Connect with us

Kerala

കുത്തിവെപ്പ് മരുന്നുകള്‍ തലേദിവസം സിറിഞ്ചില്‍ നിറച്ചുവെച്ചത് വിവാദമാകുന്നു

Published

|

Last Updated

കൊച്ചി: കുട്ടികള്‍ക്ക് എടുക്കേണ്ട കുത്തിവെപ്പ് മരുന്നുകള്‍ തലേദിവസം രാത്രി സിറിഞ്ചില്‍ നിറച്ചുവെച്ചത് വിവാദമാകുന്നു. സംഭവത്തില്‍ ഡ്യൂട്ടി നഴ്‌സിനോട് നിര്‍ബന്ധിത അവധിയില്‍ പ്രവേശിക്കാന്‍ ഡി എം ഒ ഉത്തരവിട്ടു. മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ കുട്ടികളുടെ വാര്‍ഡില്‍ ഞായറാഴ്ച രാത്രിയായിരുന്നു സംഭവം.

ആറ് മാസം മുതല്‍ 15 വയസ്സ് വരെയുള്ള 17 കുട്ടികളാണ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. രാത്രി എട്ടിന് കുട്ടികള്‍ക്ക് കുത്തിവെപ്പ് നല്‍കിയിരുന്നു. അതിന് ശേഷം ഇന്നലെ രാവിലെ അഞ്ചിനാണ് കുത്തിവെപ്പ് നല്‍കേണ്ടത്. എന്നാല്‍ ഇന്നലെ രാത്രി പത്തോടെ സിറിഞ്ചുകളില്‍ മരുന്ന് നിറച്ചുവെച്ചിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട കുട്ടികളുടെ അമ്മമാര്‍ ചോദ്യം ചെയ്തതോടെ ബഹളമായി. സംഭവം അറിഞ്ഞ് കൂടുതല്‍ ബന്ധുക്കളും ആശുപ്രതിയിലെത്തി.

സംഭവം വിവാദമായതോടെ ആശുപത്രി അധികൃതര്‍ നിറച്ചു വെച്ച മരുന്നുകള്‍ നശിപ്പിക്കുകയും ഡ്യൂട്ടി നഴ്‌സിനെ മാറ്റി പകരം ആളെ നിയമിക്കുകയും ചെയ്തു. ചികിത്സയിലുള്ള കുട്ടിയുടെ മാതാവ് കൂടിയായ നഴ്‌സാണ് സംഭവം മറ്റുള്ളവരുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. തുടര്‍ന്ന് രക്ഷിതാക്കള്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് ഡി എം ഒ. എം കെ കുട്ടപ്പന്‍ അന്വഷണത്തിന് ഉത്തരവിടുകയും ഡ്യൂട്ടി നഴ്‌സിനോട് നിര്‍ബന്ധിത അവധിയില്‍ പ്രവേശിക്കാന്‍ നിര്‍ദേശം നല്‍കുകയും ചെയ്തു.

അതേസമയം, നഴ്‌സിന്റെ നടപടിക്കെതിരെ പ്രതിഷേധം വ്യാപകമായിട്ടുണ്ട്. യാതൊരു സുരക്ഷയും ഇല്ലാതെയാണ് മരുന്ന് നിറച്ച് സിറിഞ്ചുകള്‍ തുറസ്സായ സ്ഥലത്ത് വെച്ചത്. അണുബാധയുണ്ടായാല്‍ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമയെക്കാം. പിഞ്ചുകുഞ്ഞുങ്ങള്‍ക്കടക്കം എടുക്കേണ്ട ഇഞ്ചക്ഷന്‍ തികഞ്ഞ ലാഘവത്തോടെ കൈകാര്യം ചെയ്ത സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി ഉടന്‍ സ്വീകരിക്ക്രണമെന്നാണ് ജനങ്ങളുടെ ആവശ്യം.

 

Latest