Connect with us

Gulf

പുതിയ സ്‌ട്രെച്ചര്‍ നിരക്കിനെതിരെ കനത്ത പ്രതിഷേധം; ഒടുവില്‍ എയര്‍ ഇന്ത്യ പിന്‍വലി(ഞ്ഞു)ച്ചു

Published

|

Last Updated

ദുബൈ: എയര്‍ ഇന്ത്യയുടെ വര്‍ധിപ്പിച്ച സ്‌ട്രെച്ചര്‍ ഫെയറിനെതിരെ വ്യാപക പ്രതിഷേധം. ഒടുവില്‍ വര്‍ധിപ്പിച്ച നിരക്കുകള്‍ എയര്‍ഇന്ത്യക്ക് പിന്‍വലിക്കേണ്ടി വന്നു. കഴിഞ്ഞ ദിവസമാണ് എയര്‍ ഇന്ത്യ കിടപ്പ് രോഗികളെ നാട്ടിലയക്കുന്നതിന് സ്‌ട്രെച്ചര്‍ എയര്‍ ഫെയര്‍ കുത്തനെ കൂട്ടിയത്. ദുബൈയില്‍ നിന്ന് കൊച്ചിയിലേക്ക് കിടപ്പ് രോഗികളെ കൊണ്ട് പോകുന്നതിന് നികുതിയടക്കം 5100 ദിര്‍ഹമാണ് ഉണ്ടായിരുന്നത്. ഇത് പോലെ ദുബൈ, ഷാര്‍ജ എന്നിവിടങ്ങളില്‍ നിന്നും തിരുവനന്തപുരം, മുംബൈ, മംഗലാപുരം, ഹൈദരാബാദ്, ബംഗളൂരു, കോഴിക്കോട് എന്നിവിടങ്ങളിലേക്കും സമാന നിരക്കാണ് നല്‍കേണ്ടിയിരുന്നത്.

എന്നാല്‍, യാതൊരു കാരണങ്ങളും ചൂണ്ടിക്കാട്ടാനില്ലാതെ ഈ നിരക്കുകള്‍ 15, 000 മുതല്‍ 25, 000 ദിര്‍ഹം വരെ എയര്‍ ഇന്ത്യ ഉയര്‍ത്തുകയായിരുന്നു. ഇതിനെ ചോദ്യം ചെയ്ത് നിരവധി മാധ്യമങ്ങളും സാമൂഹ്യ പ്രവര്‍ത്തകരും രംഗത്ത് വന്നു. ഒരു മലയാളം റേഡിയോ സ്‌പെഷ്യല്‍ ന്യൂസ് വരെ തയ്യാറാക്കി. പ്രവാസികള്‍ മരിച്ചാല്‍ മൃതദേഹം നാട്ടിലെത്തിക്കാന്‍ എല്ലാ ചെലവുകളുമടക്കം 7000 ദിര്‍ഹം നല്‍കേണ്ടിടത്ത് കിടപ്പ് രോഗികളെ സ്‌ട്രെച്ചര്‍ സഹായത്തോടെ നാട്ടിലെത്തിക്കുന്നതിന് 25,000 ദിര്‍ഹം നല്‍കേണ്ടി വരുന്നതിനെ പലരും സാമൂഹിക മാധ്യമങ്ങളിലൂടെയും ചോദ്യംചെയ്തു. സ്‌ട്രെച്ചര്‍ നിരക്കിന് പുറമെ സഹായിയായി പോകുന്ന നഴ്‌സിന് റിട്ടേണ്‍ ടിക്കറ്റ്, 1,500 ദിര്‍ഹം ഫീസ്, എയര്‍പോര്‍ട്ട് മെഡിക്കല്‍ റൂം സൗകര്യത്തിന് 525 ദിര്‍ഹം, ആംബുലന്‍സ് സേവനത്തിന് 450 ദിര്‍ഹം എന്നിവയും ഓരോ രോഗിക്കും നല്‍കേണ്ടതുണ്ട്. പുതുക്കിയ നിരക്കിനോടൊപ്പം ഇവയെല്ലാം ചേര്‍ത്ത് ഭീമമായ നിരക്ക് നല്‍കേണ്ടി വരുമെന്നത് കുറഞ്ഞ വേതനത്തിന് തൊഴിലെടുത്തു ജീവിക്കുന്നവര്‍ക്ക് താങ്ങാവുന്നതിലും അപ്പുറമാണെന്ന് സാമൂഹിക പ്രവര്‍ത്തകനായ നിസാര്‍ പട്ടാമ്പി ചൂണ്ടിക്കാട്ടി.

കെട്ടിട നിര്‍മാണ മേഖലയില്‍ തൊഴിലെടുക്കുന്നവരാണ് വീണ് മാരകമായ അപകടങ്ങള്‍ സംഭവിക്കുന്നവരിലേറെയും. ഇത്തരക്കാരുടെ ഇവിടുത്തെ ചികിത്സപോലും നടക്കുന്നത് പ്രവാസ ലോകത്തെ സുമനസുകളുടെ കനിവിനാലും സഹായത്താലുമാണ്. കമ്പനി അധികൃതരുടെ സഹായത്തിന്റെ പരിമിതികളെ മറികടക്കാനാണ് നാട്ടില്‍ തുടര്‍ ചികിത്സക്ക് അയക്കാറ്. ഈ ഘട്ടത്തില്‍ ഭീമമായ തുക ഇവര്‍ക്കായി യാത്രാ ചിലവിന് സംഘടിപ്പിക്കേണ്ടി വരികയെന്നത് അചിന്തനീയമാണെന്ന് നിരവധി പേരെ നാട്ടിലേക്ക് തുടര്‍ ചികിത്സക്കായാക്കാന്‍ നിയമ സഹായങ്ങള്‍ നല്‍കിയ നിസാര്‍ ചൂണ്ടികാട്ടുന്നു.

സംഭവം പ്രവാസ ലോകത്തു വലിയ ചര്‍ച്ചയായതോടെ നിരക്ക് വീണ്ടും ക്രമീകരിച്ചു എയര്‍ഇന്ത്യ പുതിയ സര്‍ക്കുലറിക്കി. അതേസമയം, ആഭ്യന്തര, മറ്റ് അന്താരാഷ്ട്ര റൂട്ടുകളിലെ പുതുക്കിയ നിരക്കുകള്‍ പുനഃക്രമീകരിച്ചിട്ടില്ല. എയര്‍ ഇന്ത്യക്ക് ഏറ്റവും കൂടുതല്‍ വരുമാനം നേടിക്കൊടുക്കുന്ന ഗള്‍ഫ് സെക്ടറിലെ നിരക്കുകള്‍ മാത്രമാണ് പുനഃ ക്രമീകരിച്ചിട്ടുള്ളത്. വേനലവധിക്കാലമായതിനാല്‍ പ്രവാസികള്‍ നാട്ടിലേക്ക് കൂടുതലായി യാത്രചെയ്യുന്ന ഘട്ടത്തില്‍ അവരിലെ ചെറു വരുമാനക്കാരെ ഏറെ ബാധിക്കുന്ന സ്‌ട്രെച്ചര്‍ നിരക്ക് വര്‍ധിപ്പിക്കുന്നതിനെതിരെ പ്രധിഷേധമെന്നോണം എയര്‍ ഇന്ത്യ വിമാനങ്ങളെ ബഹിഷ്‌കരിക്കുന്നതടക്കമുള്ള നടപടികള്‍ കൈകൊണ്ടാല്‍ അത് തങ്ങള്‍ക്ക് ക്ഷീണമുണ്ടാക്കുമെന്ന തിരിച്ചറിവിലാണ് എയര്‍ഇന്ത്യ സ്‌ട്രെച്ചര്‍ നിരക്ക് വര്‍ധന പിന്‍വലിച്ചതെന്നാണ് വിലയിരുത്തല്‍.