Connect with us

National

കുതിര സവാരി നടത്തിയ ദളിതനെ കൊലപ്പെടുത്തി

Published

|

Last Updated

അഹമ്മദാബാദ്: കുതിരപ്പുറത്ത് സവാരി ചെയ്തതിന് ഗുജറാത്തില്‍ ദളിത് യുവാവിനെ കൊലപ്പെടുത്തി. ഭാവ്‌നഗറിന് സമീപം തിംബിയില്‍ 21കാരനായ പ്രദീപ് റാഥോഡാണ് കൊല്ലപ്പെട്ടത്. രണ്ട് മാസം മുമ്പാണ് പ്രദീപ് സ്വന്തം ആവശ്യങ്ങള്‍ക്കായി കുതിരയെ വാങ്ങിയത്. പക്ഷേ, അന്ന് മുതല്‍ തന്നെ ഇതിനെതിരെ ഉയര്‍ന്ന ജാതിക്കാര്‍ ഭീഷണിയുമായി എത്തിയിരുന്നു. ഇതേത്തുടര്‍ന്ന് കുതിരയെ വില്‍ക്കാന്‍ പ്രദീപ് ഒരുങ്ങിയെങ്കിലും താന്‍ അനുവദിച്ചില്ലെന്ന് പിതാവ് കലുഭായ് റാഥോഡ് പറഞ്ഞു.

ഭീഷണികള്‍ക്കിടയില്‍ കഴിഞ്ഞ ദിവസം തന്റെ കുതിരപ്പുറത്ത് കയറി സമീപത്തെ പാടത്തേക്ക് പോയതായിരുന്നു പ്രദീപ്. ഏറെ നേരം കഴിഞ്ഞും തിരിച്ചുവരാത്തതിനെ തുടര്‍ന്ന് അന്വേഷിച്ച് ചെന്നപ്പോള്‍ പാടത്തിന് സമീപം കൊല്ലപ്പെട്ട നിലയില്‍ കുതിരയെ കണ്ടെത്തി. അല്‍പ്പം മാറി പ്രദീപിന്റെ മൃതദേഹവും ഉണ്ടായിരുന്നു. നേരത്തെ ഭീഷണിയുമായെത്തിയവര്‍ കൊലപ്പെടുത്തിയതെന്നാണ് പ്രാഥമിക നിഗമനം. കലുഭായിയുടെ പരാതി പ്രകാരം, കൊലപാതകികള്‍ എന്ന് സംശയിക്കുന്ന മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. കേസ് അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറുകയും ചെയ്തു. പ്രദേശത്ത് സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് തിംബി ഗ്രാമത്തില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തി. പ്രതികളെ അറസ്റ്റ് ചെയ്യാതെ പ്രദീപിന്റെ മൃതദേഹം ഏറ്റുവാങ്ങില്ലെന്ന് പ്രദീപിന്റെ പിതാവും ബന്ധുക്കളും വ്യക്തമാക്കി.

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഗുജറാത്തില്‍ ദളിതുകള്‍ക്ക് നേരെയുള്ള ആക്രമണം വര്‍ധിക്കുകയാണ്. 2015ല്‍ സൗരാഷ്ട്ര മേഖലയിലെ ഉനയില്‍ ദളിതുകള്‍ക്ക് നേരെ ആക്രമണങ്ങളുടെ പരമ്പരയാണ് അരങ്ങേറിയത്. മീശ വളര്‍ത്തിയതിന് പോ ലും ഇവിടെ ദളിതുകള്‍ ആക്രമണം നേരിടേണ്ടിവന്നു.

Latest