Connect with us

Articles

പാര്‍ശ്വവര്‍ത്തികളില്ലാത്ത സൗമ്യനായ രാഷ്ട്രീയക്കാരന്‍

Published

|

Last Updated

1986ല്‍ രാജ്യസഭാ ഉപാധ്യക്ഷ സ്ഥാനത്തേക്ക് കോണ്‍ഗ്രസ് പരിഗണിച്ചത് എം എം ജേക്കബിനെയാണെന്നറിഞ്ഞതോടെ അന്നത്തെ പ്രതിപക്ഷ നേതാവ് എല്‍ കെ അഡ്വാനി പറഞ്ഞത്, നിങ്ങള്‍ പരിഗണിക്കുന്നത് എം എം ജേക്കബിനെയാണെന്ന് നേരത്തെ പറഞ്ഞിരുന്നെങ്കില്‍ ഞങ്ങള്‍ എതിര്‍ സ്ഥാനാര്‍ഥിയെ നിര്‍ത്തില്ലെന്നായിരുന്നു. എം എം ജേക്കബ് എതിരാളികള്‍ക്കും ഏറെ പ്രിയപ്പെട്ടവനായിരുന്നെന്ന് മനസ്സിലാക്കാന്‍ ഇത് തന്നെ ധാരാളം മതി. എതിരാളികളെ പോലും ആകര്‍ഷിക്കുന്ന സൗമ്യമായ സംസാരവും വശ്യമായ പെരുമാറ്റവും. സ്വന്തം പാര്‍ട്ടിക്കാര്‍ക്കു തന്നെ തള്ളിപ്പറയാന്‍ അദ്ദേഹം ഒരിക്കലും അവസരം നല്‍കിയിരുന്നില്ല. പാര്‍ശ്വവര്‍ത്തികളെ സൃഷ്ടിക്കാതെ പാര്‍ട്ടിക്കും രാഷ്ട്രത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്ന കോണ്‍ഗ്രസുകാരനായിരുന്നു എം എം ജേക്കബ് എന്ന നേതാവ്.

എന്നാലും, കേന്ദ്രമന്ത്രിയായിരിക്കെ അദ്ദേഹം നടത്തിയ ചില അഭിപ്രായ പ്രകടനങ്ങള്‍ ഏറെ വിവാദങ്ങള്‍ക്ക് തിരികൊളുത്തി. ആര്‍ എസ് എസിനെ വെള്ളപൂശി അദ്ദേഹം നടത്തിയ പ്രസ്താവന രാജ്യമെമ്പാടും ചര്‍ച്ചാ വിഷയമായി. ആര്‍ എസ് എസ് ഒരു സാമൂഹിക സംഘടനയാണെന്നും അവരുടെ സേവനങ്ങള്‍ വിലമതിക്കാനാകാത്തതാണെന്നുമുള്ള പ്രസ്താവന കോളിളക്കം സൃഷ്ടിച്ചു. ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടതില്‍ വ്രിണിത ഹൃദയരായ ന്യൂനപക്ഷങ്ങള്‍ക്കിടയില്‍, കേന്ദ്രമന്ത്രിയെന്ന നിലയില്‍ എം എം ജേക്കബ് നടത്തിയ പ്രസ്താവനകള്‍ ഏറെ പ്രതിഷേധങ്ങള്‍ക്ക് വഴിയൊരുക്കുകയുണ്ടായി. എന്നാല്‍ കാര്യമായ ചെറുത്തുനില്‍പ്പിന് തയ്യാറാകാതെ സംയമനം പാലിച്ച് എം എം ജേക്കബ് സ്വയം വിവാദങ്ങള്‍ അവസാനിപ്പിക്കുകയായിരുന്നു. ക്രൈസ്തവ ഭൂരിപക്ഷ പ്രദേശമായിട്ടു കൂടി കോട്ടയത്തിന്റെ മണ്ണില്‍ സ്വന്തം മതവിഭാഗങ്ങളേക്കാള്‍ ജേക്കബ് കൂടുതല്‍ ഇടപഴകിയിരുന്നത് ഇതര പ്രസ്ഥാനങ്ങളോടായിരുന്നു. ആചാര്യ വിനോബഭാവയുടെ പ്രസ്ഥാനത്തിലടക്കം എത്തിച്ചേര്‍ന്നത് തന്നെ ഇത്തരമൊരു ചങ്ങാത്തത്തിലൂടെയാണ്.
കേന്ദ്രമന്ത്രി, ഗവര്‍ണര്‍, രാജ്യസഭാ ഉപാധ്യക്ഷന്‍ തുടങ്ങി അധികാര കേന്ദ്രങ്ങളുടെ ഭാഗമാകാന്‍ നിരവധി അവസരങ്ങള്‍ ലഭിച്ചിട്ടുള്ള എം എം ജേക്കബ് പക്ഷേ, ഒരിക്കലും ആശ്രിത വത്സലരെ വളര്‍ത്തിയെടുക്കാന്‍ ശ്രമിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ, കോണ്‍ഗ്രസിലെ മറ്റു നേതാക്കളില്‍ നിന്ന് വ്യത്യസ്തമായി കാര്യമായ അനുയായി വൃന്ദം ഇല്ലാത്ത നേതാവായി എം എം ജേക്കബ്.

കേരളത്തില്‍ നിന്ന് രാജ്യസഭാ ഉപാധ്യക്ഷസ്ഥാനത്തെത്തുന്ന ആദ്യ മലയാളിയായിരുന്നു എം എം ജേക്കബ്. സാമൂഹിക സേവകന്‍, അധ്യാപകന്‍, അഭിഭാഷകന്‍, സംഘാടകന്‍, പരിശീലകന്‍, രാഷ്ട്രീയ നേതാവ്, ഭരണാധികാരി, പ്രസംഗകന്‍, സഹകാരി, കായികതാരം ഇവയെല്ലാമായിരുന്നു മുണ്ടക്കല്‍ മാത്യൂ ജേക്കബ് എന്ന എം എം ജേക്കബ്. തനി നാട്ടിമ്പുറത്തുകാരനെങ്കിലും ലോക സാഹചര്യങ്ങളെ കുറിച്ച് നന്നെ ചെറുപ്പത്തില്‍ തന്നെ അവബോധം നേടിയിരുന്ന അദ്ദേഹം സാധാരണ ജനങ്ങളുടെ പ്രശ്‌നങ്ങളില്‍ എന്നും ബദ്ധശ്രദ്ധനായിരുന്നുവെന്ന് പ്രവര്‍ത്തന മണ്ഡലം നമ്മെ ബോധ്യപ്പെടുത്തുന്നു. വിദ്യാര്‍ഥിയായിരിക്കെ സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തതിനെ തുടര്‍ന്ന് തിരുവനന്തപുരം യൂനിവേഴ്‌സിറ്റി കോളജിലെ പഠനത്തിന് അര്‍ധവിരാമം കുറിക്കേണ്ടിവന്നു. ആചാര്യ വിനോബ ഭാവെയുയെ ഭൂദാന പ്രസ്ഥാനത്തില്‍ ആകൃഷ്ടനായ ജേക്കബ് ഭൂമിയില്ലാത്തവര്‍ക്ക് ഭൂമി നല്‍കണമെന്ന ആഹ്വാനം പ്രചരിപ്പിച്ചു സംസ്ഥാനത്തൊട്ടാകെ സഞ്ചരിച്ചു. ഇന്ത്യയുടെ പല ഭാഗങ്ങളിലും ഇതു സംബന്ധിച്ച പരിശീലന പരിപാടികളും സംഘടിപ്പിക്കുകയുണ്ടായി. കോട്ടയം മാങ്ങാനം കേന്ദ്രീകരിച്ച് നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്ക് ആശംസകളുമായി അന്നത്തെ ഉപരാഷ്ട്രപതി എസ് രാധാകൃഷ്ണനെത്തിയത് അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള രാഷ്ട്രത്തിന്റെ അംഗീകാരം കൂടിയായി. നെഹ്‌റു നേരിട്ട് കോണ്‍ഗ്രസിന്റെ ദേശീയ നേതൃത്വത്തിലേക്ക് ഉയര്‍ത്തിക്കൊണ്ടുവന്ന അപൂര്‍വം മലയാളികളില്‍ ഒരാളാണ് എം എം ജേക്കബ്.
തിരുവനന്തപുരം യൂനിവേഴ്‌സിറ്റി കോളജ്, തേവര സേക്രഡ് ഹാര്‍ട്ട് കോളജ്, മദ്രാസ് ലയോള കോളജ്, ലഖ്‌നൗ സര്‍വകലാശാല എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം നടത്തിയ ഇദ്ദേഹം നിയമബിരുദവും പൊളിറ്റിക്കല്‍ സയന്‍സില്‍ മാസ്റ്റേഴ്‌സ് ബിരുദവും നേടി. അമേരിക്കന്‍ ഐക്യനാടുകളിലെ ചിക്കാഗോ സര്‍വകലാശാലയില്‍ നിന്ന് പൊതുസേവനത്തില്‍ ഡിപ്ലോമയും പാസായിട്ടുണ്ട്. തേവര കോളജ് യൂനിയന്റെ ജനറല്‍ സെക്രട്ടറിയായിരുന്നു. മദ്രാസിലും ലഖ്‌നൗവിലും വിദ്യാര്‍ഥി യൂനിയന്‍ തിരഞ്ഞെടുപ്പിലും വിജയിച്ചു.

1952-ല്‍ കേരള ഹൈക്കോടതിയില്‍ അഭിഭാഷകനായി പ്രവേശിച്ചു. കോട്ടയത്ത് നികുതി സംബന്ധിച്ച കേസുകളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. ഇതിനിടെയാണ് നെഹ്‌റുവിന്റെ ക്ഷണപ്രകാരം ഡല്‍ഹിയിലേക്ക് പോയത്. ജേക്കബിന്റെ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടനായ നെഹ്‌റു അദ്ദേഹത്തെ ഡല്‍ഹിയിലേക്ക് വിളിപ്പിക്കുകയും ഭാരത് സേവക് സമാജ് ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ടവരെ പരശീലിപ്പിക്കുന്ന ക്യാമ്പിന്റെ ചുമതലക്കാരനായി നിയോഗിക്കുകയും ചെയ്തു. 1954ലാണ് ഭാരത് സേവക് സമാജില്‍ ചേര്‍ന്നത്. ഇതൊരു രാഷ്ട്രീയ രഹിത വളണ്ടറി സംഘടനയായിരുന്നു. ജവഹര്‍ലാല്‍ നെഹ്‌റുവായിരുന്നു ഇതിന്റെ പ്രസിഡന്റ്.കേന്ദ്രമന്ത്രിയായിരുന്ന ഗുല്‍സാരിലാല്‍ നന്ദ ചെയര്‍മാന്‍. ഇന്ത്യയുടെ ആസൂത്രിതവികസനത്തില്‍ പൊതുപങ്കാളിത്തം ഉറപ്പുവരുത്തുകയായിരുന്നു സംഘടനയുടെ ലക്ഷ്യം. വളണ്ടിയര്‍മാരെയും ക്യാമ്പ് ലീഡര്‍മാരെയും പരിശീലിപ്പിക്കുന്ന ജോലിയായിരുന്നു ജേക്കബ് ചെയ്തിരുന്നത്. ലോക് കാര്യ ക്ഷേത്ര, നഗര സാമൂഹികക്ഷേമ പ്രസ്ഥാനങ്ങള്‍, ചേരിയില്‍ സേവനം നടത്തുന്ന കേന്ദ്രങ്ങള്‍, രാത്രി താവളങ്ങള്‍ എന്നിങ്ങനെ പല പദ്ധതികളിലും ഇദ്ദേഹം ഇടപെട്ടിട്ടുണ്ട്. ഭാരത് സേവക് സമാജിന്റെ ഭാഗമായി യുനസ്‌കോ എന്ന സംഘടനയോടും ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിട്ടുണ്ട്.1960-ല്‍ ശ്രീലങ്കയിലും ഇദ്ദേഹം പ്രവര്‍ത്തിക്കുകയുണ്ടായി. അഴിമതിക്കെതിരായി പ്രവര്‍ത്തിക്കുന്ന സദാചാര്‍ സമിതിയുടെ കണ്‍വീനറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സമിതി കേരളത്തിലെ എല്ലാ ജില്ലകളിലും ശാഖകള്‍ അക്കാലത്ത് തുടങ്ങുകയുണ്ടായി.1967ല്‍ കോണ്‍ഗ്രസിന്റെ സജീവ പ്രവര്‍ത്തകനായ അദ്ദേഹം കെ പി സി സി ജനറല്‍ സെക്രട്ടറി, ട്രഷറര്‍ എന്നീ നിലകളിലും സേവാദള്‍ സംസ്ഥാന ചെയര്‍മാന്‍, കോണ്‍ഗ്രസിന്റെ താത്വിക സെല്ലിന്റെ കണ്‍വീനറായും പ്രവര്‍ത്തിച്ചു. എ ഐ സി സി അംഗമായും വര്‍ഷങ്ങളോളം പ്രവര്‍ത്തിച്ചു. 1982-ലും 1988-ലും രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1986-ല്‍ രാജ്യസഭയുടെ ഡെപ്യൂട്ടി ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെട്ടു. പാര്‍ലമെന്ററി കാര്യ മന്ത്രിയായും ആഭ്യന്തരകാര്യ മന്ത്രിയായും ജലവിഭവ വകുപ്പ് മന്ത്രിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 1995-ല്‍ മേഘാലയ ഗവര്‍ണറായി നിയമിതനായ ജേക്കബ് 2000-ല്‍ രണ്ടാം വട്ടവും ഈ സ്ഥാനത്ത് നിയോഗിക്കപ്പെട്ടു.

കോണ്‍ഗ്രസ് സര്‍ക്കാര്‍ നിയമിച്ച എം എം ജേക്കബിനെ ബി ജെ പി സര്‍ക്കാര്‍ അധികാരത്തില്‍ വന്നിട്ടും ഗവര്‍ണര്‍ സ്ഥാനത്ത് തുടരാന്‍ അനുവദിച്ചു. 1996 മുതല്‍ കുറച്ചു കാലം അരുണാചല്‍പ്രദേശിന്റെ ഗവര്‍ണര്‍ സ്ഥാനവും വഹിച്ചിരുന്നു. പ്രധാനമന്ത്രിമാരായ ഇന്ദിരാ ഗാന്ധി, രാജീവ് ഗാന്ധി, നരസിംഹറാവു എന്നിവരുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന എം എം ജേക്കബ്, മൊറാര്‍ജിദേശായി, ചന്ദ്രശേഖര്‍, നരേന്ദ്രമോദി എന്നിവരൊഴികെയുള്ള മുഴുവന്‍ പ്രധാനമന്ത്രിമാരുമായും അടുപ്പം കാത്തുസൂക്ഷിച്ചിരുന്ന നേതാവാണ്. ഇന്ദിരാ ഗാന്ധിയുടെ കാലത്ത് കോണ്‍ഗ്രസിലുണ്ടായ പിളര്‍പ്പില്‍ ഇന്ദിരക്കൊപ്പം നിലകൊണ്ടു.1975 മുതല്‍ 1981 വരെ ഇദ്ദേഹം കേരള സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് റബ്ബര്‍ മാര്‍ക്കറ്റിംഗ് ഫെഡറേഷന്റെ പ്രസിഡന്റായിരുന്നു. കോട്ടയം ജില്ലാ സഹകരണ ബേങ്കിന്റെ ഡയറക്റ്റര്‍, പാലാ റബ്ബര്‍ മാര്‍ക്കറ്റിംഗ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ഡയറക്റ്റര്‍, ചിത്രലേഖ ഫിലിം കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ഡയറക്റ്റര്‍, ചെയര്‍മാന്‍ എന്നീ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്.1974 മുതല്‍ 78 വരെ പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ ചെയര്‍മാനായി. “ഓയില്‍ പാം ഇന്ത്യ ലിമിറ്റഡിന്റെ ആദ്യ ചെയര്‍മാനുമായിരുന്നു (1977-1978) എം എം ജേക്കബ്. 1975 മുതല്‍ 78 വരെ ഹിന്ദുസ്ഥാന്‍ ലാറ്റെക്‌സിന്റെ ഗവേണിംഗ് ബോഡില്‍ അംഗമായിരുന്നു. 1973 മുതല്‍ 75 വരെ ഇന്ത്യന്‍ കോഫി ബോര്‍ഡിലും വര്‍ഷങ്ങളോളം ഇന്ത്യന്‍ റബ്ബര്‍ ബോര്‍ഡിലും അംഗമായിരുന്നു. 1977 മുതല്‍ 82 വരെ ഇന്ത്യന്‍ ഓവര്‍സീസ് ബേങ്കിന്റെ ഡയറക്ടറായിരുന്നു.
1991 മുതല്‍ 94 വരെ ഫരീദാബാദിലെ വൈ എം സി എ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് എന്‍ജിനിയറിംഗില്‍ ബോഡ് ഓഫ് മാനേജ്‌മെന്റ് ചെയര്‍മാനായിരുന്നു. ഭാരത് സേവക് എന്ന സാമൂഹിക പ്രവര്‍ത്തകരുടെ ജേണലിന്റെ പ്രസാധകന്‍, കോണ്‍ഗ്രസ് റിവ്യൂ എന്ന ദൈ്വവാരികയുടെ ചീഫ് എഡിറ്റര്‍, വീക്ഷണം പത്രത്തിന്റെ മാനേജിംഗ് എഡിറ്റര്‍ എന്നീ നിലകളില്‍ ഇദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. പല പ്രബന്ധങ്ങളും ജേണലുകളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിറ്റ്‌നസ് ടു ഫ്രീ ഇന്ത്യ എന്ന ആത്മകഥാംശമുള്ള പുസ്തകമടക്കം ഏതാനും ഗ്രന്ഥങ്ങളുടെ കര്‍ത്താവ് കൂടിയാണ് എം എം ജേക്കബ്.

Latest