Connect with us

Articles

പ്രാര്‍ഥനയും ഉത്തരവും

Published

|

Last Updated

പ്രാര്‍ഥന വിശ്വാസിയുടെ പരിഹാരവും ആശ്രയവുമാണ്. അല്ലാഹുവാണ് നല്‍കുന്നവന്‍. അത് തടയാനാര്‍ക്കും ആവില്ലെന്ന ഉറച്ച വിശ്വാസത്തില്‍ നിന്നാണ് പ്രാര്‍ഥനാ മനസ്സ് രൂപപ്പെടുന്നത്. അല്ലാഹുവിന്റെ കഴിവും പരമാധികാരവും അംഗീകരിച്ച് കൊടുക്കുകയാണ് പ്രാര്‍ഥനയിലൂടെ സത്യവിശ്വാസി ചെയ്യുന്നത്.
എന്നോട് ചോദിച്ചോളൂ, ഞാന്‍ കേട്ടുത്തരം ചെയ്യുമെന്ന ഖുര്‍ആനിന്റെ വചനം വിശ്വാസിക്ക് നല്‍കുന്നത് വലിയ ആശ്വാസമാണ്. അടിമ ചെയ്യുന്നതെല്ലാം അത്, പണമുണ്ടാക്കാനായാലും ആരോഗ്യത്തിനായാലും മറ്റേത് നേട്ടങ്ങള്‍ക്കായാലും, കാരണങ്ങള്‍ മാത്രമാണ്. സൃഷ്ടിക്കുന്നവന്‍ അല്ലാഹുവാണ്. സൃഷ്ടിക്കുന്നവനും നടപ്പിലാക്കുന്നവനുമായ അല്ലാഹുവിനെ അടിമ പ്രാപിക്കുന്ന ഘട്ടമാണ് പ്രര്‍ഥനയില്‍ ഉണ്ടാകുന്നത്.
അടിമയുടെ പ്രാര്‍ഥനക്ക് മൂന്നില്‍ ഒരു വിധത്തില്‍ ഫലം കിട്ടുന്നു. ഒന്ന്, ചോദിച്ച കാര്യം സാധിക്കുക. രണ്ട്, ചോദിച്ചതിന്റെ ഫലമായി അതിലും ഖൈറായത് നല്‍കുക. മറ്റൊന്ന്, പ്രാര്‍ഥനയുടെ ഫലത്താല്‍ ആപത്തില്‍ നിന്ന് മോചനം കിട്ടുക. ഇതിലെല്ലാറ്റിലുമുപരി ദുആ ഇബാദത്താണ്; നിസ്‌കാരം, നോമ്പ് പോലെ തന്നെ.
അപ്പോള്‍ ചോദിച്ചിട്ട് കിട്ടിയില്ലെങ്കില്‍ പോലും ഇബാദത്തിന്റെ പ്രതിഫലം നഷ്ടപ്പെടുന്നില്ല. ഞാന്‍ കുറെ ദുആ ചെയ്തു, എനിക്കൊന്നും കിട്ടിയില്ല എന്ന പരിഭവത്തിന് ഒരു ന്യായവുമില്ല. പ്രാര്‍ഥനക്ക് ചില മര്യാദകളും നിബന്ധനകളുമൊക്കെയുണ്ട്. സമയവും സന്ദര്‍ഭവുമെല്ലാം ഇതില്‍ പരിഗണിക്കപ്പെടുന്നുണ്ട്.
ഉത്തരം കിട്ടുമെന്ന ഉറപ്പോടെയാണ് നിങ്ങള്‍ അല്ലാഹുവിനോട് ചോദിക്കേണ്ടത് എന്ന് നബി(സ) പറഞ്ഞു. ദുആയുടെ മര്‍മം തന്നെയാണത്. സംശുദ്ധമായ മനസ്സോടെയാണ് ദുആ നടത്തേണ്ടത്.

അല്ലാഹുവിനെ സ്തുതിച്ചും നബിയുടെ മേല്‍ സ്വലാത്ത് ചൊല്ലിക്കൊണ്ടുമാണ് ദുആ ആരംഭിക്കേണ്ടത്. കൈകള്‍ രണ്ടും മേല്‍പോട്ട് ഉയര്‍ത്തുകയും വേണം. ഖിബ്‌ലയിലേക്ക് തിരിഞ്ഞുകൊണ്ടാണ് ദുആ നടത്തേണ്ടത്. അങ്ങനെ സൗകര്യമുള്ളവര്‍ ഖിബ്‌ലയിലേക്ക് തിരിയുക എന്ന സുന്നത്ത് ഒഴിവാക്കരുത്.
ദുആ നല്ല ചെയ്തികളെ മുന്‍നിര്‍ത്തിയാകുന്നത് ഉത്തരം കിട്ടാന്‍ എളുപ്പമാണ്. ശക്തമായ പേമാരിയും കാറ്റും നിറഞ്ഞ രാത്രിയില്‍ ഗുഹാമുഖത്ത് അകപ്പെട്ട മൂന്ന് പേര്‍ ജീവിതത്തിലെ സവിശേഷമായ സത്കര്‍മങ്ങള്‍ എടുത്തു പറഞ്ഞ് ദുആ ചെയ്തതിനാല്‍ ഗുഹാമുഖത്ത് അടഞ്ഞുനിന്ന കല്ല് നീങ്ങിയത് സ്വഹീഹായ ഹദീസില്‍ വന്നിട്ടുണ്ട്. സ്വദഖയെ മുന്‍നിര്‍ത്തിയുള്ള ദുആ ഉത്തരം കിട്ടാന്‍ സാധ്യത കൂടുതലാണ്.
അല്ലാഹു നമ്മുടെ മനസ്സിലുള്ളതെല്ലാം അറിയും. ആഗ്രഹങ്ങളൊന്നും അല്ലാഹുവിന്റെ അറിവിന് പുറത്തല്ല. എന്നാല്‍, അടിമ ചെയ്യുന്നത് അവന്‍ ചെയ്യട്ടെ, ഉടമസ്ഥന്‍ ചെയ്യുന്നത് അവന്‍ ചെയ്യും. എത് ‘ഭാഷയിലും ചോദിക്കാം. ഒന്നും അല്ലാഹുവിന് അജ്ഞാതമല്ല. എന്നാല്‍ പദങ്ങള്‍ ചടുലമായി വിന്യസിച്ച് സ്വന്തമായി ദുആ വചനങ്ങള്‍ സൃഷ്ടിക്കുന്നതിലും ഭേദം ഖുര്‍ആനിലും ഹദീസിലും വന്ന ദുആകള്‍ ഉരുവിടലാണ്. ജാമിഉ ദുആ എന്നപേരിലുള്ള ദുആ വചനങ്ങളുണ്ട്. പ്രബലമായ ഹദീസ് ഗ്രന്ഥങ്ങളില്‍ വന്നിട്ടുള്ളതാണതത്രയും. വലിയ ഉള്‍സാരമുള്ള ആ വചനങ്ങള്‍ ബറകത്തുള്ളതും സമ്പൂര്‍ണവുമാണ്. കൂട്ടായി നിര്‍വഹിക്കപ്പെടുന്ന ദുആകള്‍ ഉത്തരം കിട്ടുന്ന കാര്യത്തില്‍ വളരെ മുന്നിലാണ്. നിസ്‌കാര ശേഷവും അല്ലാത്തപ്പോഴും കൂട്ടുപ്രാര്‍ഥനക്ക് ഫലമുണ്ട്. ഒരു സംഘം ആളുകള്‍ ഒരുമിച്ചിരുന്ന് അതില്‍ ഒരാള്‍ ദുആ ചെയ്യുകയും മറ്റുള്ളവര്‍ ആമീന്‍ പറയുകയും ചെയ്താല്‍ അല്ലാഹു അവര്‍ക്ക് ഉത്തരം ചെയ്യുമെന്ന ഹദീസ് വളരെ പ്രബലമാണ്. നിസ്‌കാരശേഷം നടക്കുന്ന സമൂഹ പ്രാര്‍ഥനയില്‍ നിന്നു വിട്ടുനില്‍ക്കുന്ന ചിലരുണ്ട്. തികഞ്ഞ ധിക്കാരം എന്നേ പറയേണ്ടൂ.
ചിലരുടെ ധാരണ ഇമാം പറയുന്നത് നമുക്ക് അറിയില്ല എന്നാകും. എന്നാല്‍ ആധാരണ ശരിയല്ല. ഇമാം പറയുന്നതിന്റെ അര്‍ഥം അറിയില്ലെങ്കിലും ആമീന്‍ പറയുന്നവന് കൂലി കിട്ടും. അവന്റെ ഉദ്ദേശ്യങ്ങള്‍ കൂടി സഫലമാകും. ദുആ ചെയ്യുന്നവനും ആമീന്‍ പറയുന്നവനും പ്രതിഫല കാര്യത്തില്‍ തുല്യരാണ് എന്ന ഹദീസ് സുവിദിതമാണ്. മുസാ നബി(അ)യും ഹാറൂന്‍ നബി(അ)യും ദുആ ചെയ്തതിനെ കുറിച്ച് ഖുര്‍ആന്‍ പറഞ്ഞത് നിങ്ങള്‍ രണ്ട് പേരുടെയും ദുആ സ്വീകരിച്ചിരിക്കുന്നു എന്നാണ്. യഥാര്‍ഥത്തില്‍ ഒരാള്‍ ദുആ ചെയ്യുകയും മറ്റേ നബി ആമീന്‍ പറയുകയുമായിരുന്നു. രണ്ട് പേരും ദുആ ചെയ്തത് സ്വീകരിച്ചുവെന്ന പ്രയോഗം സാരവത്താണ്.

ദുആ പുണ്യമുള്ള ദിവസങ്ങളും സമയങ്ങളും ജാഗ്രതയോടെ ശ്രദ്ധിക്കണം. വിശുദ്ധ മാസമാകുന്ന റമസാന്‍ ദുആക്ക് വലിയ പ്രാധാന്യം കല്‍പിക്കപ്പെടേണ്ട സമയമാണ്. ഉത്തരം കിട്ടുന്ന സമയത്തെ കുറിച്ച് ചോദിച്ചപ്പോള്‍ തിരുനബി(സ) പറഞ്ഞത് അഞ്ച് നേരത്തെ നിസ്‌കാരങ്ങള്‍ക്ക് ശേഷവും പാതിരാവിലുമാണ് എന്നത്രേ. അത്താഴ സമയത്ത് പാപമോചനം നടത്തുന്നവരെ ഖുര്‍ആന്‍ ശ്ലാഘിക്കുന്നുണ്ട്.
വെള്ളിയാഴ്ച ഒരു സമയമുണ്ട്. ഉത്തരം കിട്ടാന്‍ വളരെ സാധ്യതയുള്ളതാണ് ആ സമയം. എന്നാല്‍, അത് കൃത്യം ഏതാണെന്ന് നബി(സ) തങ്ങള്‍ അറിയിച്ചിട്ടില്ല. അപ്പോള്‍ വെള്ളിയാഴ്ചകളില്‍ പ്രാര്‍ഥന വര്‍ധിപ്പിക്കണം.
ആമീന്‍ പറയുന്നത് ഇബാദത്താണ്. “ദുആ നീ സ്വീകരിക്കണേ” എന്നാണ് ആമീന്‍ എന്നതിന്റെ അര്‍ഥം. നിങ്ങള്‍ കൂടുതലായും ഉച്ചത്തിലും ആമീന്‍ പറയണം അത് അല്ലാഹുവിന് ഇഷ്ടമാണ് എന്നാണ് നബി വചനം. ദുആയിലൂടെ ഇലാഹിന്റെ പൊരുത്തം കിട്ടാനും യജമാനനില്‍ നിന്ന് നാം ആഗ്രഹിക്കുന്നത് നേടിയെടുക്കാനും സാധിക്കും. അതുകൊണ്ടാണ് പ്രാര്‍ഥന വിശ്വാസിക്ക് ആശ്രയവും പരിഹാരവുമാണെന്ന് പറയുന്നത്.

---- facebook comment plugin here -----

Latest