Connect with us

International

'ഡ്യൂട്ടി'യിലുള്ള ഇസ്‌റാഈല്‍ സൈനികരുടെ ദൃശ്യം പകര്‍ത്തുന്നത് ക്രിമിനല്‍ കുറ്റം

Published

|

Last Updated

ജറൂസലം: “ഡ്യൂട്ടി”യിലേര്‍പ്പെട്ടിരിക്കുന്ന ഇസ്‌റാഈല്‍ സൈന്യത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിന് വിലക്കേര്‍പ്പെടുത്തുന്ന ബില്‍ ഇസ്‌റാഈല്‍ പാര്‍ലിമെന്റില്‍ അവതരിപ്പിക്കും. സൈനികരുടെ ഫോട്ടോ എടുക്കുന്നതും ദൃശ്യം പകര്‍ത്തുന്നതും ക്രിമിനല്‍ കുറ്റമായി കണക്കാക്കപ്പെടുന്ന പുതിയ നിയമത്തിനാണ് ഇസ്‌റാഈല്‍ മുന്നിട്ടിറങ്ങിയിരിക്കുന്നത്. ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.

ഈ നിയമം ഇസ്‌റാഈല്‍ സൈനികര്‍ക്ക് കൂടുതല്‍ കുറ്റകൃത്യങ്ങള്‍ ചെയ്യാന്‍ അനുവാദം നല്‍കുന്നതാണെന്നും നിയമത്തിന്റെ പിടിയില്‍ നിന്ന് സൈനികരെ രക്ഷപ്പെടുത്തുക എന്ന ഗൂഢതന്ത്രമാണ് ഇതിന് പിന്നിലെന്നും ഫലസ്തീന്‍ ജേണലിസ്റ്റ് യൂനിയന്‍ ചൂണ്ടിക്കാട്ടി. പുതിയ ബില്‍ മാധ്യമപ്രവര്‍ത്തനമെന്ന പ്രൊഫഷനെ ആക്രമിക്കുന്നതാണ്. അതോടൊപ്പം ഫലസ്തീന്‍ ജനതക്ക് നേരെ ഇസ്‌റാഈല്‍ നടത്തുന്ന ക്രൂരകൃത്യങ്ങള്‍ സാധൂകരിക്കാന്‍ ലക്ഷ്യമാക്കിയുള്ളതാണെന്നും ഫലസ്തീന്‍ ജേണലിസ്റ്റ് സിന്‍ഡിക്കേറ്റ്(പി ജെ എസ്)പുറത്തുവിട്ട പ്രസ്താവനയില്‍ പറഞ്ഞു.

നാളെ ഈ ബില്‍ പാര്‍ലിമെന്റില്‍ അവതരിപ്പിക്കുമെന്നാണ് കരുതപ്പെടുന്നത്. ഈ ബില്ലിനെ പിന്തുണച്ച് ഇസ്‌റാഈല്‍ പ്രതിരോധ മന്ത്രി അവിഗ്‌ദോര്‍ ലീബര്‍മാന്‍ രംഗത്തെത്തിയിട്ടുണ്ട്. ഡ്യൂട്ടിയിലേര്‍പ്പെട്ടിരിക്കുന്ന ഇസ്‌റാഈല്‍ സൈനികരുടെ താത്പര്യങ്ങളെ വിലകുറച്ചുകാണിക്കുക എന്ന രീതിയില്‍ അവരുടെ ഫോട്ടോ എടുക്കുന്നതും വീഡിയോ പകര്‍ത്തുന്നതും അഞ്ച് വര്‍ഷം വരെ ജയില്‍ ശിക്ഷ ലഭിക്കാവുന്ന ക്രിമിനല്‍ കുറ്റമാണെന്ന് പുതിയ ബില്‍ വ്യവസ്ഥ ചെയ്യുന്നു. ബില്ലിനെ എതിര്‍ത്ത് ഇസ്‌റാഈല്‍ പത്രം ഹാരെറ്റ്‌സ് രംഗത്തെത്തി. ജനങ്ങളുടെ അറിയാനുള്ള അവകാശത്തെ ധ്വംസിക്കുന്നതും മാധ്യമ സ്വാതന്ത്രത്തിന് മേല്‍ നിയന്ത്രണമേര്‍പ്പെടുത്തുന്നതും ആണ് പുതിയ ബില്ലെന്ന് ഹാരെറ്റ്‌സ് പത്രം വ്യക്തമാക്കി.

Latest