Connect with us

Kerala

വേനല്‍ മഴ ശക്തമാകും: മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത്

Published

|

Last Updated

തിരുവനന്തപുരം: സംസ്ഥാനത്ത് വേനല്‍മഴ ശക്തമാകുമെന്ന് മുന്നറിയിപ്പ്. കാറ്റിന്റെ വേഗം മണിക്കൂറില്‍ 40 മുതല്‍ 55 കിലോമീറ്റര്‍ വരെ കൂടാന്‍ സാധ്യതയുള്ളതിനാല്‍ രണ്ടു ദിവസത്തേക്ക് മത്സ്യത്തൊഴിലാളികള്‍ ലക്ഷദ്വീപ്, കന്യാകുമാരി ഭാഗങ്ങളില്‍ മത്സ്യബന്ധനത്തിന് പോകരുതെന്ന് കാലാവസ്ഥാ കേന്ദ്രമം മുന്നറിയിപ്പ് നല്‍കി.
മഴയ്‌ക്കൊപ്പം ശക്തമായ ഇടിമിന്നല്‍ ഉണ്ടാകുമെന്നും വേനല്‍ മഴ രണ്ടുദിവസം കൂടി ശക്തമായി പെയ്യുമെന്നുമാണ് വിലയിരുത്തല്‍. വരുന്ന ദിവസങ്ങളില്‍ ഏഴ് മുതല്‍ 11 സെന്റീമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ പ്രവചനം.

അന്തരീക്ഷ ഊഷ്മാവ് വര്‍ധിച്ചിരിക്കുന്ന സാഹചര്യം കണക്കിലെടുത്ത് വേനല്‍മഴയ്‌ക്കൊപ്പം ഉണ്ടാകുന്ന ഇടിമിന്നല്‍ ദുരന്തമുണ്ടാക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ വിലയിരുത്തല്‍. ഇതിന്റെ അടിസ്ഥാനത്തില്‍ ദുരന്ത നിവാരണ അതോറിട്ടി ഇടിമിന്നല്‍ പ്രതിരോധ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. സംസ്ഥാനത്ത് ഇടിമിന്നലേറ്റുള്ള മരണം വര്‍ധിച്ചുവരുന്ന സാഹചര്യം കണക്കിലെടുത്താണ് മുന്നറിയിപ്പ്. ഇടിമിന്നല്‍ സമയങ്ങളില്‍ എടുക്കേണ്ട മുന്‍ കരുതലുകളെ കുറിച്ചുള്ള ലഘുലേഖയും ദുരന്ത നിവാരണ അതോറിട്ടി പുറത്തിറക്കി. വനാതിര്‍ത്തികളില്‍ താമസിക്കുന്നവര്‍, ജോലി സംബന്ധമായി ലോഹങ്ങള്‍ ഉപയോഗിക്കുന്നവര്‍, ഉയരം കൂടിയ വാസസ്ഥലങ്ങളില്‍ മിന്നല്‍ രക്ഷാ ചാലകങ്ങള്‍ ഉപയോഗിക്കാത്തവര്‍ കൂടുതല്‍ ജാഗ്രത പാലിക്കണം. മഴയോടു കൂടി ഇടിമിന്നലുണ്ടാകുന്ന സമയത്ത് മരങ്ങള്‍ക്കു താഴെയോ, തുറസ്സായ സ്ഥലങ്ങളിലോ നില്‍ക്കരുത്. മിന്നല്‍ ഏല്‍ക്കുന്നവര്‍ക്ക് പ്രാഥമികമായി കൃത്രിമ ശ്വാസോച്ഛാസം നല്‍കുക. പ്രധാനമായും ശ്വാസ തടസ്സം നേരിട്ടാണ് ആഘാതം ഏറ്റയാള്‍ മരണപ്പെടുന്നത്. നേരിട്ടുള്ള ആഘാതത്തില്‍ പൊള്ളലേറ്റ് മരിക്കാറില്ല.

കേരളത്തില്‍ പത്തനംതിട്ട ജില്ലയിലാണ് ഏറ്റവും കൂടുതകല്‍ മിന്നലേറ്റുള്ള മരണം റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിട്ടുള്ളത്.
ഈ ജില്ലയിലെ വീടുകളില്‍ മിന്നല്‍രക്ഷാ ചാലകങ്ങള്‍ സ്ഥാപിക്കാന്‍ വര്‍ഷങ്ങള്‍ക്കു മുന്‍പ് പദ്ധതി തയ്യാറാക്കിയിരുന്നെങ്കിലും നടപ്പായില്ല. സെക്കന്‍ഡില്‍ പത്തിലൊന്ന് സമയത്തിനുള്ളില്‍ മിന്നല്‍ സംഭവിക്കുന്നതിനാല്‍, ഇതുമൂലമുണ്ടാകുന്ന ആഘാതങ്ങളില്‍ നിന്നും ആര്‍ക്കും രക്ഷപ്പെടാനാവില്ല. എന്നാല്‍, മിന്നലിനെ കുറിച്ചുള്ള ശരിയായ അറിവ് അപകടങ്ങള്‍ കുറയ്ക്കാന്‍ ഉപകരിക്കും.

ഒരു പ്രദേശത്ത് മിന്നല്‍ ഉണ്ടാകുന്ന കാലം, സമയം, ദിവസം എന്നിവ മനസ്സിലാക്കുന്നതിലൂടെ ആഘാതം കുറയ്ക്കാനാകും.
ഇതു മുന്‍കൂട്ടിയറിയാനുള്ള സംവിധാനം സംസ്ഥാനത്തിനുണ്ട്. കാലാവസ്ഥാ കേന്ദ്രം സ്ഥാപിച്ചിട്ടുള്ള മഴമാപിനികളില്‍ വേനല്‍മഴ രേഖപ്പെടുത്തിയതനുസരിച്ച് മഞ്ചേരി, ആലപ്പുഴ, കോഴിക്കോട് എന്നിവിടങ്ങളില്‍ നാല് സെന്റീമീറ്ററും, തിരുവനന്തപുരം, നെയ്യാറ്റിന്‍കര, കോന്നി, തൊടുപുഴ, കോട്ടയം എന്നിവിടങ്ങളില്‍ മൂന്നു സെന്റീ മീറ്ററും മഴ ലഭിച്ചിട്ടുണ്ട്. എയര്‍പോര്‍ട്ടുകളില്‍ സാമാന്യം ഭേദപ്പെട്ട മഴയാണ് ലഭിച്ചതെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

Latest