സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറുകയായിരുന്നു. എന്നാല്‍ തൊഴുത്തില്‍ കെട്ടിയിട്ടിരുന്ന പശുവിനെ അഴിച്ചിടാന്‍ സാധിക്കാതിരുന്നതിനാല്‍ അത് ചത്തു. ക്യാമ്പിലത്തെിയപ്പോള്‍ ഊണും ഉറക്കവുമില്ലാതെ പശു നഷ്ടപ്പെട്ട ദുഃഖത്തിലായിരുന്നു ഈ വയോധിക. അതിനിടെ, രാഹുല്‍ ഗാന്ധി അസീസി സ്‌കൂളിലെ ക്യാമ്പ് സന്ദര്‍ശിച്ചു. ക്യാമ്പില്‍ നിന്ന് രാഹുല്‍ മടങ്ങുമ്പോള്‍ ഏറ്റവും പിറകിലെ ബെഞ്ചിലായിരുന്ന മേരി, യാദൃച്ഛികമായി “മോനെ” എന്ന് വിളിച്ച് കരഞ്ഞുകൊണ്ട് സംഭവം വിശദീകരിച്ചു.

ഉടന്‍ തൊട്ടടുത്തുണ്ടായിരുന്ന അന്‍വര്‍ സാദത്ത് എം എല്‍ എയോട് മേരിക്ക് പശുവിനെ വാങ്ങിക്കൊടുക്കണമെന്ന് നിര്‍ദേശിക്കുകയായിരുന്നു. രാഹുല്‍ ഗാന്ധി മടങ്ങിയ ശേഷം എം എല്‍ എയും കോണ്‍ഗ്രസ് പ്രവര്‍ത്തകരും പശുവിനെ വാങ്ങിക്കൊടുക്കാന്‍ ആലോചന നടത്തി. അതിനിടെയാണ് മാധ്യമങ്ങളിലൂടെ സംഭവമറിഞ്ഞ പശു ഫാം നടത്തിവരുന്ന യൂത്ത് കോണ്‍ഗ്രസ് തൃശൂര്‍ ആലത്തൂര്‍ പാര്‍ലിമെന്റ് സെക്രട്ടറി അഭിലാഷ് പ്രഭാകര്‍ മേരിക്ക് പശുവിനെ നല്‍കാനുള്ള സന്നദ്ധത എം എല്‍ എയെ അറിയിച്ചത്.
കഴിഞ്ഞ ദിവസം അഭിലാഷും സുഹൃത്തുക്കളും മേരിയുടെ വീട്ടിലത്തെി വിവരം അന്വേഷിച്ചു. മേരിക്ക് ഒരു വയസ്സുള്ള പശുവാണ് നഷ്ടപ്പെട്ടത്. എന്നാല്‍ ചെനയുള്ള രണ്ട് വയസ്സുള്ള മുന്തിയ ഇനത്തില്‍പ്പെട്ട പശുവിനെ കൊടുക്കാന്‍ തീരുമാനിക്കുകയായിരുന്നു. പ്രളയത്തില്‍ സംസ്ഥാനത്തുടനീളം പശു നഷ്ടപ്പെട്ട പരമ്പരാഗത ക്ഷീരകര്‍ഷകര്‍ക്ക് പശുവിനെ നല്‍കാന്‍ അഭിലാഷിന്റെ നേതൃത്വത്തില്‍ ആരംഭിച്ചിട്ടുള്ള ഫേസ്ബുക്ക് കൂട്ടായ്മ പദ്ധതി ആവിഷ്‌കരിച്ചിട്ടുണ്ട്. “പശുവിനോടുള്ള സ്‌നേഹ രാഷ്ട്രീയം” എന്ന പേരില്‍ 10 പശുക്കളെയാണ് ആദ്യഘട്ടം നല്‍കുന്നത്. കൂട്ടായ്മയില്‍ പി ടി തോമസ് എം എല്‍ എയും അംഗമാണ്. രാഹുല്‍ ഗാന്ധിക്ക് ആയിരമായിരം നന്ദി എന്ന വാക്കോടെയാണ് മേരി പശുവിനെ ഏറ്റുവാങ്ങിയത്.

Latest