Connect with us

Kerala

കണക്കില്‍ പിഴച്ച് സര്‍ക്കാര്‍; ജാതിയും മതവും ഉപേക്ഷിച്ചത് 2,984 പേര്‍ മാത്രം

Published

|

Last Updated

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളില്‍ ജാതിയും മതവും രേഖപ്പെടുത്താതെ പ്രവേശനം നേടിയവരുടേതെന്ന പേരില്‍ വിദ്യാഭ്യാസ മന്ത്രി നിയമസഭയില്‍ വെച്ച രേഖയിലെ പിഴവ് വ്യക്തമാക്കുന്ന പുതിയ കണക്കുകള്‍ പുറത്തുവന്നു. ഐ ടി@സ്‌കൂള്‍ ഡയറക്ടറാണ് പുതിയ വിവരങ്ങള്‍ വെളിപ്പെടുത്തിയത്.

2017-18 അധ്യയന വര്‍ഷം സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ പ്രവേശനം നേടുമ്പോള്‍ ജാതിയും മതവുമില്ലെന്ന് വ്യക്തമാക്കിയത് 2,984 പേര്‍ മാത്രമാണെന്ന് ഈ രേഖകള്‍ പറയുന്നു. മന്ത്രി നല്‍കിയ കണക്ക് പ്രകാരം ഇത് ഒന്നേകാല്‍ ലക്ഷത്തോളമായിരുന്നു. ഐ ടി@സ്‌കൂളിന്റെ പോര്‍ട്ടലായ സമ്പൂര്‍ണയില്‍ രേഖപ്പെടുത്തിയ കണക്കുകളായിരുന്നു വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് നിയമസഭയെ അറിയിച്ചത്.
ഇത് തെറ്റാണെന്ന് വ്യക്തമായതോടെ പുതിയ വിശദീകരണവുമായി ഐ ടി@സ്‌കൂള്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അന്‍വര്‍ സാദത്ത് രംഗത്തെത്തുകയായിരുന്നു. ജാതിയും മതവും രേഖപ്പെടുത്താതെ പ്രവേശനം നേടിയത് 1,22,662 പേരും മതം മാത്രം രേഖപ്പെടുത്തി ജാതി രേഖപ്പെടുത്താതിരുന്നത് 1,19,865 പേരുമാണ്. മതമില്ലെന്ന് വെളിപ്പെടുത്തിയ 1,750 വിദ്യാര്‍ഥികളും മതവും ജാതിയുമില്ലെന്ന് വെളിപ്പെടുത്തിയ 1,538 വിദ്യാര്‍ഥികളും മതവിശ്വാസമില്ലെന്ന് രേഖപ്പെടുത്തിയ 784 വിദ്യാര്‍ഥികളും മതം ബാധകമല്ലാത്ത 486 വിദ്യാര്‍ഥികളുമാണ് പ്രവേശനം നേടിയതെന്നും ഐ ടി@സ്‌കൂള്‍ ഡയറക്ടര്‍ വിശദമാക്കുന്നു.

കോളം പൂരിപ്പിക്കാത്തവരെ ജാതി ഉപേക്ഷിച്ചവരായി കണക്കാക്കിയാണ് വിദ്യാഭ്യാസ മന്ത്രി നിയമസഭയില്‍ വിവരം നല്‍കിയതെന്നാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നത്. സമ്പൂര്‍ണയിലെ കണക്കുകള്‍ തന്നെ അടിസ്ഥാനപ്പെടുത്തിയാണ് വിദ്യാഭ്യാസമന്ത്രി നിയമസഭയില്‍ മറുപടി പറഞ്ഞത്.
ജാതിയും മതവും വെബ്‌സൈറ്റില്‍ രേഖപ്പെടുത്താത്തവരെയെല്ലാം മതരഹിതരായി പരിഗണിച്ചുകൊണ്ടുള്ള കണക്കായിരുന്നു ഇതെന്ന് മാത്രം. നിയമസഭയില്‍ എം എല്‍ എ. ഡി കെ മുരളിയുടെ നക്ഷത്ര ചിഹ്നമിടാത്ത ചോദ്യത്തിന് മറുപടിയായാണ് വിദ്യാഭ്യാസമന്ത്രി ഇക്കാര്യം പറഞ്ഞത്. ഇതോടൊപ്പം ഓരോ സ്‌കൂളുകളിലെയും ജാതി-മതരഹിത വിദ്യാര്‍ഥികളുടെ കണക്കുകളും നല്‍കിയിരുന്നു.

അതിനിടെ, സര്‍ക്കാറിന്റെ കണക്കിനെതിരെ വിവിധ സ്‌കൂള്‍ അധികൃതര്‍ രംഗത്തെത്തി. കളമശ്ശേരി രാജഗിരി, അത്താണി സെന്റ് ഫ്രാന്‍സിസ് അസീസി, തുറക്കല്‍ അല്‍ ഹിദായ തുടങ്ങിയ സ്‌കൂളുകളാണ് പ്രതിഷേധവുമായെത്തിയത്. ഈ സ്‌കൂളുകളിലെ ആയിരത്തിലധികം കുട്ടികള്‍ക്ക് ജാതിയും മതവുമില്ലെന്നായിരുന്നു സര്‍ക്കാറിന്റെ കണക്ക്.

കാസര്‍കോട്ടെയും പെരുമ്പാവൂരിലെയും ചില സ്‌കൂളുകളും സര്‍ക്കാര്‍ കണക്കിലെ പിഴവ് ചൂണ്ടിക്കാട്ടിയിരുന്നു.

Latest