Connect with us

International

നൂറുകണക്കിന് ജൂതര്‍ മസ്ജിദുല്‍അഖ്‌സ കോമ്പൗണ്ടില്‍ ഇരച്ചുകയറി

Published

|

Last Updated

ജറൂസലം: സായുധരായ ഇസ്‌റാഈല്‍ സൈന്യത്തിന്റെ അകമ്പടിയില്‍ നൂറുകണക്കിന് ജൂതര്‍ മസ്ജിദുല്‍ അഖ്‌സയുടെ കോമ്പൗണ്ടിലേക്ക് നിയമവിരുദ്ധമായി ഇരച്ചുകയറി. ജൂതന്‍മാരുടെ ഹോളിഡേ ആചരണവുമായി ബന്ധപ്പെട്ടായിരുന്നു ഈ നടപടി. അഞ്ഞൂറിലധികം കുടിയേറ്റ ജൂതന്മാര്‍ വ്യാഴാഴ്ച വൈകുന്നേരം മസ്ജിദുല്‍ അഖ്‌സയുടെ കോമ്പൗണ്ടിലേക്ക് കടന്നുകൂടിയതായി ഫലസ്തീന്‍ ന്യൂസ് ഏജന്‍സി വഫ പറഞ്ഞു. കഴിഞ്ഞ ഞായറാഴ്ച മുതല്‍ ജൂത കുടിയേറ്റക്കാര്‍ ഇടക്കിടെ ഇസ്‌റാഈല്‍ സൈന്യത്തിന്റെ അകമ്പടിയില്‍ മസ്ജിദുല്‍അഖ്‌സയിലേക്ക് കടന്നുകയറുന്നുണ്ട്. 1731ലധികം ജൂതര്‍ ഇങ്ങനെ കോമ്പൗണ്ടിനകത്ത് പ്രവേശിച്ചതായി വഫ റിപ്പോര്‍ട്ട് ചെയ്തു. മസ്ജിദുല്‍അഖ്‌സയുടെ കോമ്പൗണ്ടിനുള്ളിലേക്ക് ജൂതരും രാഷ്ട്രീയ നേതാക്കളും കടന്നുകയറുന്നത് വര്‍ഷങ്ങളായി സംഘര്‍ഷത്തിന് കാരണമാകുന്നുണ്ട്. പ്രദേശത്തിന്റെ നിയന്ത്രണം പിടിച്ചെടുക്കാനുള്ള ഇസ്‌റാഈല്‍ സൈന്യത്തിന്റെ തന്ത്രമാണ് ഇതെന്ന് ഫലസ്തീന്‍ ചൂണ്ടിക്കാട്ടുന്നു.

അതിനിടെ അധിനിവിഷ്ട വെസ്റ്റ് ബാങ്കിലെ നബ്‌ലുസില്‍ നൂറുകണക്കിന് ജൂതര്‍ മുസ്‌ലിം ആരാധനാലയത്തിനകത്ത് കയറി ഫലസ്തീനികളെ മര്‍ദിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.

ലാന്‍ഡ് ഡേ ആചരണത്തിനിടെ കഴിഞ്ഞയാഴ്ച ഇസ്‌റാഈല്‍ സൈന്യം നിരപരാധികളായ 20 ഫലസ്തീനികളെ വെടിവെച്ചു കൊന്നിരുന്നു.

Latest